ഏഷ്യാകപ്പ്; മുഷ്ഫിഖ്വർ റഹീമിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന് തകർപ്പൻ ജയം

Cricket News Sports

യു.എ.ഇയിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശിന് ആവേശകരമായ ജയം. കരുത്തരായ ശ്രീലങ്കയെ 137 റൺസിനാണ് ബംഗ്ലാദേശ് അട്ടിമറിച്ചത്. ബംഗ്ലാദേശ് ബാറ്റ്സ്മാൻ മുഷ്ഫിഖ്വർ റഹീമിന്റെ തകർപ്പൻ സെഞ്ച്വറിയാണ് (144) വിജയത്തിൽ നിർണ്ണായകമായത്. ഒരു ബംഗ്ലാദേശ് ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന ഏകദിന സ്കോറാണ് റഹീം ശ്രീലങ്കയ്ക്കെതിരെ കുറിച്ചത്. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 261 റൺസ് പടുത്തുയർത്തി. മുഷ്ഫിഖ്വർ റഹീമിന്റെ സെഞ്ച്വറി പ്രകടനത്തിനു പുറമെ മുഹമ്മദ് മിതുൻ അർദ്ധസെഞ്ച്വറി (63) നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 105 റൺസിന് എല്ലാവരും പുറത്തായി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ തുടക്കത്തിൽ വിറപ്പിക്കാൻ ലങ്കയ്ക്കായി. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ സ്റ്റാർ ബൌളർ ലസിത് മലിംഗയുടെ തകർപ്പൻ പ്രകടനമാണ് ലങ്കയ്ക്ക് മികച്ച തുടക്കം നൽകിയത്. ആദ്യ ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്താൻ മലിംഗയ്ക്കായി. എന്നാൽ തുടക്കത്തിലെ പതർച്ചയ്ക്കു ശേഷം മൂന്നാം വിക്കറ്റിൽ ചുവടുറപ്പിച്ച മുഷ്ഫിഖ്വർ റഹീമും മുഹമ്മദ് മിതുനും ബംഗ്ലാദേശിനെ കരകയറ്റി. ഇരുവരും ചേർന്ന് 133 റൺസിന്റെ സഖ്യമുണ്ടാക്കി.

മുഷ്ഫിക്വർ റഹീമിന്റെ 144 റൺസാണ് ബംഗ്ലാദേശിന് മികച്ച സ്കോർ സമ്മാനിച്ചത്
(കടപ്പാട്: icc)

മിതുന്റെ പുറത്താകലിനു ശേഷം വീണ്ടും തകർച്ച മുന്നിൽ കണ്ട ബംഗ്ലാദേശിനെ കൈപിടിച്ചുയർത്തിയത് മുഷ്ഫിഖ്വർ റഹീമിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ്. 3 ന് 134 എന്ന നിലയിൽ നിന്നും 261 റൺസ് വരെ എത്തിച്ചത് റഹീം ഒറ്റയ്ക്കായിരുന്നു. റഹീമിനും മിതുനും കൂടാതെ മെഹദി ഹസ്സനാണ് (15) ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. മറ്റാർക്കും റഹീമിന് ശക്തമായ പിന്തുണ നൽകാൻ കഴിഞ്ഞില്ല.

മുഷ്ഫിഖ്വർ റഹീം 150 പന്തുകൾ നേരിട്ടാണ് 144 റൺസെടുത്തത്. നാല് കൂറ്റൻ സിക്സറുകളും 11 ഫോറുകളും പായിച്ച റഹീം അവസാനക്കാരനായാണ് പുറത്താകുന്നത്. മുഹമ്മദ് മിതുൻ 68 പന്തിൽ നിന്ന് രണ്ട് സിക്സറുകളും അഞ്ച് ഫോറുകളും സഹിതമാണ് 63 റൺസെടുകത്തത്. ശ്രീലങ്കയ്ക്കു വേണ്ടി ലസിത് മലിംഗ 23 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി. സ്പിന്നർ ധനജ്ഞയ ഡിസിൽവ രണ്ടു വിക്കറ്റുകളും നേടി.

ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ നേടിയ മലിംഗ സഹതാരങ്ങളോടൊത്ത് സന്തോഷം പങ്കിടുന്നു
(കടപ്പാട്: icc)

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ നടുവൊടിച്ചത് ക്യാപ്റ്റൻ മഷ്റഫെ മൊർത്താസ, മുസ്തഫിസുർ റഹ്മാൻ, മെഹദി ഹസ്സൻ എന്നീ പേസർമാരുടെ ആക്രമണമാണ്. 29 റൺസെടുത്ത ദിൽറുവാൻ പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. തുടർച്ചയായി ബൌണ്ടറികൾ പായിച്ച് ഫോം തെളിയിച്ച ഉപുൽ തരംഗയെയും (27) ധനജ്ഞയ ഡിസിൽവയെയും പുറത്താക്കികൊണ്ട് മൊർത്താസ തന്നെയാണ് ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. ബംഗ്ലാദേശിനു വേണ്ടി മെഹദി ഹസ്സൻ, മൊർത്താസ, മുസ്താഫിസുർ റഹ്മാൻ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം നേടി.

Leave a Reply

Your email address will not be published. Required fields are marked *