“അന്ന് ഒരു ബൌളറായിരിയ്ക്കാൻ അത്ര പ്രയാസമുണ്ടായിരുന്നില്ല”; മുത്തയ്യ മുരളീധരൻ

Cricket News Sports Story

അതിവേഗത്തിൽ റൺസ് നേടാനും ചറപറ സിക്സറടിയ്ക്കാനും നിരന്തരം ശീലിയ്ക്കുന്ന കളിയാണ് ട്വന്റിട്വന്റി ക്രിക്കറ്റ്. കുട്ടിക്രിക്കറ്റിനു മുമ്പുള്ള കാലമായിരുന്നു ഒരു ബൌളറായിരിക്കാനുള്ള നല്ലകാലമെന്ന് വെളിപ്പെടുത്തുകയാണ് ലോകം കണ്ട ഏറ്റവും മികച്ച സ്പിൻ ബൌളറായ മുത്തയ്യ മുരളീധരൻ. ബാറ്റ്സ്മാന്മാരുടെ പേടിസ്വപ്നമായിരുന്നു മുരളീധരന്റെ ദൂസര.

“അന്ന് ഇന്നത്തെ പോലെ തുടർച്ചയായി സിക്സറടിയ്ക്കാനും ബൌളറെ തല്ലിതകർക്കാനും ബാറ്റ്സ്മാന്മാർ ശീലിച്ചിട്ടില്ലായിരുന്നു. വളരെ സമയമെടുത്തു കളിയ്ക്കുന്നതുകൊണ്ടു തന്നെ ബൌളർക്കും തന്ത്രങ്ങൾ മെനയാനുള്ള സമയമുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ബൌളർമാർക്ക് അത്തരം അവസരങ്ങളില്ല. ട്വന്റിട്വന്റി ക്രിക്കറ്റ് വന്നതോടെ കാര്യങ്ങളാകെ മാറി.”- മുരളീധരൻ ഒരു പ്രൊമോഷൻ പരിപാടിയിൽ പറഞ്ഞു.

നിലവിൽ ഐ.പി.എൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബൌളിംഗ് കോച്ചാണ് ഈ ശ്രീലങ്കൻ ഇതിഹാസതാരം. 2016 ൽ സൺറൈസേഴ്സ് ഐ.പി.എൽ കിരീടം ചൂടിയപ്പോൾ ബൌളിംഗ് ഡിപ്പാർട്ട്മെന്റിനെ നയിച്ചതും അദ്ദഹമായിരുന്നു. മൂന്നു വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് കുതിയ്ക്കുന്ന സൺറൈസേഴ്സിന് ഇത്തവണയും 2016 ആവർത്തിക്കാനാകുമെന്നാണ് മുരളീധരൻ പ്രത്യാശ പ്രകടിപ്പിക്കുന്നത്.

ശ്രീലങ്കയ്ക്കായി 133 ടെസ്റ്റുകളിൽ നിന്ന് 800 വിക്കറ്റുകൾ സ്വന്തമാക്കിയാണ് മുത്തയ്യ മുരളീധരൻ വിരമിച്ചത്. അടുത്തകാലത്തൊന്നും തകർക്കപ്പെടാൻ സാധ്യതയില്ലാത്ത റെക്കോർഡാണിത്. വെല്ലുവിളിയുയർത്തിയ ബൌളർമാരൊക്കെയും അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. രണ്ടാമതുള്ള ഷെയ്ൻ വോണിന് 708 വിക്കറ്റുകളാണുള്ളത്. 350 ഏകദിന മത്സരങ്ങളിൽ നിന്ന് 534 വിക്കറ്റുകൾ പിഴുത മുത്തയ്യയുടെ പേരിൽ 1354 അന്താരാഷ്ട്ര വിക്കറ്റുകളാണ് ആകെയുള്ളത്. ഈ ഇതിഹാസതാരത്തിന്റെ കരുത്തിലായിരുന്നു 1996 ലെ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലാദ്യമായി ശ്രീലങ്ക സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *