മെസ്സിയില്ലാതെയും തകർപ്പൻ ജയം സ്വന്തമാക്കി അർജന്റീന; ഇറാഖിനെ തോൽപിച്ചത് 4-0 ന്

Football News Sports

സൂപ്പർതാരം മെസ്സി കളിക്കാനില്ലാതിരുന്നിട്ടും മികച്ച വിജയം നേടി അർജന്റീന. റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടന്ന സൌഹൃദമത്സരത്തിൽ ഏഷ്യൻ ശക്തികളായ ഇറാഖായിരുന്നു അർജന്റീനയുടെ എതിരാളികൾ. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലാറ്റിനമേരിക്കൻ കരുത്തർ ജയം പിടിച്ചെടുത്തത്. ലോകകപ്പിന് ശേഷം അർജന്റീനയുടെ ദേശീയ ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ് മെസ്സി.

കളിയുടെ 18-ാം മിനിറ്റിൽ തന്നെ അർജന്റീന മുന്നിലെത്തി. ലോട്ടാറോ മാർട്ടിനെസ്സാണ് ആദ്യഗോൾ നേടിയത്. ഇതോടെ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലെത്തിയ അർജന്റീന രണ്ടാം പകുതിയിലാണ് ബാക്കി മൂന്ന് ഗോളുകളും നേടിയത്. 53-ാം മിനിറ്റിൽ റോബർട്ടോ പെരൈരയും 82-ാം മിനിറ്റിൽ ജെർമൻ പെസെല്ലയും 91-ാം മിനിറ്റിൽ ഫ്രാങ്കോ കെർവിയും ഇറാഖിന്റെ ഗോൾവല കുലുക്കി. യുവന്റസിനു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവക്കുന്ന പൌലോ ഡിബെല ഇറാഖിനെതിരെ കളത്തിലിറങ്ങിയിരുന്നു.

ഇറാഖിനെതിരെ സൌഹൃദമത്സരത്തിനിറങ്ങിയ അർജന്റീന ടീം (via Twitter)

ലോകകപ്പിലെ തോൽവിക്കു ശേഷം കോച്ച് ജോർജ്ജ് സാംപോളി സ്ഥാനമൊഴിഞ്ഞിരുന്നു. ലയണൽ സ്കാലോനിയാണ് നിലവിലെ കോച്ച്. സ്കാലോനി സ്ഥാനമേറ്റെടുത്ത ശേഷം നടന്ന മൂന്ന് സൌഹൃദമത്സരങ്ങളിലും അർജന്റീന ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ഗ്വാട്ടിമാലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കും കൊളംബിയക്കെതിരെ ഗോൾരഹിത സമനിലയും ഒടുവിൽ ഇറാഖിനെതിരെ എതിരില്ലാത്ത നാലു ഗോളിന്റെ ആധികാരിക ജയവുമാണ് മുൻ ലോകചാമ്പ്യന്മാരായ അർജന്റീന സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *