ലോർഡ്സിലെ ഈ ഇന്നിങ്സ് തന്റെ ബാല്യകാല സ്വപ്നമെന്ന് ക്രിസ് വോക്സ്

Cricket News Sports

ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യൻ പേസർമാർക്കു മുമ്പിൽ തകരുകയായിരുന്ന ഇംഗ്ലണ്ടിനെ കൈപിടിച്ചുയർത്തിയത് ഓൾറൌണ്ടർ ക്രിസ് വോക്സിന്റെ (120*) തകർപ്പൻ സെഞ്ച്വറിയും ജോണി ബൈർസ്റ്റോവിന്റെ (93) അർദ്ധസെഞ്ച്വറി പ്രകടനവുമാണ്. തുടക്കത്തിൽ ബൈർസ്റ്റോവ് ഒരു വശത്ത് നിലയുറപ്പിച്ചതാണ് വോക്സിനെ ധൈര്യപൂർവ്വം ബാറ്റുചെയ്യാൻ സഹായിച്ചത്. 5 ന് 131 എന്ന നിലയിൽ ഇംഗ്ലണ്ട് തകർന്നപ്പോഴാണ് വോക്സും ബൈർസ്റ്റോവും ഒന്നിച്ചത്. 159 പന്തുകൾ നേരിട്ട വോക്സ് 18 ബൌണ്ടറികൾ സഹിതം 120 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയാണ്.

ലോർഡ്സ് ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറിയുമായി ഇംഗ്ലണ്ടിനെ നയിക്കുന്ന ക്രിസ് വോക്സ് ഇപ്പോൾ മറ്റൊരു ത്രില്ലിലാണ്. ലോകക്രിക്കറ്റിന്റെ തറവാടായ ലോർഡ്സിൽ തന്നെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടാനായതിന്റെ ആവേശത്തിലാണ് താരം. ആ സെഞ്ച്വറി ടീമിനെ നിർണ്ണായക ഘട്ടത്തിൽ രക്ഷിക്കുന്നതും വോക്സിനെ ആവേശഭരിതനാക്കുന്നു. “ഇത് എന്റെ ബാല്യകാലം മുതലുള്ള സ്വപ്നമാണ്. മഹത്തായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൌണ്ടിൽ എല്ലാവരും എണീറ്റു നിന്നു കയ്യടിക്കുന്നത് വല്ലാതെ സന്തോഷിപ്പിക്കുന്ന അനുഭവമാണ്”- തന്റെ കന്നി സെഞ്ച്വറി പ്രകടനത്തിനു ശേഷം വോക്സ് പറഞ്ഞു.

വോക്സിന് അഭിനന്ദനങ്ങളുമായി സഹതാരം ജോണി ബൈർസ്റ്റോവ് ട്വിറ്റിൽ പോസ്റ്റ് ചെയ്തു. വോക്സ് സെഞ്ച്വറിയിലെത്തും വരെ ക്രീസിൽ ഒപ്പമുണ്ടായിരുന്നത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻകൂടിയായ ജോണി ബൈർസ്റ്റോവായിരുന്നു. ലോർഡ്സിൽ ആദരിക്കപ്പെടുന്നവരുടെ പട്ടികയിൽ പ്രിയസുഹൃത്ത് ക്രിസ് വോക്സിന്റെ പേരു ചേർക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്നും, കന്നി സെഞ്ച്വറി നേടിയ താരത്തെ അഭിനന്ദിക്കുന്നതായും ബൈർസ്റ്റോവ് ട്വിറ്ററിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *