ടെന്നീസ് ലോകത്ത് സെക്സിസമുണ്ടെന്ന് തുറന്നുപറഞ്ഞ് മുൻ സൂപ്പർതാരം നവരത്തിലോവയും

News Others Sports Tennis

യു.എസ് ഓപ്പൺ ഫൈനലിനിടെ അമ്പറോട് കയർത്തു സംസാരിച്ച സെറീന വില്യംസിന്റെ നടപടിയെ വിമർശിച്ചും എന്നാൽ ആരോപിക്കപ്പെട്ട ലിംഗവിവേചനത്തിനെ പിന്തുണച്ചും മുൻ സൂപ്പർതാരം മാർട്ടിന നവരത്തിലോവ. 18 തവണ ഗ്രാൻഡ്സ്ലാം കിരീടം നേടിയ മുൻ താരം 1970-കളിലും ’80-കളിലും ലോകത്തെ ഒന്നാം നമ്പർ ടെന്നീസ് താരമായിരുന്നു. ലോകം മുഴുവൻ ആരാധകരുണ്ടായിരുന്ന നവരത്തിലോവയെ 2005 ൽ ‘ടെന്നീസ് മാഗസിൻ’ ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമായി തിരഞ്ഞെടുത്തിരുന്നു.

യു.എസ് ഓപ്പൺ ഫൈനലിന്റെ കോർട്ടിലെ സെറീനയുടെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നവരത്തിലോവ രംഗത്തെത്തിയിരുന്നു. അതേസമയം സെറീന ആരോപിക്കുന്ന ലിംഗവിവേചനത്തിൽ കഴമ്പുണ്ടെന്നും മുൻതാരം അഭിപ്രായപ്പെട്ടു. കോർട്ടിലെ ചെറിയ തെറ്റുകൾക്ക് പുരുഷതാരങ്ങൾക്ക് ഇളവു ലഭിക്കുകയും വനിതാ താരങ്ങൾക്ക് അവഗണന കിട്ടുന്നത് പതിവാണെന്നും മുൻതാരം അടിവരയിട്ടു പറഞ്ഞു. എന്നാൽ സ്ത്രീകൾക്കെതിരായ ലിംഗവിവേചനം ടെന്നീസ് കോർട്ടിൽ മാത്രമല്ലെന്നും, അത് സമൂഹത്തിന്റെ എല്ലാ മേഖലകളിലും നിലനിൽക്കുന്നതിന്റെ ഭാഗമാണെന്നും നവരത്തിലോവ ആരോപിച്ചു.

അമ്പയറോട് കയർത്തു സംസാരിക്കുന്ന സെറീന വില്യംസ്
(Courtesy)

എന്തു കാരണംകൊണ്ടാണെങ്കിലും സെറീനയുടെ കോർട്ടിലെ പെരുമാറ്റം അനുവദിക്കാനാകാത്തതാണെന്നും നവരത്തിലോവ ആവർത്തിച്ചു. ഫൈനലിൽ ചെയർ അമ്പയറായിരുന്ന കാർലോസ് റാമോസിനെതിരെയായിരുന്നു സെറീന കയർത്തു സംസാരിച്ചത്. അമ്പയറെ കള്ളനെന്നു വിളിച്ച സെറീന സെക്സിസ്റ്റെന്നും ആക്ഷേപിച്ചിരുന്നു. മത്സരത്തിൽ ജപ്പാൻ താരം നവോമി ഒസാകയോട് തോറ്റിരുന്നു. ഇരുപതുകാരിയായ ഒസാകയുടെ കന്നി ഗ്രാൻഡ്സ്ലാം കിരീടനേട്ടമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *