കരീബിയൻ കരുത്തുമായി ആന്ദ്രെ റസ്സൽ; ഇത് അത്ഭുത പ്രകടനമെന്ന് ക്രിക്കറ്റ് ലോകം

Cricket News Sports

കരീബിയൻ പ്രീമിയർലീഗിൽ കരുത്തുറ്റ പ്രകടനം കാഴ്ച്ചവച്ച് ലോകത്തിന്റെ പ്രശംസ വാനോളം പിടിച്ചുപറ്റിയിരിക്കുകയാണ് വിൻഡീസ് ഓൾറൌണ്ടർ ആന്ദ്രെ റസ്സൽ. പൂർണ്ണമായും റസ്സലിന്റെ ദിനമായിരുന്നു ഇന്നലെ. ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച റസ്സൽ ഹാട്രിക്ക് വിക്കറ്റ് നേട്ടവും പിന്നീട് അതിവേഗ സെഞ്ച്വറിയും നേടി ടീമിന് ഉജ്ജ്വല വിജയം സമ്മാനിക്കുകയായിരുന്നു. കരീബിയൻ പ്രീമിയർലീഗിലെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ റസ്സൽ നയിച്ച ജമൈക്ക ടല്ലാവാഹ്സ് നാലു വിക്കറ്റിന്റെ ജയമാണ് തങ്ങളുടെ ഈ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ നേടിയത്.

ആദ്യം ബാറ്റു ചെയ്ത ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തു. കോളിൻ മൺറോ (61), ബ്രണ്ടൻ മക്കുല്ലം (56), ക്രിസ് ലിൻ (46) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ജമൈക്കക് വേണ്ടി ക്യാപ്റ്റൻ ആന്ദ്രെ റസ്സൽ ഹാട്രിക്ക് വിക്കറ്റെടുത്തു. ബ്രണ്ടൻ മക്കുല്ലം, ഡാരൻ ബ്രാവോ, ദിനേഷ് രാംദിൻ എന്നിവരുടെ വിക്കറ്റുകളാണ് റസ്സൽ അടുത്തടുത്ത മൂന്നു പന്തുകളിൽ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ജമൈക്കയുടെ മുൻനിര ബാറ്റ്സ്മാന്മാർ ട്രിൻബാഗോ ബൌളർമാർക്കു മുമ്പിൽ തകർന്നടിഞ്ഞു. ഒരു ഘട്ടത്തിൽ 5 ന് 41 റൺസെന്ന നിലയിലായി ജമൈക്ക. വിജയപ്രതീക്ഷകളെല്ലാം ഇല്ലാതായി. എന്നാൽ ആ സമയത്ത് ക്രീസിലെത്തിയ ക്യാപ്റ്റൻ ആന്ദ്രെ റസ്സൽ അരങ്ങുത കർക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. വെറും 49 പന്തിൽ 121 റൺസെടുത്ത് റസ്സൽ പുറത്താകാതെ നിന്നപ്പോൾ ടീം മൂന്നു പന്തുകൾ ബാക്കിനിൽക്കെ നാലു വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി.

കെന്നർ ലൂയിസിനെ (51) കൂട്ടുപിടിച്ച് 161 റൺസിന്റെ കൂറ്റൻ സഖ്യമാണ് റസ്സൽ പടുത്തുയർത്തിയത്. ജയത്തിന് 22 റൺസകലെ മാത്രമാണ് ലൂയിസിനെ നഷ്ടമാകുന്നത്. എന്നാൽ റസ്സലിന്റെ ബാറ്റിന്റെ ചൂട് കെട്ടടങ്ങിയിരുന്നില്ല. കൂറ്റനടികളിലൂടെ ജമൈക്ക നാലു വിക്കറ്റിന്റെ തകർപ്പൻ ജയം നേടി. 13 കൂറ്റൻ സിക്സറുകളും 6 ഫോറുകളുമാണ് റസ്സലിന്റെ വെടിക്കെട്ടിൽ പിറന്നത്. ഇന്ത്യൻ പ്രീമിയർലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കുന്തമുനയാണ് ആന്ദ്രെ റസ്സൽ. ക്യാപ്റ്റനെന്ന നിലയിൽ ആദ്യമത്സരം തന്നെ വിജയിക്കാനായതിന്റെ ആവേശത്തിലാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *