ദാദയെയും ഇന്ത്യയെയും ത്രസിപ്പിച്ച അതേ ദിനത്തിൽ തന്നെ ഇതിഹാസ ഫീൽഡറുടെ പിൻമടക്കം!

Cricket News Sports Story

മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് തന്റെ ക്രിക്കറ്റ് ജീവിതത്തോട് വിടപറഞ്ഞത് ഇന്നലെയാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീൽഡർക്ക് ദേശീയ ടീമിൽ കളിച്ചുകൊണ്ടു തന്നെ വിരമിക്കാൻ കഴിഞ്ഞില്ലെന്ന സങ്കടം ക്രിക്കറ്റ് ആരാധകർക്കെല്ലാമുണ്ട്. എന്നാൽ ഏതൊരു ക്രിക്കറ്റ് പ്രേമിയും മറക്കാനിടയില്ലാത്തൊരു അസുലഭ മുഹൂർത്തം കൈഫ് ഇന്ത്യക്ക് നൽകിയിട്ടുണ്ട്. അതുമാത്രം മതി ഒരു ക്രിക്കറ്ററെന്ന നിലയിൽ ആ താരത്തിന്റെ വീര്യമളക്കാൻ.

2002 ജൂലൈ 13 ആയിരുന്നു ഇന്ത്യൻ ക്രിക്കറ്റിനെ കോരിത്തരിപ്പിച്ച ആ ദിനം. 16 വർഷങ്ങൾക്കിപ്പുറം പ്രിയതാരം കൈഫ് ക്രിക്കറ്റിനോട് വിടപറയുന്നതും അതേ ദിനം തന്നെ (ജൂലൈ 13) എന്ന യാദൃശ്ചികതയുമുണ്ട്! 2002 ൽ ഇംഗ്ലണ്ടിലെ നാറ്റ്വെസ്റ്റ് സീരീസിന്റെ ഫൈനൽ. അന്നത്തെ ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ച് സൌരവ് ഗാംഗുലി നയിക്കുന്ന ഇന്ത്യ കരുത്തരായ എതിരാളികളായിരുന്നില്ല. സച്ചിൻ-ഗാംഗുലി-ദ്രാവിഡ് ത്രയം നയിക്കുന്ന ലോകോത്തര ബാറ്റിംഗ് നിരയുണ്ട് എന്നതു മാത്രമായിരുന്നു ആശ്വാസം.

ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ, ശ്രീലങ്ക എന്നീ ടീമുകളായിരുന്നു 2002 ലെ നാറ്റ്വെസ്റ്റ് ട്രോഫിയിൽ പങ്കെടുത്തത്
(കടപ്പാട്: pti)

ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈന്റെയും ഓപ്പണർ മാർക്കസ് ട്രെസ്ക്കോത്തിക്കിന്റെയും സെഞ്ച്വറികളുടെ കരുത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 325 റൺസെന്ന കൂറ്റൻ സ്കോർ സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ 250 റൺസിനപ്പുറം പിന്തുടരുന്നതു തന്നെ വലിയ ബുദ്ധിമുട്ടാണെന്ന് കരുതുന്ന കാലമാണ്. ഇന്ത്യയുടെ ബാറ്റിംഗ് നിരക്ക് തോൽവിയുടെ മാർജിൻ കുറയ്ക്കാനേ കഴിയൂ എന്നായിരുന്നു പ്രതീക്ഷ. സെവാഗും ഗാംഗുലിയും ചേർന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് 106 റൺസ് ചേർത്തതോടെ ഇന്ത്യയുടെ പ്രതീക്ഷയുണർന്നു. എന്നാൽ നെടുംതൂണുകളാകുമെന്ന് പ്രതീക്ഷിച്ച സച്ചിനും ദ്രാവിഡും മോംഗിയയും പെട്ടെന്ന് വീണതോടെ ഇന്ത്യ കൂറ്റൻ തോൽവിയാണ് മുന്നിൽ കണ്ടത്.

ആ സമയത്താണ് ഇന്ത്യൻ ക്രിക്കറ്റിന് പുതിയ സമവാക്യം രചിച്ച യുവരാജ്-കൈഫ് കൂട്ടുകെട്ടിന്റെ തുടക്കം. രണ്ടു വർഷം മുമ്പ് അരങ്ങേറിയ കൈഫിന് അവസരങ്ങൾ കുറച്ചേ കിട്ടിയുള്ളൂ. ഇടക്ക് ടീമിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച തന്ത്രശാലിയായ ക്യാപ്റ്റൻ ഗാംഗുലിക്ക് കൈഫിനെ ഉപേക്ഷിക്കാനായില്ല. നിർണായക മത്സരങ്ങളിൽ തന്റെ തുറുപ്പുചീട്ടായി കൈഫിനെ കാത്തുവച്ചു ദാദ.

യുവരാജ്-കൈഫ് കൂട്ടുകെട്ടിൽി പിറന്ന 121 റൺസാണ് ഇംഗ്ലണ്ടിന്റെ കിരീട പ്രതീക്ഷകൾ തകിടംമറിച്ചത്
(കടപ്പാട്: pti)

വിജയമുറപ്പിച്ച ഇംഗ്ലണ്ടിന് തലവേദനയായി യുവരാജ്-കൈഫ് കൂട്ടുകെട്ട്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റൺസ് കൂട്ടുെകെട്ടാണ് തീർത്തത്. ഇന്ത്യയുടെ ആറാം വിക്കറ്റിലെ അന്നത്തെ ഏറ്റവും മികച്ച മൂന്നാമത്തെ കൂട്ടുകെട്ടായിരുന്നു അത്. ഇന്ത്യൻ മധ്യനിരയിൽ അപൂർവ്വമായി സംഭവിക്കുന്ന ഒന്ന്! പിന്നീട് ധോണിയും റൈനയുമൊക്കെ വന്നതോടെ അത് ഇന്ത്യൻ ക്രിക്കറ്റിലെ നിത്യസംഭവമായെന്നത് പിന്നീടുള്ള കഥ!

ബാറ്റിംഗിൽ മാത്രമല്ല, ഫീൽഡിംഗിലും ഇണക്കമുള്ള ജോഡികളായിരുന്നു കൈഫും യുവരാജും
(കടപ്പാട്: pti)

യുവരാജ് 69 റൺസിൽ കീഴടങ്ങിയതോടെ ഇന്ത്യ വീണ്ടും തോൽവി മണത്തു. സ്കോർ 267 ന് 6 വിക്കറ്റ്. പക്ഷേ 2000 ൽ ഇന്ത്യയെ അണ്ടർ-19 ലോകകിരീട നേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റന് പെട്ടെന്ന് കീഴടങ്ങാൻ മനസ്സില്ലായിരുന്നു. ഫീൽഡിലെ ചുറുചുറുക്ക് തന്റെ ബാറ്റിലേക്കും ആവാഹിച്ചെടുത്തു യുവതാരം കൈഫ്. വാലറ്റത്ത് ഹർഭജനെ കൂട്ടുപിടിച്ച് കൈഫ് റൺവേഗം കൂട്ടി. ജയത്തിന് 12 റൺസകലെ ഫ്ലിന്റോഫിന്റെ പന്തിൽ ഹർഭജനും കുംബ്ലെയും വീണതോടെ പ്രതീക്ഷളെല്ലാം കൈഫിൽ മാത്രമായി. ബാക്കിയുള്ളത് രണ്ട് വിക്കറ്റുകൾ മാത്രം. മറുവശത്ത് സഹീർഖാനെ സാക്ഷിയാക്കി ഒരു ബൌണ്ടറിയും അതിവേഗം ഡബിളുകളുമെടുത്ത് കൈഫ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. വിജയം വരെ ക്രീസിൽ ഉറച്ചു നിന്ന കൈഫ് 87 റൺസും നേടി. നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം!

പുറത്താകാതെ 87 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്കു നയിച്ച കൈഫിനെ നിലത്തുവീണ് കെട്ടിപ്പിടിക്കുന്ന ക്യാപ്റ്റൻ ഗാംഗുലിയും ദ്രാവിഡും
(കടപ്പാട്: pti)

ഇംഗ്ലണ്ടിന്റെ ലോകോത്തര ഫാസ്റ്റ് ബൌളർമാരെ തന്റെ ഏകാഗ്രത കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും അതിജീവിച്ച കൈഫ് ഇന്ത്യൻ ക്രിക്കറ്റിന് അവിസ്മരണീയ മുഹൂർത്തമാണ് അന്ന് സമ്മാനിച്ചത്. കൂടാതെ നാറ്റ്വെസ്റ്റ് ട്രോഫി വിജയിച്ച ആ നിമിഷത്തിൽ ക്രിക്കറ്റ് ആരാധകർ മറക്കാത്ത ഒരു ചിത്രമുണ്ട്. ലോർഡ്സ് ക്രിക്കറ്റ് ഗ്രൌണ്ടിന്റെ പവലിയനിലെ പോർട്ടിക്കോയിൽ ആവേശംകൊണ്ട് തന്റെ ജഴ്സി വാനിൽ ചുഴറ്റി ആഹ്ലാദം പ്രകടിപ്പിക്കുന്ന ദാദയുടെ മുഖം. മുഹമ്മദ് കൈഫ് എന്ന ക്രിക്കറ്റ് പ്രതിഭ തന്റെ വിശ്വാസം കാത്തുവെന്ന സാക്ഷ്യപ്പെടുത്തലായിരുന്നു ആ പ്രകടനം.

കൈഫിനും യുവരാജിനുമൊപ്പം നാറ്റ്വെസ്റ്റ് ട്രോഫിയുമായി ക്യാപ്റ്റൻ ഗാംഗുലി
(കടപ്പാട്: pti)

സീരീസ് വിജയത്തിലൂടെ കൈഫും ഗാംഗുലിയും ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ചത് വിലമതിക്കാനാകാത്ത ഉൾക്കരുത്താണ്. ഇന്ന് വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വിശ്വവിജയങ്ങൾ നേടുമ്പോൾ നമുക്കറിയാം അതിനു മുമ്പ് മഹേന്ദ്രസിങ് ധോണിയെന്ന മായാജാലക്കാരന്റെ കൂർമ്മബുദ്ധിയും പ്രതിഭയും നൽകിയ സംഭാവന എന്തെല്ലാമാണെന്ന്. ഇന്ത്യക്ക് ഏറ്റവും രാജ്യാന്തര വിജയങ്ങൾ നൽകിയ ക്യാപ്റ്റനാണ് ധോണി. എന്നാൽ ധോണിക്കു മുമ്പ് വിജയദാഹത്തിന് പേര് ഒന്നേ ഉണ്ടായിരുന്നുള്ളൂ. അത് സൌരവ് ഗാംഗുലി എന്നായിരുന്നു. കോഴക്കളിയിൽ ഒറ്റയടിക്ക് അസ്ഹറുദ്ദീനടക്കം പല താരങ്ങളും ടീമിൽ നിന്ന് പുറത്തായപ്പോൾ, കൈത്താങ്ങില്ലാതെ ഒറ്റക്ക് പടനയിച്ച വീരനാണ് ഗാംഗുലി. ആ ഗാംഗുലി തന്റെ ആവനാഴിയിലെ പ്രധാനിയെന്ന് വിശേഷിപ്പിച്ച താരം തന്നെയാണ് മുഹമ്മദ് കൈഫും.

2013 ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനു വേണ്ടിയാണ് കൈഫ് അവസാനമായി ഐ.പി.എല്ലിൽ കളിച്ചത്
(കടപ്പാട്: bcci)

കൈഫിന്റെ സേവനം 2006 നു ശേഷം ഇന്ത്യൻ ക്രിക്കറ്റിന് ഉണ്ടായിട്ടില്ല. എന്നിട്ടും വെറും ആറു വർഷത്തെ അന്താരാഷ്ട്ര കരിയർ കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനം കീഴടക്കാൻ താരത്തിനു കഴിഞ്ഞു. ഇന്ത്യ പോലൊരു മഹാരാജ്യത്ത് എണ്ണിയാലൊടുങ്ങാത്ത ബാറ്റിംഗ് പ്രതിഭകൾ ഒഴുകിവരുന്ന കാലത്ത് കൈഫിന് തന്റെ സ്ഥാനം ഉറപ്പിച്ചു നിർത്താനായില്ല. ആഭ്യന്തര ക്രിക്കറ്റിൽ 2014 വരെ ഉത്തർപ്രദേശിനു വേണ്ടിയും പിന്നീട് ആന്ധ്രാ പ്രദേശ്, ഛത്തീസ്ഖഢ് എന്നീ ടീമുകൾക്കു വേണ്ടിയും കൈഫ് കളിച്ചു. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നീ ടീമുകളിലും കൈഫ് ബാറ്റ്സ്മാനായും ഫീൽഡറായും തിളങ്ങി.

Leave a Reply

Your email address will not be published. Required fields are marked *