‘മീ റ്റൂ’ ക്യാമ്പയിനിൽ കുടുങ്ങി ശ്രീലങ്കൻ വെറ്ററൻ ക്രിക്കറ്റ് താരം ലസിത് മലിംഗയും; ആരോപണവുമായി ഇന്ത്യൻ യുവതി രംഗത്ത്

Cricket News Others Sports

ലോകം മുഴുവൻ ആഞ്ഞടിച്ച മൂവ്മെന്റാണ് ‘മീ റ്റൂ’. സ്ത്രീകൾ തങ്ങൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ സമൂഹത്തിനു മുമ്പിൽ ധൈര്യപൂർവ്വം വിളിച്ചുപറയുന്ന പുതിയ ക്യാമ്പയിനാണ് ഇത്. ആദ്യം ഹോളിവുഡും പിന്നീട് ഇങ്ങ് ഇന്ത്യൻ രാഷ്ട്രീയവും സിനിമാലോകവും ഞെട്ടിത്തരിച്ച മീ റ്റൂ ക്യാമ്പയിനിൽ ഫുട്ബോൾ ലോകത്തെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വരെ ആരോപണവിധേയനാണ്. ഇപ്പോഴിതാ ശ്രീലങ്കൻ ക്രിക്കറ്റിലെ വെറ്ററൻ താരം ലസിത് മലിംഗയും ആരോപവിധേയനായിക്കഴിഞ്ഞു.

മുംബൈയിൽ തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി ഒരു യുവതി രംഗത്തെത്തിയിരിക്കുന്നു. യുവതിക്കു വേണ്ടി ട്വിറ്ററിൽ സുപ്രസിദ്ധ ഇന്ത്യൻ ഗായിക ചിന്മയി ശ്രീപാദയാണ് കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർലീഗ് നടക്കുന്ന സമയത്ത് മുംബൈയിലെ ഒരു ഹോട്ടലിൽ വച്ച് ലസിത് മലിംഗ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ കുറിപ്പാണ് ശ്രീപാദ തന്റെ ട്വിറ്റർ അക്കൌണ്ടിലൂടെ പങ്കുവച്ചത്. തന്റെ ഒരു സുഹൃത്തിനെ അന്വേഷിച്ച് ഹോട്ടലിലെത്തിയപ്പോൾ സുഹൃത്ത് മലിംഗയുടെ റൂമിലുണ്ടെന്ന് പറഞ്ഞു. എന്നാൽ അവിടെ ചെന്നപ്പോൾ സുഹൃത്തിനെ കണ്ടില്ല. പകരം ക്രിക്കറ്റ് താരം തന്നെ ബെഡ്ഡിലേക്ക് വലിച്ചിട്ടെന്നും യുവതി വെളിപ്പെടുത്തുന്നു.

പരിക്കുമൂലം ദീർഘനാളായി പുറത്തിരുന്ന താരം കഴിഞ്ഞ മാസമാണ് ഏഷ്യാകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കക്കു വേണ്ടി പന്തെറിയാനെത്തിയത്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ മലിംഗ പത്ത് സീസണുകളിലായി 110 മത്സരങ്ങളിൽ നിന്ന് 154 വിക്കറ്റുകൾ എറിഞ്ഞുവീഴ്ത്തിയിട്ടുണ്ട്. ഐ.പി.എല്ലിൽ നിലവിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരവും മലിംഗയാണ്. പുതിയ ലൈംഗികാരോപണം ശ്രീലങ്കൻ ക്രിക്കറ്റിനെയും ഇന്ത്യൻ ക്രിക്കറ്റിനെയും പിടിച്ചുലയ്ക്കുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *