ബ്രസീൽ കുതിക്കുമ്പോൾ കണ്ണുകളെല്ലാം ഈ താരത്തിലേക്ക്

FIFA World Cup 2018 Football News Sports Story

ബ്രസീൽ ഇ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ പ്രീക്വാർട്ടറിലെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ആരാധകർ കൊതിച്ച കളിയാണ് ടീം ഒത്തിണക്കത്തോടെ കാഴ്ച്ചവച്ചത്. നെയ്മർ പരിക്കു മാറി ഊർജ്ജസ്വലനായി ടീമിൽ മടങ്ങിയെത്തിയതും കൊസ്റ്റാറിക്കക്കെതിരെ ഇഞ്ച്വറി ടൈമിൽ ഗോൾ നേടി വിജയത്തിലേക്ക് നയിച്ചതും മഞ്ഞപ്പടയുടെ ആരാധകരെ കോരിത്തരിപ്പിച്ച നിമിഷങ്ങളാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ഇതുവരെയുള്ള കുതിപ്പിന് കരുത്ത് പകർന്നതിൽ നെയ്മറിന്റെ പങ്ക് ആർക്കും നിഷേധിക്കാനാകുന്നതുമല്ല.

(കടപ്പാട: fifa.com)

എതിരാളികളുടെ ശ്രദ്ധാകേന്ദ്രം നെയ്മറും അദ്ദേഹത്തിന്റെ ചലനങ്ങളുമാകുമ്പോഴും ബ്രസീലിന് ഇങ്ങനെ കുതിക്കാനുള്ള ഇന്ധനമെന്താണെന്നാണ് ഫുട്ബോൾ ലോകത്തെ പുതിയ ചിന്ത. അതിനുത്തരം ഇ ഗ്രൂപ്പിലെ ആദ്യ മത്സരമായ ബ്രസീൽ-സ്വിറ്റ്സർലണ്ട് പോരാട്ടത്തിലുണ്ട്. പെനാൽറ്റി ബോക്സിനിപ്പുറത്തു നിന്നും തൊടുത്ത ഷോട്ട് ചെന്നു പതിച്ചത് സ്വിറ്റ്സർലണ്ട് ഗോളിക്ക് അപ്രാപ്യമായ പോസ്റ്റിന്റെ വലത് മൂലയിലാണ്. കുടീന്യോയുടെ ക്ലാസ് തെളിയിച്ച ആ ഷോട്ടാണ് ബ്രസീലിനെ സ്വിസ് ആക്രമണത്തിൽ നിന്നും രക്ഷിച്ചത്. പിന്നീട് ആ കളിയിലെ മധ്യനിരയിലെയും പ്രതിരോധത്തിലെയും താരത്തിന്റെ മികവ് പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി.

കൊസ്റ്റാറിക്കക്കെതിരെ കുടീന്യോ ഗോൾ നേടുന്നു
(കടപ്പാട്: fifa.com)

ബാഴ്സലോണയുടെ വിശ്വസ്തനായ ഈ 26 കാരനായ മധ്യനിര താരം ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് നിറം കൂട്ടുന്നു. മികച്ച പന്തടക്കവും റിഫ്ലക്ഷനും ഈ താരത്തെ ടീമിലെ നമ്പർ വൺ പ്ലേമേക്കറാക്കി മാറ്റുന്നു. രണ്ടാം മത്സരത്തിലും കൊസ്റ്റാറിക്കൻ പോസ്റ്റിനു മുന്നിൽ നിരവധി തവണ അപകടം വിതറാൻ കുടീന്യോക്കായി. അതിനൊടുവിൽ അദ്ദേഹം ഒരു ഗോൾ സ്വന്തമാക്കുകയും ചെയ്തു. നെയ്മറാണ് മത്സരത്തിൽ ഗോൾ നേടിയ മറ്റൊരു താരം.

കുടീന്യോയുടെ സാന്നിധ്യം മഞ്ഞപ്പടക്ക് നൽകുന്ന കരുത്ത് എത്രത്തോളം വലുതാണെന്ന് ഏറ്റവും അവസാനം ബോധ്യപ്പെട്ടത് കഴിഞ്ഞ കളിയിൽ സെർബിയക്കെതിരെ പൌളീന്യോ നേടിയ ആദ്യ ഗോളാണ്. സെർബിയക്കെതിരെ നെയ്മർക്കും വില്ലനുമൊപ്പം ഫോർവേർഡായി കളിച്ച കുടീന്യോ മിഡ്ഫീൽഡർ പൌളീന്യോക്ക് നൽകിയ പാസ് കിറുകൃത്യമായിരുന്നു. പൌളിന്യോക്ക് ധൃതിയില്ലാതെ പന്ത് കൈക്കലാക്കാനും ഗോളിയെ വെട്ടിച്ച് അനായാസം ഗോൾ നേടാനും പാകത്തിൽ ആ പന്തെത്തിച്ച കുടീന്യോയുടെ കളിമികവ് ആ ഗോൾനേട്ടത്തോടൊപ്പം തന്നെയുണ്ട്.

(കടപ്പാട്: fifa.com)

ഇതുവരെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയ കുടീന്യോ ഇനിയുള്ള മത്സരങ്ങളിലും ബ്രസീലിന്റെ വിധി നിർണയിക്കുമെന്നുറപ്പാണ്. ഒപ്പം നെയ്മറും ജീസസും വില്ലനും, പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ കളിക്കുന്ന കാസെമിറോയും മാഴ്സെലോയും കൂടി ചേരുമ്പോൾ ബ്രസീലിന് മികച്ച കളി പുറത്തെടുക്കാനാകും. ആറാമത് ലോകകപ്പ് കിരീടനേട്ടം സ്വപ്നം കാണുന്ന ബ്രസീൽ ആരാധകരോട് അതിന് വകയുണ്ടെന്ന് വിളിച്ചു പറയുന്ന പ്രകടനമാണ് മത്സരങ്ങൾ പുരോഗമിക്കുംതോറും ടീം കാഴ്ച്ചവക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *