ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ റിഷഭ് പന്തും കരുൺ നായരും; ഭുവനേശ്വറും രോഹിതും പുറത്ത്

Cricket News Story

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. കർണാടകയുടെ മലയാളിതാരം കരുൺ നായരും റിഷഭ് പന്തും ടീമിൽ തിരിച്ചെത്തി. അയർലണ്ടിനെതിരായ ട്വന്റിട്വന്റി മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ പേസർ ജസ്പ്രീത് ബുംറ രണ്ടാം ടെസ്റ്റു മുതൽ ടീമിലുണ്ടാകും. അതേസമയം ഇന്നലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പരിക്കേറ്റ മറ്റൊരു പേസറായ ഭുവന്വേശ്വർ കുമാറും ഏകദിന സ്പെഷ്യലിസ്റ്റ് രോഹിത് ശർമയും ടീമിൽ നിന്നു പുറത്തായി. ടെസ്റ്റിൽ അത്ര നല്ല റെക്കോർഡല്ല രോഹിതിനുള്ളത്.

ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായ വൃദ്ദിമാൻ സാഹ ഇനിയും പരിക്കിൽ നിന്നും മുക്തമല്ലാത്തതിനാൽ ദിനേഷ് കാർത്തിക്കിനെ ഒരിക്കൽകൂടി ടീമലുൾപ്പെടുത്തി. കഴിഞ്ഞ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും സെലക്ടർമാർ കാർത്തിക്കിനെ പരിഗണിച്ചിരുന്നു. അന്ന് നീണ്ട എട്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് കാർത്തിക് ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തിയയത്.

കഴിഞ്ഞ ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ച്ചവച്ച താരമായിരുന്നു റിഷഭ് പന്ത്. ഇന്ത്യൻ ഏകദിന ടീമിന്റെ പടിവാതിലിൽ പലതവണ വന്നെങ്കിലും അവസാനം പുറത്താകുകയായിരുന്നു. എന്നാൽ വെസ്റ്റിൻഡീസ്-എ ടീമിനെതിരെ റിഷഭ് പന്തായിരുന്നു ടീമിനെ നയിച്ചത്. പന്തിന്റെ പ്രകടനമാണ് ഇന്ത്യൻ-എ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അതേസമയം ഒന്നാം വിക്കറ്റ് കീപ്പറായി കാർത്തിക് സ്ഥാനമുറപ്പിക്കുമെന്ന് ഉറപ്പാണ്. അഞ്ചു ടെസ്റ്റുകളുണ്ടെന്നതിനാൽ അവസാന മത്സരങ്ങളിലായിരിക്കും പന്തിനെ പരിഗണിക്കുക.

ഒരു വർഷത്തെ ഇടവേളക്കു ശേഷമാണ് കരുൺ നായർ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തുന്നത്. രണ്ടു വർഷം മുമ്പ് 2016 നവംബറിൽ ഇംഗ്ലണ്ടിനെതിരെയാണ് കരുൺ ടെസ്റ്റിൽ അരങ്ങേറുന്നത്. ആ പരമ്പരയിലെ തന്റെ മൂന്നാം ഇന്നിങ്സിലാണ് കരുൺ ആദ്യ സെഞ്ച്വറി ട്രിപ്പിൾ സെഞ്ച്വറിയാക്കി മാറ്റി റെക്കോർഡ് തീർത്തത്. വീരേന്ദർ സെവാഗിനു ശേഷം ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് കരുൺ.

Leave a Reply

Your email address will not be published. Required fields are marked *