10000 ക്ലബ്ബിൽ കടന്ന് മഹേന്ദ്രസിങ് ധോണി; വിക്കറ്റ് കീപ്പറെന്ന നിലയിൽ അത്യപൂർവ്വ നേട്ടവും

Cricket News Story

ഏകദിന ക്രിക്കറ്റിൽ 10000 റൺസ് സ്വന്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും വിക്കറ്റുകീപ്പർ ബാറ്റ്സ്മാനുമായ മഹേന്ദ്രസിങ് ധോണി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ 37 റൺസെടുത്തുകൊണ്ടാണ് ധോണി ഈ റെക്കോർഡ് സ്വന്തമാക്കിയത്. പതിനായിരം ക്ലബ്ബിലെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ധോണി. മുമ്പ് സച്ചിൻ ടെണ്ടുൽക്കർ, സൌരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഏകദിന ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കിയത്. ലോകത്തെ 12-ാമത്തെ താരവുമാണ് അദ്ദേഹം.

പതിനായിരം റൺസും 300 ക്യാച്ചുകളും സ്വന്തമാക്കിയ ലോകത്തെ രണ്ടാമത്തെ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനെന്ന റെക്കോർഡും ഇതോടൊപ്പം ധോണി സ്വന്തമാക്കി. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ലറാണ് ധോണിയുടെ 300-ാമത്തെ ഇര. ഈ റെക്കോർഡിൽ ശ്രീലങ്കയുടെ മുൻ താരം കുമാർ സംഗക്കാരയാണ് ധോണിക്ക് മുമ്പിലുള്ള താരം.

320 ഏകദിന മത്സരങ്ങളിൽ നിന്നും 51.30 റൺസ് ശരാശരിയിലാണ് ധോണി 10000 റൺസ് കടന്നത്. ഏകദിന ക്രിക്കറ്റിലെ ധോണിയുടെ റൺസിൽ 75 ശതമാനത്തിലധികം അഞ്ചാമതോ അതിനു താഴെയോ ഉള്ള ബാറ്റിംഗ് പൊസിഷനിൽ ഇറങ്ങി കളിച്ചു നേടിയതാണ്. 2004 ൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ ധോണിയുടെ ഉയർന്ന സ്കോർ 2005 ൽ ശ്രീലങ്കക്കെതിരെ നേടിയ 183 റൺസാണ്. ഒരു വിക്കറ്റ് കീപ്പറുടെ ഉയർന്ന സ്കോറും ക്യാപ്റ്റൻ കൂൾ എന്നറിയപ്പെടുന്ന ധോണിയുടെ പേരിലാണ്.

Leave a Reply

Your email address will not be published. Required fields are marked *