സൌഹൃദമത്സരങ്ങളിൽ ബ്രസീലിനും ബെൽജിയത്തിനും ഈജിപ്തിനും തകർപ്പൻ ജയം

Football News Sports

ലോകകപ്പ് ആരവങ്ങൾക്കു ശേഷം നാഷൻസ് ലീഗ് മത്സരങ്ങൾ സജീവമാകുന്നതിനിടെയാണ് പ്രമുഖ അന്താരാഷ്ട്ര ടീമുകൾ സൌഹൃദമത്സരങ്ങൾക്കിറങ്ങിയത്. ഇന്നലെ നടന്ന പ്രധാന മത്സരങ്ങളിൽ വമ്പൻ ടീമുകൾക്കെല്ലാം ജയം നേടാനായി. സൌദി അറേബ്യയിൽ നടന്ന മത്സരത്തിൽ ആതിഥേയരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലോകഫുട്ബോൾ പ്രേമികളുടെ ഇഷ്ട ടീമായ ബ്രസീൽ പരാജയപ്പെടുത്തിയത്. 43-ാം മിനിറ്റിൽ ഗബ്രിയേൽ ജീസസും കളിയവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇഞ്ച്വറി ടൈമിൽ (96-ാം മിനിറ്റിൽ) അലക്സ് സാൻഡ്രോയും കാനറകൾക്കു വേണ്ടി ഗോളുകൾ നേടി. സൂപ്പർതാരവും ബ്രസീലിന്റെ ക്യാപ്റ്റനുമായ നെയ്മറിന്റെ അസിസ്റ്റിലാണ് ജീസസിന്റെ ഗോൾ. ബ്രസീലിനു വേണ്ടിയുള്ള 40-ാമത്തെ അസിസ്റ്റാണ് നെയ്മറിന്റേത്. മത്സരത്തിൽ സൌദി താരം മുഹമ്മദ് അൽ-ഒവൈസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി.

റഷ്യൻ ലോകകപ്പിൽ ഉജ്ജ്വല കുതിപ്പ് നടത്തിയ ബെൽജിയം സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ബെൽജിയം സ്റ്റാർ സ്ട്രൈക്കർ റൊമേലു ലുകാകു ഇരട്ടഗോളുകൾ നേടി. ഗോൾരഹിത സമനിലയിലായ ആദ്യ പകുതിക്കു ശേഷം 58-ാം മിനിറ്റിലാണ് ലുകാകു ബെൽജിയത്തിനായി ആദ്യ ഗോൾ നേടിയത്. 76-ാം മിനിറ്റിൽ മരിയോ ഗബ്രാനോവിച്ച് സ്വിറ്റ്സർലണ്ടിനു വേണ്ടി വലകുലുക്കിയതോടെ മത്സരം സമനിലയിലായി. എന്നാൽ 84-ാം മിനിറ്റിൽ ലുകാകു രണ്ടാമതും ഗോൾ നേടിയതോടെ ബെൽജിയം മുന്നിലെത്തി. റഷ്യൻ ലോകകപ്പിൽ സെർബിയക്കെതിരെ വിജയവും ബ്രസീലിനോടും കൊസ്റ്റാറിക്കയോടും സമനിലയും നേടിയ സ്വിറ്റ്സർലണ്ട് പ്രീക്വാർട്ടറിൽ സ്വീഡനോട് ഒരു ഗോളിന് തോറ്റാണ് പുറത്തായത്.

മറ്റൊരു മത്സരത്തിൽ ആഫ്രിക്കൻ ടീമായ സ്വാസിലാൻഡിനെ സൂപ്പർതാരം സലാഹിന്റെ ഈജിപ്ത് 4-1 ന് തകർത്തു. മത്സരത്തിൽ സലാഹ് തകർപ്പനൊരു കോർണർ കിക്കിലൂടെ ഗോൾ നേടുകയും ചെയ്തു. കഴിഞ്ഞ സൌഹൃദ മത്സരത്തിൽ അർജന്റീനയോട് നാലു ഗോളുകൾക്ക് തോറ്റിരുന്നു ഈജിപ്ത്. ആഫ്രിക്കൻ നാഷൻസ് കപ്പിനുള്ള യോഗ്യതാ മത്സരത്തിലാണ് ഈജിപ്തിന്റെ തകർപ്പൻ വിജയം.

റഷ്യൻ ലോകകപ്പിൽ സെമിഫൈനലിൽ പരസ്പരം ഏറ്റുമുട്ടിയ ക്രൊയേഷ്യയും ഇംഗ്ലണ്ടും നാഷൻസ് ലീഗിൽ ഒരു തവണ കൂടി നേർക്കുനേർ മത്സരിച്ചു. ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചാണ് ക്രൊയേഷ്യ ഫൈനലിലെത്തിയത്. ഇത്തവണ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. നാഷൻസ് ലീഗിന്റെ ലീഗ് എ-യിൽ ഗ്രൂപ്പ് നാലിൽ സ്പെയിനാണ് ഇരു ടീമുകളും കൂടാതെയുള്ളത്. കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യ സ്പെയിനിനോട് എതിരില്ലാത്ത ആറു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.

മറ്റൊരു മത്സരത്തിൽ റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ കണ്ട കരുത്തരായ ഉറുഗ്വേയെ ദക്ഷിണകൊറിയ അട്ടിമറിച്ചു. 2-1 നാണ് ദക്ഷിണകൊറിയയുടെ ജയം. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും വീണത്. 66-ാം മിനിറ്റിൽ ഗോൾ നേടി ഏഷ്യൻ ടീം ആദ്യം മുന്നിലെത്തി. 72-ാം മിനിറ്റിൽ ഉറുഗ്വേ ഗോൾ മടക്കി. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലാതിരുന്ന കൊറിയ 79-ാം മിനിറ്റിൽ വീണ്ടും തിരിച്ചടിച്ചു. ലോകകപ്പിൽ നിന്ന് ഗ്രൂപ്പ് റൌണ്ടിൽ തന്നെ പുറത്തായെങ്കിലും ലോകചാമ്പ്യന്മാരായി വന്ന ജർമനിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഹീറോകളായാണ് ഏഷ്യൻ ടീം നാട്ടിലേക്ക് യാത്രതിരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *