പ്രീമിയർലീഗ്; ചെൽസിയ്ക്കും മാഞ്ചസ്റ്റർ സിറ്റിയ്ക്കും തകർപ്പൻ ജയം; ഈഡൻ ഹസാർഡിന് ഹാട്രിക്

Football News Sports

ആവേശകരമായ പ്രീമിയർലീഗ് മത്സരങ്ങളിൽ വമ്പന്മാർക്ക് ജയം. കരുത്തരായ ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ എന്നീ ടീമുകളാണ് തകർപ്പൻ ജയം സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി 3-0 ന് ഫുൾഹാമിനെ തകർത്തു. കാർഡിഫ് സിറ്റിയെ 4-1 നാണ് മുൻ ചാമ്പ്യൻമാരായ ചെൽസി തോൽപിച്ചത്. ചെൽസിയ്ക്കു വേണ്ടി ഈഡൻ ഹസാർഡ് ഹാട്രിക് നേടി. ആഴ്സനൽ 2-1 ന് ന്യൂകാസിലിനെയും തോൽപിച്ചു.

മാഞ്ചസ്റ്റർ സിറ്റിയ്ക്കു വേണ്ടി ഗോൾ സ്വന്തമാക്കിയ സ്റ്റെർലിങ്
(കടപ്പാട്: ManchesterCity-Twitter)

മാഞ്ചസ്റ്റർ സിറ്റി-ഫുൾഹാം മത്സരത്തിൽ സിറ്റിയുടെ വകയായി മൂന്നു ഗോളുകളാണ് പിറന്നത്. ലെറോയ് സനെ (2-ാം മിനിറ്റ്), ഡേവിഡ് സിൽവ (21-ാം മിനിറ്റ്), സ്റ്റെർലിങ് (47-ാം മിനിറ്റ്) എന്നിവരാണ് സിറ്റിക്കു വേണ്ടി ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ തന്നെ സിറ്റി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. ചാമ്പ്യന്മാരുടെ പ്രകടനം തന്നെയായിരുന്നു മാഞ്ചസ്റ്റർ സിറ്റി കാഴ്ച്ചവച്ചത്. മത്സരത്തിൽ സിറ്റിയുടെ സമ്പൂർണ്ണ ആധിപത്യമാണ് കണ്ടത്.

ഹാട്രിക് നേടിയ ചെൽസി താരം ഈഡൻ ഹസാർഡിന്റെ ആഹ്ലാദം
(കടപ്പാട്: ChelseaFC-Twitter)

മറ്റൊരു മത്സരത്തിൽ ചെൽസി സ്വന്തം ഗ്രൌണ്ടിൽ വച്ച് കാർഡിഫ് സിറ്റിയെ 4-1 ന് തകർത്തു. ചെൽസിയുടെ ബെൽജിയം താരം ഈഡൻ ഹസാർഡിന്റെ ഹാട്രിക് ഗോളാണ് വിജയത്തിൽ നിർണ്ണായകമായത്. കാർഡിഫ് സിറ്റിക്കു വേണ്ടി സോൾ ബാംബയാണ് (16-ാം മിനിറ്റ്) ആദ്യം സ്കോർ ചെയ്തത്. എന്നാൽ പിന്നീടുള്ള ചെൽസിയുടെ ആക്രമണം പ്രതിരോധിക്കാൻ കാർഡിഫിനായില്ല. 37-ാം മിനിറ്റിലും 44-ാം മിനിറ്റിലും ചെൽസിയ്ക്കു വേണ്ടി ഗോളുകൾ നേടിയ ഹസാർഡ് 80-ാം മിനിറ്റിൽ നേടിയ പെനാൽറ്റി ഗോളാക്കി മാറ്റി. ഇതോടെ ഹാട്രിക് നേട്ടവും ഹസാർഡ് സ്വന്തമാക്കി. 83-ാം മിനിറ്റിൽ ബ്രസീൽ താരം വില്ല്യനും ചെൽസിക്കു വേണ്ടി നാലാം ഗോൾ നേടി.

ആഴ്സനലിന്റെ വിജയഗോൾ നേടിയ മെസ്യൂട്ട് ഓസിൽ
(കടപ്പാട്: ArsenalFC-Twitter)

മറ്റൊരു മത്സരത്തിൽ ആഴ്സനൽ 2-1 ന് കരുത്തരായ ന്യൂകാസിലിനെ തോൽപിച്ചു. 49-ാം മിനിറ്റിൽ ഗ്രാനിറ്റ് സാകയും, 58-ാം മിനിറ്റിൽ മെസ്യൂട്ട് ഓസിലും ആഴ്സനലിന് വേണ്ടി ഗോളുകൾ നേടി. 91-ാം മിനിറ്റിൽ ക്ലാർക്ക് ന്യൂകാസിലിനു വേണ്ടി ആശ്വാസഗോൾ നേടി. മറ്റു മത്സരങ്ങളിൽ ലൈസസ്റ്റർ സിറ്റിക്കെതിരെ ബൌൺമൌത്ത് 4-2 ന്റെ തകർപ്പൻ ജയം സ്വന്തമാക്കിയപ്പോൾ, ക്രിസ്റ്റൽ പാലസ് ഹഡ്ഡേഴ്സ്ഫീൽഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *