സിദാനും ശേഷം എന്തുകൊണ്ട് ലോപെറ്റെഗ്യു? മാഡ്രിഡിന്റെ പുതിയ ബോസ് ലോപെറ്റെഗ്യുവിന്റെ കരിയർ ഇങ്ങനെ

Football News Sports Story

സ്പാനിഷ് ഫുട്ബോൾ ലീഗിലെ പ്രബല ടീമായ റയൽ മാഡ്രിഡ് കോച്ച് സിനദിൻ സിദാൻ ഒഴിച്ചിട്ട പോസ്റ്റിലേക്ക് പുതുതായി കടന്നു വന്ന വ്യക്തിയാണ് ജുലൻ ലോപെറ്റെഗ്യു. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിനു തൊട്ടുപിന്നാലെയാണ് സിദാൻ റയൽ മാഡ്രിഡ് കോച്ച് സ്ഥാനത്തു നിന്നും രാജിവച്ചത്. സ്പെയിനിന്റെ മുൻ ഗോൾകീപ്പർകൂടിയായിരുന്ന ലോപെറ്റെഗ്യു 2016 മുതൽ സ്പെയിൻ ദേശീയ ടീമിന്റെ പരിശീലകനാണ്. റഷ്യൻ ലോകകപ്പിനു ശേഷം അദ്ദേഹം റയലിനൊപ്പം ചേരും. മൂന്നു വർഷത്തേക്കാണ് കരാർ.

ഒരു പരിശീലകനെന്ന നിലയിൽ ജുലൻ ലോപെറ്റെഗ്യുവിന്റെ സമീപകാല റെക്കോർഡ് വളെര മികച്ചതാണ് എന്നതു തന്നെയാണ് അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ റയൽ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്. നിലവിൽ റയലിൽ കളിക്കുന്ന പല മികച്ച താരങ്ങളെയും മുമ്പ് അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ക്ലബ്ബിലെ പ്രധാന താരങ്ങളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം തീർച്ചയായും ഗുണം ചെയ്യും.

റയൽ മിഡ്ഫീൽഡറായ ഇസ്കോ

റയൽ മാഡ്രിഡിന്റെ സ്പാനിഷ് താരമായ ഇസ്കോയെ അണ്ടർ-19 ദേശീയ ടീമിന്റെ പരിശീലകനായ കാലതത്തു തന്നെ അദ്ദേഹത്തിനറിയാം. മറ്റു പല താരങ്ങളെയും മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ടെന്നത് നേട്ടമാണ്. റയലിന്റെ ലോകോത്തര താരങ്ങളായ റൊണാൾഡോ, ടോണി ക്രൂസ്, മോഡ്രിക്, അസെൻസ്യോ തുടങ്ങിയ കളിക്കാരെ ഒത്തൊരുമയോടെ കോച്ചിന് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ.

2016 ൽ സ്പെയിൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ലോപെറ്റെഗ്യുവിന് കാര്യങ്ങളത്ര സുഖകരമായിരുന്നില്ല. സ്പെയിനിന് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച സീനിയർ താരങ്ങളായ കസീയസ്, വിയ്യ, സാവി തുടങ്ങിയവർ ടീമിൽ നിന്നു വിരമിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാരോഹണം. എന്നാൽ മികച്ച താരങ്ങളെ കൂടുതൽ കണ്ടെത്തി കണിശമായ പരിശീലനത്തിലൂടെയും മാനേജ്മെന്റിലൂടെയും അദ്ദേഹം സ്പെയിൻ ദേശീയ ടീമിന്റെ ശേഷി തിരിച്ചുപിടിച്ചു.

സ്പെയിൻ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നതിനിടയിൽ ജുലൻ ലോപെറ്റെഗ്യു

സമാന സാഹചര്യമാണ് റയൽ ക്യാമ്പിലുമുള്ളത്. പ്രായംകൂടിയ ഒന്നിലധികം പ്രധാന താരങ്ങൾ ഉടൻ ടീം വിടാൻ സാധ്യതയുണ്ട്. ആ സമയത്ത് സ്പെയിൻ ദേശീയ ടീമിന് നൽകിയ അതേ ഉണർവ്വ് റയലിന് നൽകാൻ അദ്ദേഹത്തിന് കഴിയും എന്ന ശുഭാപ്തിവിശ്വാസത്തിലാണ് മാനേജ്മെന്റും ആരാധകരും. ഒരു ക്ലബ്ബ് കോച്ചെന്ന നിലയിൽ ലോപെറ്റെഗ്യുവിന്റെ ആദ്യ പരീക്ഷണമാണിത് എന്ന പ്രത്യേകത കൂടിയുണ്ട്. ആ പരീക്ഷണവിജയത്തിനുള്ള കാത്തിരിപ്പിലാണ് റയൽ പ്രേമികൾ.

അതേസമയം, കളിക്കളത്തിനകത്ത് ഇതിഹാസമായി മാറിയ മുൻ ഫ്രഞ്ച് താരം സിനദിൻ സിദാൻ അമ്പരപ്പിക്കുന്ന നേട്ടമാണ് ഒരു കോച്ചെന്ന നിലയിലും സ്വന്തമാക്കിയത്. മൂന്നു വർഷക്കാലത്തെ ചുരുങ്ങിയ കാലംകൊണ്ട് പരമാവധി കിരീടനേട്ടങ്ങൾ അദ്ദേഹത്തിനു കീഴിൽ റയൽ മാഡ്രിഡ് നേടി. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ രാജിക്കു ശേഷം അടുത്ത റയൽ കോച്ച് ആരെന്ന ചോദ്യവും ഉത്തരവും പല കോണിൽ നിന്നും കേട്ടിരുന്നു. നിലവിൽ മറ്റു ക്ലബ്ബുകളെ പരിശീലിപ്പിക്കുന്ന പല പ്രഗത്ഭരായ കോച്ചുമാരുടെയും പേരുകൾ ഈ ഘട്ടത്തിൽ കേട്ടിരുന്നു. എന്നാൽ ഈ സ്ഥാനത്തേക്കുള്ള ലോപെറ്റെഗ്യുവിന്റെ കടന്നുവരവും അപ്രതീക്ഷിതമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *