ഫിഫ ഫുട്ബോളർ ഓഫ് ദ ഇയർ സാധ്യതാ ലിസ്റ്റിൽ നിന്ന് നെയ്മർ പുറത്ത്; പകരം ഈ ലോകകപ്പ് ഹീറോ!

FIFA World Cup 2018 Football News Sports

ഈ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫയുടെ അവാർഡ് നെയ്മറിനെ തേടി വരില്ലെന്ന് ഉറപ്പായി. പുരസ്കാരത്തിനായുള്ള (FIFA Footballer of the year) സാധ്യതാ ലിസ്റ്റിന്റെ ആദ്യത്തെ പത്തു പേരിൽ നെയ്മറുടെ പേരില്ല. ഇതോടെയാണ് ഇത്തവണ അവസാനഘട്ട മത്സരത്തിൽ താരം ഇല്ലെന്ന കാര്യം ഉറപ്പിച്ചത്. പകരം ഫ്രാൻസിനെ ലോകകിരീടം ചൂടിച്ച യുവതാരം കിളിയൻ എംബപ്പേയാണ് പട്ടികയിൽ സ്ഥാനമുറപ്പിച്ചത്. നെയ്മർ പുറത്തായപ്പോൾ മെസ്സിയും റൊണാൾഡോയും ഇത്തവണയും പട്ടികയിലുൾപ്പെട്ടു.

ലോകകപ്പിൽ മുത്തമിടുന്ന കിളിയൻ എംബപ്പേ
(കടപ്പാട്: fifa.com)

ലോകകപ്പ് ഫൈനലിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ എംബപ്പേ റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരത്തിനും അർഹനായി. ഫുട്ബോൾ ലോകത്തെ പുതിയ താരോദയമെന്നാണ് ഈ പി.എസ്.ജി സ്ട്രൈക്കറെ കിരീടനേട്ടത്തിനു ശേഷം ലോകം വാഴ്ത്തിയത്. എംബപ്പേക്കൊപ്പം ഫ്രാൻസിന്റെ കുന്തമുനയായിരുന്നു ആന്റോണിയോ ഗ്രീസ്മാനും ഫിഫയുടെ മികച്ച ഫുട്ബോളർക്കുള്ള ലിസ്റ്റിന്റെ ആദ്യ പത്തിലുണ്ട്. ഇരുവരെയും കൂടാതെ സെന്റർ ബാക്കായി ലോകകപ്പിലുടനീളം ലക്ഷണമൊത്ത പ്രതിരോധം തീർത്ത റാഫേൽ വരാനെയാണ് ഫ്രാൻസിൽ നിന്നുള്ള മൂന്നാമത്തെ താരം.

റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്ത ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിനെയും ഫിഫ അന്തിമ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. മിഡ്ഫീൽഡർ മോഡ്രിച്ചിന്റെ ചിറകിലേറിയാണ് ക്രൊയേഷ്യ തങ്ങളുടെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ഫൈനൽ വരെയെത്തിയത്. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡർ കൂടിയാണ് മോഡ്രിച്ച്.

ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവുമായി ക്രൊയേഷ്യൻ നായകൻ ലൂക്കാ മോഡ്രിച്ച്
(കടപ്പാട്: fifa.com)

സാധ്യതാലിസ്റ്റിലെ അടുത്ത താരങ്ങളിൽ രണ്ടു പേർ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ബെൽജിയത്തിൽ നിന്നാണ്. ബെൽജിയം ക്യാപ്റ്റനും അറ്റാക്കിംഗ് മിഡ്ഫീൽഡറുമായ ഈഡൻ ഹസാർഡാണ് ഒന്നാമത്തെ താരം. രണ്ടാമത് സ്ട്രൈക്കർ ഡിബ്രുയിനാണ്. മികച്ച താരത്തിനുള്ള പുരസ്കാരത്തിനായി മോഡ്രിച്ചിനൊപ്പം അവസാനവട്ട മത്സരത്തിനുണ്ടായിരുന്നത് ഹസാർഡായിരുന്നു. സെമിഫൈനൽ വരെ ഇംഗ്ലണ്ടിനെ ഏതാണ്ട് ഒറ്റയ്ക്ക് നയിച്ച ഹാരി കെയ്നും പട്ടികയിലുണ്ട്. ഏഴു ഗോളുകൾ നേടിയ ഹാരി കെയ്നായിരുന്നു ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയത്. കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗോൾവേട്ടക്കാരനായ ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹും പരിഗണനയിലുണ്ട്.

കോച്ചായും കളിക്കാരനായും ലോകകിരീടമുയർത്തിയ ദിദിയർ ഡെഷാംപ്സ്
(കടപ്പാട്: ffia.com)

മികച്ച പുരുഷ ഫുട്ബോൾ കോച്ചിനായുള്ള മത്സരത്തിൽ പ്രധാനമായും രണ്ടു പേരാണുള്ളത്. ഫ്രാൻസിനെ ലോകകിരീടത്തിലേക്ക് നയിച്ച ദിദിയർ ഡെഷാംപ്സും റയൽ മാഡ്രിഡ് കോച്ചായിരുന്ന സിനദിൻ സിദാനും. ഒരു കളിക്കാരനെന്ന നിലയിലും കോച്ചെന്ന നിലയിലും ഫുട്ബോൾ ലോകകപ്പ് നേടുകയെന്ന അത്യപൂർവ്വ നേട്ടം സ്വന്തമാക്കിയ വ്യക്തിയാണ് ഡെഷാംപ്സ്. 1998 ൽ ബ്രസീലിനെ തോൽപിച്ച് ഫ്രാൻസ് കിരീടം നേടുമ്പോൾ അദ്ദേഹമായിരുന്നു ക്യാപ്റ്റൻ.

1998 ലെ ഫ്രാൻസിന്റെ കിരീടനേട്ടത്തിൽ മുഖ്യ പങ്കുവഹിച്ച അന്നത്തെ ഡെഷാംപ്സിന്റെ സഹതാരം സിനദിൻ സിദാനാണ് കോച്ചെന്ന നിലയിൽ അദ്ദേഹത്തോട് മത്സരിക്കാനായി രംഗത്തെത്തിയതെന്ന കൌതുകവും ഇക്കാര്യത്തിലുണ്ട്. റയൽ മാഡ്രിഡിനെ മൂന്നു വർഷക്കാലം പരിശീലിപ്പിച്ച സിദാൻ ലോകകപ്പിന് തൊട്ടു മുമ്പാണ് റയലിന്റെ പടിയിറങ്ങിയത്.

ഇതിനിടക്ക് തുടർച്ചയായി മൂന്നു തവണ ചാമ്പ്യൻസ് ലീഗ് കിരീടം, രണ്ട് വീതം യുവേഫ സൂപ്പർ കപ്പും ക്ലബ്ബ് ലോകകപ്പും, ഒരോ വീതം സ്പാനിഷ് സൂപ്പർകപ്പും ലാലിഗ കിരിടവും സിദാന്റെ കീഴിൽ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. ഒരുകാലത്ത് താരമായും തിളങ്ങിയ സിദാൻ റയലിന്റെ എക്കാലത്തെയും മിച്ച കോച്ചെന്ന ഖ്യാതിയും സ്വന്തം പേരിൽ കുറിച്ചാണ് ക്ലബ്ബിനോട് വിടപറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *