ഇക്കണക്കിന് പോയാൽ പോഗ്ബ മാഞ്ചസ്റ്റർ വിടുമെന്ന് ഫ്രാൻസിന്റെ ലോകകപ്പ് കോച്ച്

Football News Sports

മാഞ്ചസ്റ്റർ യുണൈറ്റഡിലെ ആഭ്യന്തപോര് മുറുകുകയാണ്. ടീം തുടർച്ചയായി മത്സരങ്ങൾ തോൽക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. യുണൈറ്റഡ് കോച്ച് ജോസ് മൌറീന്യോയുടെ പിടിവാശിയാണ് ടീമിനെ അവതാളത്തിലാക്കുന്നതെന്ന് എല്ലാവരും ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. ലോകകപ്പ് താരം പോൾ പോഗ്ബയുമായി മൌറീന്യോ അത്ര സുഖകരമായ ബന്ധത്തിലല്ലെന്ന നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകളാണ്. ഈ സാഹചര്യത്തിൽ പോഗ്ബ ഉടനെ ക്ലബ്ബ് വിടാൻ സാധ്യതയുണ്ടെന്നാണ് ഫ്രാൻസിന്റെ ലോകകിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച കോച്ച് ദിദിയെർ ഡെഷാംപ്സ് പറയുന്നത്.

അവസാന അഞ്ച് മത്സരങ്ങളിൽ മൂന്ന് സമനിലയും ഒരു ജയവും ഒരു പരാജയവുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്കോർ കാർഡ്. ന്യൂകാസിലിനെതിരായ ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചതാണ് യുണൈറ്റഡിന്റെ ഈയടുത്ത ഏറ്റവും മികച്ച പ്രകടനം. ടീമിലെ ഭിന്നതയാണ് തോൽവികളിലേക്ക് നയിക്കുന്നതെന്നും ആക്ഷേപമുണ്ടായിരുന്നു. എന്നാൽ കോച്ചെന്ന നിലയിൽ പ്രശ്നം ഒത്തുതീർക്കാൻ മൌറീന്യോ ശ്രമിക്കാത്തത് കളിക്കാർക്കിടയിലും കടുത്ത അഭിപ്രായഭിന്നതയുണ്ടാക്കുന്നുണ്ട്.

ലോകത്തെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ പോൾ പോഗ്ബ ഫ്രാൻസിന്റെ ലോകകപ്പ് നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. ലോകകപ്പിന് ശേഷം താരം ക്ലബ്ബ് വിടുമെന്ന വാർത്തകളുമുണ്ടായിരുന്നു. എന്നാൽ താരം ഇത് നിഷേധിച്ചു. നിലവിലെ സാഹചര്യത്തിൽ താരത്തെ റാഞ്ചാൻ മുമ്പിലുള്ളത് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസാണ്. 2012 മുതൽ 2016 വരെ യുവന്റസ് താരവുമായിരുന്നു പോഗ്ബ. 26 കാരനായ താരത്തിന്റെ ഇറ്റലിയിലേക്കുള്ള തിരിച്ചുപോക്ക് ഉടനെയുണ്ടാകുമെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *