ചെങ്കുപ്പായത്തിൽ ഇനിയെസ്റ്റ ഇനിയില്ല; അരങ്ങൊഴിയുന്നത് സ്പെയിൻ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്ലേമേക്കർ

FIFA World Cup 2018 Football News Story

സ്പെയിൻ ഫുട്ബോൾ കണ്ട എക്കാലത്തേയും മികച്ച പ്ലേമേക്കറായ ആന്ദ്രെസ് ഇനിയെസ്റ്റ ദേശീയ ടീമിന്റെ ജഴ്സിയിൽ ഇനിയില്ല. ഇന്നലെ 21-ാം ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടറിൽ ആതിഥേയരായ റഷ്യയോട് പെനാൽറ്റി ഷൂട്ടൌട്ടിൽ പുറത്തായതോടെയാണ് ഇനിയെസ്റ്റ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. “ഈ ദുരന്ത നിമിഷത്തിൽ ഞാനെല്ലാം അവസാനിപ്പിക്കുന്നു”- വിടവാങ്ങലിൽ ഇനിയെസ്റ്റ പറഞ്ഞു. പെനാൽറ്റി ഷൂട്ടൌട്ടിലെ റഷ്യൻ ഗോളിയുടെ മികച്ച സേവുകളാണ് സ്പെയിനെ ചതിച്ചത്.

റഷ്യക്കെതിരായ അവസാന മത്സരത്തിൽ ഗ്രൌണ്ടിൽ നിന്നും പുറത്തേക്ക് പോകുന്ന ഇനിയെസ്റ്റ
(കടപ്പാട്: fifa.com)

സ്പെയിൻ ദേശീയ ടീമിനു വേണ്ടി 131 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട് ഇനിയെസ്റ്റ. 2006-ലായിരുന്നു അരങ്ങേറ്റം. 12 വർഷക്കാലത്തെ അന്താരാഷ്ട്ര കരിയറിൽ രേഖപ്പെടുത്താവുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ താരത്തിനുണ്ട്. ആകെ 13 ഗോളുകളും സ്പെയിനിനു വേണ്ടി അദ്ദേഹം നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സ്പാനിഷ് ലാലിഗ സീസണിൽ ബാഴ്സലോണ കുപ്പായവും ഇനിയെസ്റ്റ അഴിച്ചുവച്ചിരുന്നു.

ലോകത്തെ തന്നെ ഏറ്റവും മികച്ച മിഡ്ഫീൽഡറായി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ തന്നെയാണ് താരത്തിന്റെ വിടവാങ്ങൽ. ശേഷിക്കുന്ന കാലം ജാപ്പനീസ് പ്രൊഫഷണൽ ഫുട്ബോൾ ടീമായ വിസ്സെൽ കോബയിലായിരിക്കും അദ്ദേഹം കളിക്കുക. 2010 ൽ സ്പെയിന് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ ഇനിയെസ്റ്റ വഹിച്ച പങ്ക് അതുല്യമാണ്. ഫൈനലിൽ അദ്ദേഹം നേടിയ ഏകഗോളിന്റെ മികവിലാണ്. അതിനു മുമ്പ് ഫൈനൽ വരെയുള്ള കുതിപ്പിൽ ടീമിനു തളർച്ച സംഭവിക്കുമ്പോഴൊക്കെ അമ്പരപ്പിക്കുന്ന വിധം കളിക്കുകയും ടീമിനെ കളിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം. 2010 ൽ ഫിഫയുടെ ബെസ്റ്റ പ്ലേമേക്കർ അവാർഡ് അദ്ദേഹത്തെ  തേടിയെത്തിയത് യാദൃശ്ചികമായല്ല.

ഇനിയെസ്റ്റക്ക് പകരം ഇനിയാര് എന്ന ചോദ്യത്തിന് കുറെ നാളുകളിലെങ്കിലും ഉത്തരമുണ്ടാകാനിടല്ല
(കടപ്പാട്: fifa.com)

2006-ലെ യൂറോ കപ്പ് നേടിക്കൊണ്ടായിരുന്നു ഇക്കഴിഞ്ഞ ഒന്നരപതിറ്റാണ്ടിലെ സ്പാനിഷ് ടീമിന്റെ അസാധാരണ കുതിപ്പ്. 2006-ലെ യൂറോ കപ്പ് സ്പെയിൻ നേടുമ്പോൾ അതിലും മായ്ക്കാനാകാത്തവിധം ഇനിയെസ്റ്റ ടച്ചുണ്ടായിരുന്നു. നേരത്തേ ആ വർഷം തന്നെ നടന്ന ഫിഫ ലോകകപ്പിലൂടെയാണ് താരം രാജ്യത്തിനായി അരങ്ങേറുന്നതും. മാത്രമല്ല, 2010 ലും 2012 ലും ഗോളടിക്കാത്ത താരമെന്നതിന്റെ മാത്രം പേരിൽ ബാലെൻ ദിയോർ പുരസ്കാരം ലഭിക്കാതെ പോയ താരംകൂടിയാണ് ഇനിയെസ്റ്റ. ഇതിഹാസതാരം പടിയിറങ്ങുമ്പോൾ പകരമാര് എന്ന ചോദ്യത്തിന് കുറെക്കാലമെങ്കിലും നിശബ്ദതയായിരിക്കും സ്പാനിഷ് ഫുട്ബോൾ ലോകത്തുണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *