ആസ്സാമിലെ കൊച്ചു ഗ്രാമത്തിൽ ആൺകുട്ടികൾക്കൊപ്പം വാശിയോടെ പന്തുതട്ടിയ ഹിമ; ഹിമദാസിന്റെ കരിയറിങ്ങനെ

Athletics News Sports Story

ചരിത്രം കുറിച്ച സ്വർണമെഡൽ നേട്ടത്തോടെ ഇന്ത്യൻ കായികലോകത്തിന് പുത്തനുണർവ്വ് സമ്മാനിച്ചിരിക്കുകയാണ് കൌമാരതാരം ഹിമദാസ്. അത്രയൊന്നും മികച്ച കുടുംബ പശ്ചാത്തലവും സാമൂഹിക പശ്ചാത്തലവുമല്ല ഹിമദാസ് ഇക്കാലമത്രയും താണ്ടിയത് എന്ന തിരിച്ചറിവ് ഇന്ത്യൻ കായികാസ്വാദകർക്ക് ഒരുപോലെ അമ്പരപ്പും അഭിമാനവുമായിരിക്കുകയാണ്.

ആസ്സാമിലെ നാഗോണിലെ ഒരു സാധാരണ കുടുംബത്തിലാണ് ഹിമദാസ് പിറന്നത്. തന്റെ മാതാപിതാക്കളുടെ ആറു മക്കളിൽ ഇളയവളായ ഹിമക്ക് ചെറുപ്പം തൊട്ടേ ഫുട്ബോളിലായിരുന്നു കമ്പം. ഗ്രാമത്തിലെ സ്കൂളിലും നാട്ടിലും ആൺകുട്ടികൾക്കൊപ്പം പന്തുതട്ടി കളിച്ച ഹിമ സ്വപ്നം കണ്ടത് ഇന്ത്യൻ വനിതാ ഫുട്ബോളറുടെ ജഴ്സിയായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യൻ കായികലോകത്തിന് അന്താരാഷ്ട്ര വേദികളിൽ മേൽവിലാസമുണ്ടാക്കിയ അഭിമാന താരമായി മാറിയിരിക്കുകയാണ് ഈ പതിനെട്ടുകാരി. ഇത്ര ചെറുപ്പത്തിൽ തന്നെ വലിയ നേട്ടം സ്വന്തമാക്കിയ ഹിമയുടെ ഇനിയുള്ള സ്വപ്നം ഒരുപക്ഷേ ലോകമറിയുന്ന ഒരു സ്പ്രിന്ററാകാനായിരിക്കും.

ഫുട്ബോൾ മോഹങ്ങൾക്കിടയിൽ തന്നെ ചെറിയ രീതിയിൽ അത്ലറ്റിക്സിൽ മത്സരിക്കാനാരംഭിച്ച ഹിമയെ കാത്തിരുന്നത് മികച്ച ട്രാക്ക് റെക്കോർഡുകളായിരുന്നു. അന്തർജില്ലാ മത്സരങ്ങൾക്കിടെയാണ് അത്ലറ്റിക്സ് പരിശീലകനായ നിപോൺ ദാസിനെ കണ്ടുമുട്ടുന്നത്. പിന്നീട് നിപോൺ ദാസാണ് ഹിമയെ പരിശീലിപ്പിച്ചത്. ഹിമയുടെ കഴിവിൽ ആത്മവിശ്വാസമുണ്ടായിരുന്ന അദ്ദേഹം ഹിമയോട് ഗുവാഹട്ടിയിലേക്ക് മാറണമെന്ന് പറഞ്ഞു.

ഒരു മികച്ച അത്ലറ്റിക്സ് കരിയർ വളടത്തിയെടുക്കാനാണ് നിപോൺ ദാസ് ഗുവാഹട്ടിയിലേക്ക് പോകണമെന്നു പറഞ്ഞത്. തന്റെ ഗ്രാമത്തിൽ നിന്ന് 140 കിലോമീറ്ററോളം അകലെയാണ് ആ നഗരമെന്ന് ഹിമ തിരിച്ചറിഞ്ഞു. എന്നാൽ വലിയ സാമ്പത്തിക ശേഷിയില്ലാത്ത മാതാപിതാക്കളെ എങ്ങനെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കുമെന്ന് കുഞ്ഞുഹിമക്ക് അറിയില്ലായിരുന്നു. അതിനാൽ കോച്ച് തന്നെ മാതാപിതാക്കളെ കാര്യം പറഞ്ഞ് മനസ്സിലാക്കി.

ഗുവാഹട്ടിയിൽ സരുസജായി സ്പോർട്സ് കോംപ്ലക്സിനടുത്ത് നിപോൺ ദാസ് തന്നെ ഹിമയ്ക്ക് താമസസ്ഥലം തരപ്പെടുത്തിക്കൊടുത്തു. കൂടാതെ സ്റ്റേറ്റ് അക്കാദമിയിൽ പുതുതായി ആരംഭിച്ച അത്ലറ്റിക്സ് വിഭാഗത്തിൽ ഹിമദാസ് പരിശീലനമാരംഭിച്ചു.

ഈ വർഷം ഏപ്രിലിൽ ഓസ്ട്രേലിയയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്റർ വിഭാഗത്തിൽ ആറാമതായി ഫിനിഷ് ചെയ്തതോടെയാണ് ഹിമയെ ഇന്ത്യൻ കായികലോകം ശ്രദ്ധിക്കുന്നത്. 51.32 സെക്കന്റുകൾ കൊണ്ടാണ് അന്ന് ഹിമ ഓട്ടം പൂർത്തിയാക്കിയത്. അതിനു ശേഷം ഇപ്പോൾ ഫിൻലാൻഡിൽ നടന്നുവരുന്ന അണ്ടർ-20 ലോക അത്ലറ്റിക് മീറ്റിൽ 400 മീറ്റർ വിഭാഗത്തിലാണ് ഹിമ സ്വർണം നേടിയത്. 51.46 സെക്കന്റുകൾകൊണ്ടാണ് ഹിമ തന്റെ ദൌത്യം വിജയകരമായി പൂർത്തിയാക്കിയത്. രണ്ടു വർഷം മുമ്പ് ജാവലിങ് ത്രോയിൽ ഇന്ത്യക്കായി സ്വർണം നേടിയ നീരജ് ചോപ്രക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ അത്ലറ്റ് സ്വർണ മെഡൽ കരസ്ഥമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *