ക്രിക്കറ്റ് പരമ്പരകളുടെ കാര്യത്തിൽ ടീമിന്റെ അഭിപ്രായത്തെ മാത്രം എപ്പോഴും ആശ്രയിക്കാനാവില്ലെന്ന് ഗവാസ്കർ

Cricket News Sports

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തിരക്കേറിയ ഷെഡ്യൂൾ പലപ്പോഴും ക്രിക്കറ്റ് താരങ്ങൾക്കും അധികൃതർക്കും തലവേദനയാകാറുണ്ട്. താരങ്ങളുടെ കായികക്ഷമതയെയും ടീം മാനേജ്മെന്റിനെയും ഇത് ബാധിക്കാറുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ടീമംഗങ്ങൾ കൂടുതൽ സമയം വിശ്രമത്തിനായി ആവശ്യപ്പെടാറുമുണ്ട്. എന്നാൽ അങ്ങനെ എപ്പോഴും ടീമംഗങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചു മാത്രം വിദേശപര്യടനങ്ങൾ ക്രമീകരിക്കാനാകില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടു. കൂടാതെ ഇന്ത്യൻ ടീമിനെതിരെ രൂക്ഷവിമർശനവും ഗവാസ്കർ ഉന്നയിച്ചു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ടീം മോശം ബാറ്റിംഗ് പ്രകടനം നടത്തിയ പശ്ചാത്തലത്തിലാണ് ഇതിഹാസതാരംകൂടിയായ സുനിൽ ഗവാസ്കറിന്റെ രൂക്ഷ വിമർശനം. ഇംഗ്ലണ്ട് പരമ്പരക്കായി ഇന്ത്യൻ ബാറ്റ്സ്മാന്മാർ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താത്തതാണ് പരാജയത്തിനു കാരണമെന്ന് ഗവാസ്കർ ആരോപിച്ചു. ഈ വർഷം ജനുവരിയിൽ നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടയിൽ തന്നെ വരുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പ് നടത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായി ഗവാസ്കർ വെളിപ്പെടുത്തി.

വിക്കറ്റ് തെറിച്ച് പുറത്താകുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്
(കടപ്പാട്: icc)

നിശ്ചിത ഓവർ മത്സരങ്ങൾക്കു ശേഷം പതിനാല് ദിവസത്തോളം ടെസ്റ്റ് മത്സരങ്ങൾക്ക് മുന്നോടിയായി ടീമിന് ലഭിക്കുമെന്നും, കൂടാതെ ഒന്നാം ടെസ്റ്റിനും രണ്ടാം ടെസ്റ്റിനും ഇടയിൽ എട്ടു ദിവസത്തോളം സമയമുണ്ടെന്നും ഗവാസ്കർ അന്ന് പറഞ്ഞിരുന്നു. ഈ സമയത്തിനിടക്ക് ഇംഗ്ലണ്ടിലെ ആഭ്യന്തര ടീമുകളുമായി ത്രിദിന പരിശീലന മത്സരങ്ങൾ കളിക്കണമെന്നും മുൻ ക്യാപ്റ്റനും സെലക്ടറുമായിരുന്ന ഗവാസ്കർ അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് ഇംഗ്ലണ്ടിലെ സാഹചര്യം ഇനിയും മനസ്സിലാകാത്തതുകൊണ്ടാണ് പേസർമാർക്കു മുമ്പിൽ മുട്ടുവിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും ബാറ്റ്സ്മാന്മാർ പകച്ചുനിൽക്കുമ്പോൾ പലപ്പോഴും ഇന്ത്യൻ ബൌളർമാരാണ് മാനം കാത്തത്. ഇശാന്ത് ശർമയും അശ്വിനുമാണ് അതിൽ പ്രധാനികൾ. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് താളം വീണ്ടെടുക്കാനായിട്ടില്ല. ജൂൺ അവസാനം അയർലണ്ടിൽ ആരംഭിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിദേശപര്യടനം നീണ്ട കാലയളവിനു ശേഷമാണ് ഇനി അവസാനിക്കുക. ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാലെ യു.എ.ഇയിൽ നടക്കുന്ന ഏഷ്യാ കപ്പിനു ശേഷം മാത്രമേ ടീം ഇന്ത്യക്ക് നാട്ടിലെത്താനാകൂ. അതിനു ശേഷം ഉടൻ തന്നെ ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ പര്യടനങ്ങൾക്കും പുറപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *