വംശീയാധിക്ഷേപം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം മൊയീൻ അലി

Cricket News Sports

തനിക്ക് വംശീയാധിക്ഷേപം നേരിടേണ്ടിവന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ഓൾറൌണ്ടർ മൊയീൻ അലി. 2015 ലെ ആഷസ് പരമ്പരയ്ക്കിടെ ഓസീസ് താരമാണ് തന്നെ വംശീയമായി അധിക്ഷേപിച്ചതെന്ന് താരം പറഞ്ഞു. വെയിൽസിലെ കാർഡിഫ് സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിലാണ് സംഭവം.

കാർഡിഫ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ മൊയീൻ അലി ഓസീസിന്റെ അഞ്ചു വിക്കറ്റുകൾ നേടി മികവു കാട്ടിയപ്പോൾ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 169 റൺസായി ചുരുങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി നിർണ്ണായകമായ 77 റൺസ് സ്വന്തമാക്കാനും ഓൾറൌണ്ടറായ മൊയീൻ അലിക്ക് സാധിച്ചിരുന്നു. മത്സരത്തിലെ മികച്ച താരമായതും മൊയീൻ അലിയായിരുന്നു.

മത്സരത്തിനിടെ ഒരു ഓസ്ട്രേലിയൻ താരം തന്നെ ‘ഒസാമ’ എന്നു വിളിച്ചെന്നായിരുന്നു മൊയീൻ അലിയുടെ വെളിപ്പെടുത്തൽ. തന്റെ ആത്മകഥയിലാണ് താരം ഇക്കാര്യം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. കൊല്ലപ്പെട്ട അഫ്ഗാൻ തീവ്രവാദി ഒസാമ ബിൻലാദനെ ഉദ്ധരിച്ചാണ് ഈ ആക്ഷേപം. ഇക്കാര്യം അലി തന്റെ സഹതാരങ്ങളോട് പറയുകയും അവർ കോച്ചിനോട് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ആത്മകഥയിൽ പറയുന്നു. പിന്നീട് ഇംഗ്ലീഷ് കോച്ച് ട്രെവർ ബെയ്ലിസ് ഇക്കാര്യം ഓസ്ട്രേലിയൻ കോച്ച് ഡാരൻ ലീമാനോട് സംസാരിച്ചതായും വെളിപ്പെടുത്തലുണ്ട്.

ലീമാൻ ഇക്കാര്യം അധിക്ഷേപിച്ച ഓസീസ് താരത്തോട് ആരാഞ്ഞപ്പോൾ നിഷേധിക്കുകയാണുണ്ടായിരുന്നത് എന്നും മൊയീൻ അലിയുടെ വെളിപ്പെടുത്തലുണ്ട്. ഇസ്ലാം മതവിശ്വാസിയായ മൊയീൻ അലിയെ ചുറ്റിപ്പറ്റി മുമ്പും ഇത്തരത്തിലുള്ള വിവാദങ്ങളുണ്ടായിരുന്നു. വിശ്വാസപ്രകാരം വളർത്തുന്ന താടിയും മറ്റു ശീലങ്ങളുമാണ് താരത്തെ ആക്ഷേപിക്കാൻ പലരും ഉപയോഗിക്കുന്നത്. എന്നാൽ ഗ്രൌണ്ടിൽ വളരെ ശാന്തമായി പെരുമാറുന്ന അലി തന്റെ പ്രകടനം കൊണ്ടാണ് എതിർപ്പുകളോട് മറുപടി പറയാറുള്ളത്. ഇന്ത്യക്കെതിരെ മികച്ച പ്രകടനമാണ് പരമ്പരയിലുടനീളം അലി നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *