തോൽവിയിലും റെക്കോർഡ് നേട്ടത്തിൽ തിളങ്ങി റിഷഭ് പന്ത്

Cricket News Sports

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരവും തോറ്റതോടെ 4-1 ന് പരമ്പര കൈവിട്ട ഇന്ത്യൻ ടീമിനെതിരെ വിമർശനങ്ങൾ ശക്തമാണ്. ക്യാപ്റ്റൻ കോഹ്ലിയുടെ ബാറ്റിംഗും ബൌളർമാരുടെ മിന്നുന്ന പ്രകടനവും മാത്രമാണ് പരമ്പരയിൽ ഇന്ത്യയുടെ എടുത്തുപറയാവുന്ന നേട്ടം. വിക്കറ്റ് കീപ്പർ പൊസിഷനെ ചൊല്ലിയുള്ള തർക്കം ടീമിൽ ഉടലെടുത്തിട്ടുണ്ട്. സ്ഥിരം വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ടീമിലിടം നേടിയ ദിനേഷ് കാർത്തിക്കും റിഷഭ് പന്തും ശരാശരി പ്രകടനം മാത്രമാണ് കാഴ്ച്ചവച്ചത്.

അതേസമയം അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലെ തകർപ്പൻ സെഞ്ച്വറിയോടെ റെക്കോർഡ് ബുക്കിലിടം നേടിയിരിക്കുകയാണ് യുവതാരം റിഷഭ് പന്ത്. ടെസ്റ്റിൽ അരങ്ങേറിയ ശേഷമുള്ള നാലാം ഇന്നിങ്സിൽ തന്നെ സെഞ്ച്വറി നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡാണ് പന്തിനെ തേടിയെത്തിയത്. മുൻ ക്യാപ്റ്റൻ ധോണിയുടെ (76*) പേരിലായിരുന്നു ഇതുവരെ ഉയർന്ന സ്കോറുണ്ടായിരുന്നത്. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെന്ന റെക്കോർഡും ഇതോടൊപ്പം താരം കൈവരിച്ചു. പാർത്ഥിവ് പട്ടേലാണ് പന്തിനേക്കാൾ പ്രായം കുറഞ്ഞ സെഞ്ച്വറിക്കുടമ.

കന്നി സെഞ്ച്വറി നേടിയ റിഷഭ് പന്തിനെ ചേർത്തുപിടിക്കുന്ന ലോകേഷ് രാഹുൽ. രാഹുലും മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു
(കടപ്പാട്: icc)

വിക്കറ്റ് കീപ്പിംഗിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും അവസാന ടെസ്റ്റിൽ ബാറ്റിംഗിൽ തരക്കേടില്ലാത്ത പ്രകടനം നടത്താൻ റിഷഭ് പന്തിന് സാധിച്ചു. ദിനേഷ് കാർത്തിക്കിന്റെ പ്രകടനം മോശമായതിനെ തുടർന്നാണ് പന്തിനെ നാലാം ടെസ്റ്റിൽ ഉൾപ്പെടുത്തിയത്. ആദ്യ ടെസ്റ്റിൽ പൂർണ്ണ പരാജയമായ പന്തിനെ ഒഴിവാക്കണമെന്ന മുറവിളിയുയർന്നിരുന്നു. എന്നാൽ അവസാന ടെസ്റ്റിലും പന്തിന് അവസരം നൽകുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ അഞ്ച് റൺസിന് പുറത്തായെങ്കിലും രണ്ടാം ഇന്നിങ്സിൽ അവസരം മുതലാക്കാൻ താരത്തിന് സാധിച്ചു.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ച്വറി നേടിയാണ് റിഷഭ് പന്ത് തന്റെ കരുത്ത് പുറത്തെടുത്തത്. 5 ന് 121 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക് മികച്ച സ്കോർ നൽകാൻ പന്തിന്റെ പ്രകടനത്തിലൂടെ സാധിച്ചു. ലോകേഷ് രാഹുലിനൊപ്പം 204 റൺസാണ് ആറാം വിക്കറ്റിൽ പന്ത് കൂട്ടിച്ചേർത്തത്. 464 റൺസിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകുന്ന പ്രകടനമായിരുന്നു ഇരുവരുടേതും. എന്നാൽ ഇംഗ്ലീഷ് സ്പിന്നർ ആദിൽ റാഷിദ് ഇരുവരെയും പുറത്താക്കി മത്സരം പിടിച്ചെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *