തുർക്കി പ്രസിഡന്റ് ഓസിലിനെ വിളിച്ചു; വംശീയത ഉറക്കെ വിളിച്ചുപറഞ്ഞതിന് അഭിനന്ദനം

FIFA World Cup 2018 Football News Sports

കഴിഞ്ഞ ദിവസമാണ് ജർമനിയുടെ ആഴ്സനൽ താരം മെസ്യൂട്ട് ഓസിൽ വംശീയത ആരോപിച്ച് ജർമനിയുടെ ദേശീയടീമിൽ നിന്ന് രാജിവക്കുന്നതായി വെളിപ്പെടുത്തിയത്. ലോകത്തെ മികച്ച ടീമുകളിലൊന്നായ ജർമൻ ടീമിലും വംശീയയുണ്ടെന്ന കാര്യം ലോകം ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഓസിലിന്റെ വംശീയ ആരോപണങ്ങളെ പൂർണ്ണമായി നിരാകരിക്കുകയാണ് ജർമൻ ഫുട്ബോൾ അസോസിയേഷൻ ചെയ്തത്. എന്നാൽ താരത്തെ ഒറ്റപ്പെടുത്തി വേട്ടയാടുകയാണ് ഉണ്ടായതെന്ന് ഒരുകൂട്ടം ആരാധകരും പറയുന്നു.

“ജർമനി ജയിക്കുമ്പോൾ താൻ ഒരു ജർമൻകാരനാണ്, തോൽക്കുമ്പോൾ വെറുമൊരു ടർക്കിഷ് അഭയാർത്ഥിയുമാണ്” എന്ന് ഓസിൽ തുറന്നടിച്ചിരുന്നു. റഷ്യൻ ലോകകപ്പിൽ ഡിഫൻഡിംഗ് ചാമ്പ്യന്മാരായി കളത്തിലിറങ്ങിയ ജർമനി ആദ്യ റൌണ്ടിൽ തന്നെ നാണംകെട്ട് പുറത്തായതിനു പിന്നാലെ താരത്തിനെതിരെ പല ആരോപണങ്ങളും ഉയർന്നിരുന്നു. തോൽവിയിൽ ഒരു താരത്തെ മാത്രം ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് താരം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

മെക്സിക്കോയോട് തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായ നിമിഷം നിരാശയോടെ ഗ്രൌണ്ടിലിരിക്കുന്ന ഓസിൽ
(കടപ്പാട്: fifa.com)

ജർമനിയുടെ ദേശീയ ടീമിൽ നിന്നും രാജിവച്ചതിന് പിന്നാലെയാണ് തുർക്കി പ്രസിഡന്റ് എർദോഗൻ മെസ്യൂട്ട് ഓസിലിനെ ഫോണിൽ ബന്ധപ്പെട്ടത്. രാജിവക്കാൻ തീരുമാനിച്ചത് ധീരമായ പ്രവൃത്തിയാണെന്നും അത് തികച്ചും അഭിനന്ദനാർഹമാണെന്നും തുർക്കി പ്രസിഡന്റ് താരത്തോട് അഭിപ്രായപ്പെട്ടു. തുർക്കി പ്രസഡന്റ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് പുതിയ വിവാദത്തിന് വഴിവക്കുമോ എന്ന ആശങ്കയിലാണ് ഓസിലിന്റെ ആരാധകർ. “ഞാൻ അവന്റെ കണ്ണകളിൽ ചുംബിച്ചു”- തുർക്കി പ്രസിഡന്റ് എർദോഗൻ പറഞ്ഞു. പരമ്പരാഗത രീതിയിൽ തുർക്കിക്കാർ പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നത് കണ്ണുകളിൽ ചുംബിച്ചുകൊണ്ടാണ്.

മാസങ്ങൾക്കു മുമ്പ് ഓസിൽ തുർക്കി പ്രസിഡന്റ് എർദോഗനോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തത് വൻ വിവാദമായിരുന്നു. ഓസിലിന് ജർമനിയോടാണോ പൂർവ്വികരുടെ രാജ്യമായ തുർക്കിയോടാണോ കൂടുതൽ കൂറ് എന്നായിരുന്നു ജർമനിയിലെ തീവ്രദേശീയവാദികളുടെ ചോദ്യം. ഓസിൽ ജനിച്ചത് ജർമനിയിലാണെങ്കിലും വഷങ്ങൾക്കു മുമ്പ് ഓസിലിന്റെ മാതാപിതാക്കൾ തുർക്കിയിൽ നിന്നും ജർമനിയിലേക്ക് കുടിയേറി വന്നവരായിരുന്നു. ഇതാണ് തീവ്രദേശീയവാദികളെ ചൊടിപ്പിച്ച കാര്യം.

ലോകത്തെ മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡർമാരിൽ ഒരാളായി അറിയപ്പെടുന്ന ഓസിൽ ജർമനിയുടെ 2014 ലെ ലോകകപ്പ് കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. 2009 മുതൽ ദേശീയ ടീമിൽ കളിക്കുന്ന ഓസിൽ 92 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡിനു വേണ്ടി 105 ഉം ആഴ്സനലിനു വേണ്ടി 142 ഉം മത്സരങ്ങളിൽ ഓസിൽ ബൂട്ടുകെട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *