ബാറ്റ്സ്മാന്മാർക്ക് വീണ്ടും മുട്ടുവിറച്ചു; ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിങ്സ് തോൽവി

Cricket News Sports

ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം വീണത് ഇന്ത്യയുടെ പത്ത് വിക്കറ്റുകൾ. ഒന്നാം ഇന്നിങ്സിൽ ആൻഡേഴ്സന്റെ തീപാറുന്ന പന്തുകൾക്കു മുമ്പിൽ കറങ്ങിവീണ ഇന്ത്യ വെറും 107 റൺസിന് എല്ലാവരും പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആൻഡേഴ്സൺ വീണ്ടും നാലു വിക്കറ്റ് നേട്ടം കൊയ്തപ്പോൾ വെറും 130 റൺസിനാണ് ഇന്ത്യ ഓളൌട്ടായത്. ഇതോടെ ഇന്നിങ്സിനും 159 റൺസിനും തോറ്റ ഇന്ത്യ ലോർഡ്സിൽ നാണംകെട്ടു.

ആൻഡേഴ്സന്റെ തീതുപ്പുന്ന പന്തുകൾ ഒരിക്കൽകൂടി ഇന്ത്യൻ ബാറ്റ്സ്മാന്മാരെ വിറപ്പിച്ചു
(കടപ്പാട്: icc)

നാലാം ദിനം രാവിലെ 6 ന് 357 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയരായ ഇംഗ്ലണ്ട് സാം കുറന്റെ (40) വിക്കറ്റ് നഷ്ടപ്പെടതോടെ 7 ന് 396 എന്ന സ്കോറിന് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. അപ്പോഴും ഒരുവശത്ത് ഇന്നലെ സെഞ്ച്വറി പൂർത്തിയാക്കിയ ക്രിസ് വോക്സ് (137) പുറത്താകാതെ നിൽപ്പുണ്ടായിരുന്നു. 289 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡും ആതിഥേയർ സ്വന്തമാക്കി.

വിജയത്തിനു ശേഷം പവലിയനിലേക്ക് നടന്നടുക്കുന്ന ഇംഗ്ലീഷ് താരങ്ങൾ
(കടപ്പാട്: icc)

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് പതിവുപോലെ ഇംഗ്ലീഷ് പേസർമാർക്കു മുമ്പിൽ മറുപടിയുണ്ടായിരുന്നില്ല. റണ്ണൊന്നുമെടുക്കാതെ മുരളിവിജയിയും 10 റൺസെടുത്ത് ലോകേഷ് രാഹുലും ആൻഡേഴ്സണ് ഒരിക്കൽകൂടി വിക്കറ്റ് നൽകി മടങ്ങി. രഹാനെയും (13) മടങ്ങിയതോടെ ഈ ഇന്നിങ്സിലും ഇന്ത്യയുടെ ചിത്രമെന്തെന്ന് വ്യക്തമായി. രാഹുൽ ദ്രാവിഡിനു ശേഷം ഉദയംകൊണ്ട ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര ഏറെ നേരം ക്രീസിൽ നിലയുറപ്പിച്ചെങ്കിലും സ്കോർ ബോർഡ് ചലിപ്പിക്കാനായില്ല. 87 പന്തുകൾ നേരിട്ട പൂജാര ഒരു ബൌണ്ടറി സഹിതം 17 റൺസ് മാത്രമെടുത്തു നിൽക്കെ സ്റ്റുവർട്ട് ബ്രോഡിന്റെ പന്തിൽ കുറ്റിതെറിച്ചു പുറത്തായി.

ലോർഡ്സിലെ പവലിയനിൽ നിന്നും മത്സരം വീക്ഷിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി
(കടപ്പാട്: icc)

ബാറ്റിംഗ് ഓർഡറിൽ താഴേക്കിറങ്ങിക്കളിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് (17) ആദ്യ ടെസ്റ്റിലേതു പോലെ മാന്ത്രിക ഇന്നിങ്സ് പുറത്തെടുക്കാനായില്ല. സ്റ്റുവർട്ട് ബ്രോഡിനു മുമ്പിൽ കീഴടങ്ങുകയായിരുന്നു. ഇംഗ്ലീഷ് ബോളർമാർക്കു മുമ്പിൽ പിടിച്ചുനിൽക്കാൻ സാധിച്ചത് അശ്വിനും (33) ഹാർദിക് പാണ്ഡ്യക്കും (26) മാത്രമാണ്. അശ്വിനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്ക് ആദ്യ പന്തിൽ തന്നെ ബ്രോഡിനു മുന്നിൽ കീഴടങ്ങി.

ക്രിസ് വോക്സിന്റെ ഓൾറൌണ്ട് മികവാണ് ഇംഗ്ലണ്ടിന് ലോർഡ്സ് ടെസ്റ്റിൽ തുണയായത്
(കടപ്പാട്: icc)

ഇംഗ്ലണ്ടിനു വേണ്ടി ആൻഡേഴ്സൺ അഞ്ചു വിക്കറ്റുകളെടുത്ത് മുന്നിൽ നിന്ന് നയിച്ചപ്പോൾ സ്റ്റുവർട്ട് ബ്രോഡും നാലു വിക്കറ്റെടുത്ത് കളം നിറഞ്ഞു. സെഞ്ച്വറി നേടി ഇംഗ്ലണ്ടിന് മത്സരത്തിൽ മികച്ച ലീഡു നേടിക്കൊടുത്ത ക്രിസ് വോക്സ് രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റുകളും നേടി. ക്രിസ് വോക്സ് തന്നെയാണ് മത്സരത്തിലെ താരമായതും. വിജയത്തോടെ ആതിഥേയർ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0 ന് മുന്നിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *