ഉസ്മാൻ ഖ്വാജയുടെ ഒറ്റയാൾപ്പോരിൽ പാകിസ്ഥാനെതിരെ സമനില നേടി ഓസ്ട്രേലിയ

Cricket News Sports

ദുബായിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ കഷ്ടിച്ച് രക്ഷപ്പെട്ട് ഓസ്ട്രേലിയ. ഓപ്പണർ ഉസ്മാൻ ഖ്വാജയുടെ സെഞ്ച്വറി പ്രകടനമാണ് തോൽവിയുറപ്പിച്ച ഓസ്ട്രേലിയയെ കരകയറ്റിയത്. അഞ്ചാം ദിനത്തിൽ 3 ന് 136 എന്ന നിലയിൽ പുനരാരംഭിച്ച ഓസീസിനു വേണ്ടി ഖ്വാജ മികച്ച ഇന്നിങ്സാണ് കാഴ്ച്ചവച്ചത്. അവസാനദിനം ശേഷിക്കുന്ന എട്ടു വിക്കറ്റുകളും നേടി വിജയിക്കാമെന്ന പാകിസ്ഥാന്റെ കണക്കുകൂട്ടലുകൾ തെറ്റി. 302 പന്തിൽ 141 റൺസാണ് ഉസ്മാൻ ഖ്വാജ നേടിയത്. ട്രേവിസ് ഹെഡ് (72), ക്യാപ്റ്റൻ ടിം പെയ്ൻ (61*) എന്നിവർ ഓസീസിന് വേണ്ടി അർദ്ധസെഞ്ച്വറി നേടി.

462 റൺസായിരുന്നു പാകിസ്ഥാൻ ഓസ്ട്രേലിയക്കു മുമ്പിൽ വച്ച വിജയലക്ഷ്യം. ഓസീസിന്റെ രണ്ടാം ഇന്നിങ്സ് 8 ന് 362 റൺസെന്ന നിലയിൽ അവസാനിച്ചതോടെ മത്സരം സമനിലയിലാകുകയായിരുന്നു. നാലാം ദിനം അവസാന സെഷനിൽ തങ്ങളുടെ രണ്ടാം ഇന്നിങ്സിന് മികച്ച തുടക്കം നൽകാൻ ഓസീസ് ഓപ്പണർമാർക്കായി. ആരോൺ ഫിഞ്ചും (49) ഖ്വാജയും ചേർന്ന് ആദ്യവിക്കറ്റിൽ 87 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 87 ൽ വച്ച് മുഹമ്മദ് അബ്ബാസ് ഫിഞ്ചിനെ പുറത്താക്കി. അതേ സ്കോറിൽ തുടർച്ചയായ രണ്ടു വിക്കറ്റുകൾ കൂടി അബ്ബാസ് നേടിയതോടെ ഓസീസ് ആധിപത്യമവസാനിച്ചെന്ന് ഉറപ്പിച്ചു. പക്ഷേ, ഖ്വാജയും ട്രേവിസ് ഹെഡും ചേർന്നുള്ള കൂട്ടുകെട്ട് അഞ്ചാം ദിനം ലഞ്ചിനു ശേഷമാണ് പിരിഞ്ഞത്. ഇരുവരും ചേർന്ന് 132 റൺസിന്റെ സഖ്യമാണ് സൃഷ്ടിച്ചത്. ഇത് ഓസീസ് ഇന്നിങ്സിന് ബലമേകി.

മത്സരം സമനിലയിലായ ശേഷം ഓസീസ് ക്യാപ്റ്റൻ ടിം പെയ്ന് കൈ കൊടുക്കുന്ന പാക് താരം യാസിർ ഷായും കൂട്ടരും
(കടപ്പാട്: icc)

അവസാന ദിവസത്തെ അവസാന സെഷനിൽ സ്കോർ 331 ൽ നിൽക്കേ ആറാമനായാണ് ഖ്വാജ പുറത്താകുന്നത്. യാസിർ ഷായ്ക്കാണ് വിക്കറ്റ്. അപ്പോഴേക്കും ഓസീസ് സമനില ഉറപ്പിച്ചിരുന്നു. യാസിർ ഷാ നാലു വിക്കറ്റുകളെടുത്ത് വാലറ്റത്ത് അപകടം വിതച്ചെങ്കിലും ടിം പെയ്ൻ (പുറത്താകാതെ 61) ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെ ബാറ്റു വീശിയതോടെ 8 വിക്കറ്റ് നഷ്ടത്തിൽ ഓസീസ് 362 റൺസെടുത്തു. നേരത്തെ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 482 റൺസും രണ്ടാം ഇന്നിങ്സിൽ 181 ന് 6 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയും ചെയ്തിരുന്നു. ഓസീസിന്റെ ആദ്യ ഇന്നിങ്സ് 202 റൺസിൽ അവസാനിച്ചിരുന്നു. കന്നി ടെസ്റ്റിനിറങ്ങിയ ബിലാൽ ആസിഫിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയയുടെ തകർച്ചക്ക് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *