മെസ്സിയുടെ പിന്മുറക്കാരെ ഞെട്ടിച്ച് ഇന്ത്യയുടെ പുലിക്കുട്ടികൾ; അർജന്റീനയെ 2-1 ന് തോൽപിച്ചു

Football News Sports Story

ഇന്ത്യൻ ഫുട്ബോളിന് അത്ര പെട്ടെന്നൊന്നും മറക്കാനാവാത്ത അസുലഭമുഹൂർത്തം സമ്മാനിച്ചിരിക്കുകയാണ് ഇന്ന് നീലക്കുപ്പായത്തിലിറങ്ങിയ കൌരമാതാരങ്ങൾ. ലോകം മുഴുവൻ ആരാധകവൃന്ദമുള്ള ദേശീയടീമാണ് അർജന്റീന. കേരളത്തിലുൾപ്പെടെയുള്ള അർജന്റീനൻ ആരാധകർ പലരും മെസ്സിയോടും സംഘത്തോടും കാണിക്കുന്ന സ്നേഹവും താൽപര്യവും നമ്മൾ കഴിഞ്ഞ ലോകകപ്പ് വേളയിലും മറ്റും കണ്ടതാണ്. കേരളത്തിലിരിക്കുന്ന ഒരു ഫുട്ബോൾ ആരാധകന് സ്വപ്നതുല്യമായ ടീമാണ് അർജന്റീന. എന്നാൽ ഇന്ന് ഇന്ത്യൻ ഫുട്ബോൾ ആരാധകർ കുറച്ച് അഹങ്കാരത്തിൽ തന്നെയാണ്. കാരണം ആ അർജന്റീനയെ ഇന്ത്യയുടെ ചുണക്കുട്ടികൾ ഇന്ന് തോൽപിച്ചിരിക്കുന്നു.

ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ആവേശം വാനോളമുയർത്തുന്ന ജയമാണ് ഇന്ത്യയുടെ അണ്ടർ-20 ടീം അർജന്റീനയുടെ അണ്ടർ-20 ടീമിനെതിരെ നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യയുടെ കൌമാരതാരങ്ങൾ സ്വപ്നതുല്യമായ ജയം സ്വന്തമാക്കിയത്. സ്പെയിനിൽ നടക്കുന്ന അണ്ടർ-20 കോട്ടിഫ് കപ്പ് ടൂർണമെന്റിലാണ് സാക്ഷാൽ മെസ്സിയുടെ പിന്മുറക്കാർക്കെതിരെ ഇന്ത്യ വിജയം നേടിയത്.

അണ്ടർ-20 ഫുട്ബോൾ ലോകകപ്പ് ആറു തവണ നേടിയ ചരിത്രമുണ്ട് അർജന്റീനക്ക്. മികച്ച റെക്കോർഡുള്ള ഈ ടീമിനെയാണ് ഇന്ത്യ തകർത്തതെന്ന പ്രത്യേകതയുമുണ്ട്. 1979, 1995, 1997, 2001, 2005, 2007 എന്നീ വർഷങ്ങളിലാണ് അർജന്റീനയുടെ അണ്ടർ-20 ടീം ലോകകപ്പുകൾ നേടിയത്.

ദീപക് താങ്രി, അൻവർ അലി എന്നിവരുടെ തകർപ്പൻ ഗോളുകളാണ് ഇന്ത്യക്ക് ചരിത്രവിജയം സമ്മാനിച്ചത്. കളിയാരംഭിച്ച് നാലാം മിനിറ്റിൽ തന്നെ ഇന്ത്യ ദീപക് താങ്രിയുടെ ഗോളിലൂടെ മുന്നിലെത്തി. അർജന്റീനയുടെ തിരിച്ചടികളെ ചെറുത്ത നീലക്കുപ്പായക്കാർ ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് മുന്നിട്ടുതന്നെ നിന്നു. രണ്ടാം പകുതിയിൽ 68-ാം മിനിറ്റിൽ ഇന്ത്യയുടെ രണ്ടാം ഗോളും വീണു. അൻവർ അലിയുടെ ഊഴമായിരുന്നു ഇത്തവണ. പെനാൽറ്റി ബോക്സിന് പുറത്തു നിന്നെടുത്ത ഒരു ഫ്രീകിക്ക് അൻവർ അലി കൃത്യമായി വലയിലെത്തിച്ചു.

ഇതിനിടെ 54-ാം മിനിറ്റിൽ ഫൌൾ ചെയ്ത ഇന്ത്യയുടെ ജാദവിനെ റഫറി ചുവപ്പുകാർഡ് കാണിച്ച് പുറത്താക്കി. എങ്കിലും ഇന്ത്യയുടെ പോരാട്ടവീര്യം ചോർന്നില്ല. 56-ാം മിനിറ്റിലും 61-ാം മിനിറ്റിലും ഇന്ത്യയുടെ ഗോൾകീപ്പർ പ്രഭ്സുഖൻ ഗിൽ നടത്തിയ തകർപ്പൻ സേവുകളാണ് മത്സരത്തിലെ മറ്റൊരു പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *