മൈതാനത്ത് ടെന്റ് കെട്ടി ഒറ്റയ്ക്ക് ജീവിച്ച ബാലൻ; അണ്ടർ-19 ഏഷ്യാകപ്പ് ഹീറോയുടേത് ദുരിത ജീവിതം

Cricket News Others Sports Story

ബംഗ്ലാദേശിൽ നടന്ന അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ചർച്ചയായത് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഒരു താരത്തിന്റെ ജീവിതകഥയാണ്. ഇന്ത്യക്കു വേണ്ടി ഓപ്പണിംഗിനിറങ്ങി 85 റൺസ് നേടിയ യശ്വസ്വി ജൈസ്വാളിന്റെ ജീവിതമാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ച. ഏഷ്യാകപ്പ് ടൂർണമെന്റിൽ 79.50 ശരാശരിയിൽ 319 റൺസ് സ്വന്തമാക്കിയ യശ്വസ്വി ഉജ്ജ്വല പ്രകടനമാണ് കാഴ്ച്ചവച്ചത്. ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തതും യശ്വസ്വി ജൈസ്വാളിനെയായിരുന്നു.

ഇതിഹാസതാരം രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ അണ്ടർ-19 സ്ക്വാഡിലേക്കുള്ള യശ്വസ്വിയുടെ യാത്ര അത്യധികം കഷ്ടപ്പാടും കഠിനാധ്വാനവും ദുരിതവും പട്ടിണിയും നിറഞ്ഞതായിരുന്നു. ഉത്തർപ്രദേശിലെ അലഹാബാദിനും വാരണാസിക്കും ഇടയിലുള്ള ബദോഹിയിലെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന യശ്വസ്സിയുടെ സ്വപ്നങ്ങളിൽ ചെറുപ്പം മുതൽ ക്രിക്കറ്റ് മാത്രമായിരുന്നു. ഗ്രാമത്തിലെ അച്ഛന്റെ ഒരു ചെറിയ കച്ചവട സ്ഥാപനമാണ് കുടുംബത്തിന്റെ വരുമാനം.

അണ്ടർ-19 ഏഷ്യാകപ്പിലെ മാൻ ഓഫ് ദ സീരീസ് അവാർഡുമായി യശ്വസ്വി ജൈസ്വാൾ
(കടപ്പാട്: bcci)

താരത്തിന് പത്തു വയസ്സുള്ളപ്പോൾ മുംബൈയിലുള്ള അമ്മാവന്റെ വീട്ടിലേക്ക് താമസിക്കാൻ വരുന്നു. മുംബൈയെന്ന വൻ നഗരത്തിന്റെ കാഴ്ച്ചകളെല്ലാം അന്ന് ആ ബാലന് വലിയ അത്ഭുതങ്ങളായിരുന്നു. ഒപ്പം മുംബൈയിലെ ക്രിക്കറ്റ് സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശവും കുഞ്ഞുതാരത്തിനുണ്ടായിരുന്നു. ബന്ധുക്കളും മാതാപിതാക്കളും ഇതിന് പൂർണ്ണ പിന്തുണയും നൽകി.

മുംബൈയിലെ ആസാദ് മൈതാനത്തായിരുന്നു യശ്വസ്വിയുടെ പരിശീലനം. ദിവസവും താമസസ്ഥലമായ ദാദറിൽ നിന്നും ആസാദ് മൈതാനത്തേക്ക് വലിയ ടോൾ നൽകി തിരക്കേറിയ റോഡുകൾ താണ്ടിവേണം എത്താൻ. ഇത് താരത്തെ പ്രതിസന്ധിയിലാക്കി. അതുകൊണ്ട് മൈതാനത്തിനടുത്ത് തന്നെ ഒരു താമസസ്ഥലവും കണ്ടെത്തി. താമസം കൽബാദേവി ഡയറിയിൽ ചെറിയ സഹായങ്ങൾ ചെയ്തു കൊടുത്താൽ താമസിക്കാൻ ഇടം നൽകാമെന്ന് അവിടത്തെ അധികൃതർ പറഞ്ഞു. എന്നാൽ ക്രിക്കറ്റിന് വലിയ ഊർജ്ജം വേണ്ടിവന്ന താരത്തിന് വാഗ്ദാനം ചെയ്തപോലെ ഡയറിയിൽ സഹാക്കാൻ സാധിച്ചില്ല. ഒരു ദിവസം കളി കഴിഞ്ഞു വന്ന കുഞ്ഞുതാരം കണ്ടത് തന്റെ ലഗ്ഗേജുകളെല്ലാം തന്റെ റൂമിൽ നിന്ന് പുറത്തിട്ടിരിക്കുന്നതാണ്.

അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീം
(കടപ്പാട്: bcci)

എങ്ങോട്ടു പോകണമെന്നറിയാതെ ആ കുഞ്ഞുതാരം മുംബൈ മഹാനഗരത്തിൽ കുറച്ചു നിമിഷം ഒറ്റയ്ക്കായി. എന്നാൽ തോറ്റുകൊടുക്കാൻ കുഞ്ഞു യശ്വസ്വി തയ്യാറായിരുന്നില്ല. നിലവിലെ പ്രതിസന്ധിക്ക് താരം തന്നെ ഒരു പരിഹാരവും കണ്ടെത്തി. പരിശീലനം കഴിഞ്ഞ് ഗ്രൌണ്ടിൽ തന്നെ താമസിക്കാം! ആഗ്രഹിച്ച പോലെ തന്നെ കാര്യങ്ങൾ നടന്നു. അവിടെയുള്ള മുസ്ലിം യുണൈറ്റഡ് ക്ലബ്ബിലെ ഇമ്രാൻ എന്ന വ്യക്തി താരത്തിനു വേണ്ടി ഗ്രൌണ്ടിൽ തന്നെ ഒരു ടെന്റ് കെട്ടിക്കൊടുക്കാൻ സഹായിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ കളി കഴിഞ്ഞെത്തുന്ന താരം ഗ്രൌണ്ടിനു സമീപം ഒരുക്കിയ ടെന്റിൽ തന്നെയായി താമസം. ഭക്ഷണത്തിനും ചെറിയ സമ്പാദ്യത്തിനുമായി സമീപത്തെ തെരുവുകളിൽ പാനിപൂരി വിൽക്കാനും താരം ശ്രമം നടത്തി.

ഗ്രൌണ്ടിൽ വന്നും പോയുമിരിക്കുന്നവർക്ക് ഇതൊരു കൌതുക കാഴ്ച്ചയായി. ഇതിനിടെ താരത്തിന്റെ മാതാപിതാക്കൾ തിരിച്ച് നാട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മികച്ചൊരു ക്രിക്കറ്റ് താരമായല്ലാതെ ഞാനിനി ഗ്രാമത്തിലേക്ക് തിരിച്ചുവരില്ലെന്ന് കുഞ്ഞുതാരം ഉറപ്പിച്ചു പറഞ്ഞു. ടെന്റിനകത്തെ താമസം വളരെ സന്തോഷത്തോടെയുള്ളതാണെന്നും ഭയപ്പെടേണ്ടെന്നും കുഞ്ഞുയശ്വസ്വി മാതാപിതാക്കളെ സമാധാനിപ്പിച്ചു.

ഇതിനിടയിലാണ് ഗ്രൌണ്ടിൽ സ്ഥിരമായി പരിശീലിപ്പിക്കാനായി വരാറുള്ള കോച്ച് ജ്വാലാ സിങ് താരത്തെ ശ്രദ്ധിക്കുന്നത്. ഗ്രൌണ്ടിലെ ജീവനക്കാരും മറ്റു താരങ്ങളും വഴി സിങ് യശ്വസ്വിയുടെ ഗ്രൌണ്ടിലെ ജീവിതം പറഞ്ഞറിഞ്ഞു. നെറ്റ്സിലെ പരിശീലനത്തിനിടെ ബാറ്റു ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു പിച്ചിൽ താരങ്ങളോട് കോച്ച് സിങ് ബാറ്റ് ചെയ്യാനാവശ്യപ്പെട്ടു. എല്ലാവരും വളരെ കഷ്ടപ്പെട്ടു. എന്നാൽ യശ്വസ്വി എല്ലാ പന്തുകളും വളരെ ക്ലീൻ ഹിറ്റ് ചെയ്തതോടെ കോച്ച് ആകൃഷ്ടനായി.

കോച്ച് ജ്വാല സിങിനോടൊപ്പം യശ്വസ്വി
(കടപ്പാട്: via Twitter)

അവസരങ്ങൾ കുറയുന്നതിനാൽ താൻ ക്രിക്കറ്റിൽ നിന്ന് പുറത്താകാൻ പോകുമെന്ന ഭയം താരം കോച്ചിനോട് പങ്കുവച്ചു. യശ്വസ്വിയെ സഹായിക്കാൻ സിങ് തീരുമാനിച്ചു. കാരണം യശ്വസ്വിയെ പോലെതന്നെ യു.പിയിൽ നിന്ന് ക്രിക്കറ്റ് മോഹവുമായി പണ്ട് മുംബൈയിലെത്തിയതായിരുന്നു ജ്വാല സിങും. തന്നെക്കൊണ്ടാകുന്നതെല്ലാം ചെയ്യാമെന്ന് കോച്ച് ഉറപ്പുനൽകി. പിന്നീട് സിങുമൊത്തുള്ള പരിശീലനമായി. പരിശീലനം തുടങ്ങിയ നാൾ മുതൽ കോച്ച് ശ്രദ്ധിച്ചത് യശ്വസ്വിയുടെ അമിതഭയമായിരുന്നു. ബാറ്റിംഗിൽ പരാജയപ്പെടുമോ എന്നും നേരത്തേ പുറത്താകുമോ എന്നും ശക്തമായി ഭയന്നിരുന്നു യശ്വസ്വി. ഇതുകാരണം ഷീൽഡ് ക്രിക്കറ്റിൽ എത്ര നിർബന്ധിച്ചിട്ടും താരം കളിക്കാൻ കൂട്ടാക്കിയില്ല.

അവസാനം ഒരു സ്കൂൾതല ക്രിക്കറ്റ് മാച്ചിന് യശ്വസ്വി ഏറെ പണിപ്പെട്ട് സമ്മതം മൂളി. ആദ്യ മത്സരത്തിൽ തന്നെ ‘ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ’ സ്ഥാനംപിടിച്ചാണ് യശ്വസ്വി അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ 319 റൺസ് അടിച്ചെടുത്ത താരം 99 റൺസ് വഴങ്ങി രണ്ടിന്നിങ്സിലുമായി 13 വിക്കറ്റുകളും നേടി. സ്കൂൾതലത്തിൽ ഒരു മത്സരത്തിൽ ഇത്രയധികം റൺസും വിക്കറ്റുകളും നേടുന്ന താരമായി മാറി യശ്വസ്വി. വിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി കുറിച്ച പൃഥ്വിഷായെയും മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട് ജ്വാല സിങ്.

കൌമാരതാരമായിരുന്നിട്ടും 52 സെഞ്ച്വറികളും 200 വിക്കറ്റുകളും ഇതിനോടകം നേടിയിട്ടുണ്ട് താരം. ഇതൊരു അപൂർവ്വനേട്ടമാണ്. ഏഷ്യാകപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ മികവിൽ താരത്തിന് അടുത്ത സീസണിലെ മുംബൈയുടെ രഞ്ജി ടീമിൽ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം തുടർന്നാൽ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വിളി അധികം വൈകാതെയുണ്ടാകുമെന്ന് കോച്ച് ജ്വാല സിങിനും യശ്വസ്വിയുടെ ജീവിതമറിയുന്നവർക്കും ഉറപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *