ഭാഗ്യക്കേട് മായ്ക്കാനാകുമോ ഉമേഷിനും രാഹുലിനും? വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് നാളെ ഹൈദരാബാദ്

Cricket News Sports

ഭാഗ്യക്കേടുകൊണ്ടു മാത്രം ഇന്ത്യൻ ടീമിൽ ഇടംനേടാനാകാതെ പോയ രണ്ടു പേരാണ് ഉമേഷ് യാദവും ലോകേഷ് രാഹുലും. അവസരം കിട്ടുമ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന ഇരുവർക്കും താരബാഹുല്യമുള്ള ടീം ഇന്ത്യയിൽ ഇനിയും സ്ഥിരമാകാൻ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. പേസ് ബൌളർ ഉമേഷ് യാദവിനെ നിർഭാഗ്യവാൻ എന്നാണ് ഇന്ത്യൻ ബൌളിംഗ് കോച്ച് ഭരത് അരുൺ വിശേഷിപ്പിച്ചത്. ആ വിശേഷണത്തിന് സാധൂകരണം നൽകുന്ന കാര്യങ്ങളാണ് സമീപകാലത്ത് സംഭവിച്ചത്.

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് ഇന്ത്യ വൻ മാർജിനിൽ വിജയിച്ചിരുന്നു. മത്സരത്തിൽ താരങ്ങളായത് ബാറ്റ്സ്മാന്മാരും സ്പിന്നർമാരും ആയിരുന്നെങ്കിലും ഉമേഷ് യാദവിന്റെ മികച്ച പേസും വിക്കറ്റുനേട്ടവും ശ്രദ്ധിക്കപ്പെട്ടു. ഈ വർഷം വെറും മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് ഉമേഷിന് കളിക്കാനായത്. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ സ്ഥാനം നേടിയെങ്കിലും ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാൻ അവസരം ലഭിച്ചത്.

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിനു മുമ്പ് ഹൈദരാബാദിൽ പരിശീലനത്തിലേർപ്പെടുന്ന ലോകേഷ് രാഹുൽ
(കടപ്പാട്: bcci)

ഈ വർഷത്തെ ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനു വേണ്ടി ഒറ്റയാൾ പ്രകടനങ്ങൾ നടത്തി റൺവേട്ട നടത്തിയതിനു ശേഷമാണ് ഇന്ത്യയുടെ നിശ്ചിത ഓവർ മത്സരത്തിൽ ലോകേഷ് രാഹുൽ പ്രധാനിയാകുന്നത്. പക്ഷേ പലപ്പോഴും ഇടങ്കയ്യൻ ബാറ്റ്സ്മാൻ ശിഖർ ധവാന്റെയും ഹിറ്റ്മാൻ രോഹിത് ശർമയുടെയും സാന്നിദ്ധ്യം രാഹുലിനെ തഴയാൻ കാരണമായി. കോഹ്ലിയുടെ മൂന്നാം നമ്പറിലാണ് രാഹുൽ പലപ്പോഴും കളിച്ചത്. ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചതെങ്കിലും അവസാന ടെസ്റ്റിൽസെഞ്ച്വറിയടിച്ച് ഫോം തെളിയിച്ച താരം ഏഷ്യാകപ്പിൽ തനിക്കു ലഭിച്ച ഏക അവസരത്തിലും സെഞ്ച്വറി നേടിയിരുന്നു. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ സ്ഥാനം നേടിയെങ്കിലും ആദ്യ മത്സരത്തിലും റിസർവ് ബെഞ്ചിലിരിക്കാനായിരുന്നു വിധി.

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഈ രണ്ടു താരങ്ങൾക്കും അവസരം ലഭിച്ചു എന്നതാണ് സന്തോഷവാർത്ത. ഉമേഷ് തുടർച്ചയായി രണ്ടാം ടെസ്റ്റ് കളിക്കുന്നത് ഈ വർഷത്തെ ആദ്യ സംഭവമാണ്. ലോകേഷ് രാഹുലും അവസാന 12 ൽ ഉണ്ട്. ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ശർദുൾ താക്കൂർ എന്നീ മൂന്ന് പേസർമാരെയാണ് ടീം മാനേജ്മെന്റ് അവസാന പന്ത്രണ്ടു പേരിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ട് പേസർമാരെ മാത്രമാണ് ഇറക്കുന്നതെങ്കിൽ ശർദുൾ താക്കൂറിന്റെ ടെസ്റ്റ് അരങ്ങേറ്റം ഇനിയും വൈകും. നിർഭാഗ്യങ്ങളെ കാറ്റിൽ പറത്താൻ ഉമേഷിനും രാഹുലിനും ഇനിമുതൽ സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകർ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *