രണ്ട് പതിറ്റാണ്ടിനു ശേഷം ഇന്ത്യ-ചൈന യുദ്ധം; ചരിത്രം സൃഷ്ടിക്കാൻ ടീം ഇന്ത്യ

Football News Sports

രണ്ട് പതിറ്റാണ്ടിനൊടുവിൽ ഒരു ഇന്ത്യ-ചൈന ഫുട്ബോൾ പോരാട്ടം. ചൈനക്കെതിരായ സൌഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സുനിൽ ഛേത്രി തന്നെയായിരിക്കും ക്യാപ്റ്റൻ. ചൈനയിലെ സുസോവിൽ ഒക്ടോബർ 13 നാണ് മത്സരം നടക്കുക. ഇന്ത്യൻ ഹെഡ്കോച്ചായ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ആണ് ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചത്. ഇന്ത്യൻ സ്ട്രൈക്കർ ബൽവന്ത് സിങിനെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. താരത്തിന്റെ പാസ്പോർട്ടിന്റെ കാലാവധി തീർന്നതിനാൽ ചൈന വിസ നിഷേധിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് പ്രധാന താരങ്ങൾ ടീമിലിടം നേടിയത് ആരാധകരെ സംതൃപ്തിപ്പെടുത്തുന്നതാണ്. ക്യാപ്റ്റൻ സന്ദേശ് ജിങ്കനും അനസ് എടത്തൊടികയും ടീം ഇന്ത്യയുടെ പ്രതിരോധ കുന്തമുനകളാകും. മിഡ്ഫീൽഡർ ഹാലിചരൺ നർസാരിയാണ് മറ്റൊരു താരം. നർസാരിയുടെ ഗോൾമികവിൽ കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് വിജയക്കൊടി പാറിച്ചിരുന്നു. അന്താരാഷ്ട്ര സൌഹൃദമത്സരങ്ങളുടെ ഭാഗമായി ഇന്ത്യൻ സൂപ്പർലീഗ് മത്സരങ്ങൾക്ക് കുറച്ച് ദിവസങ്ങളുടെ ഇടവേളയുണ്ട്.

ഇന്ത്യൻ ടീം പരിശീലനത്തിനിടെ
(കടപ്പാട്: IndianFootball-Twitter)

മുമ്പ് 17 തവണ ഇന്ത്യയും ചൈനയും നേർക്കുനേർ മത്സരിച്ചിട്ടുണ്ട്. ഇതിൽ 12 തവണയും വിജയിച്ചത് ചൈനയായിരുന്നു. ബാക്കിയുള്ള അഞ്ച് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. ഇന്ത്യയും ചൈനയും അവസാനമായി കളിച്ചത് 1997 ൽ ആണ്. കൊച്ചിയിൽ നടന്ന അന്നത്തെ നെഹ്റു കപ്പ് മത്സരത്തിൽ ചൈന 2-1 ന് വിജയിക്കുകയായിരുന്നു. 21 വർഷങ്ങൾക്കു ശേഷം നടക്കുന്ന മത്സരത്തെ ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ നോക്കിക്കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *