മഴയോടൊപ്പം ആൻഡേഴ്സന്റെ സംഹാരതാണ്ഡവം; ഇന്ത്യ 107 റൺസിന് പുറത്ത്

Cricket News Sports

മഴ പൂർണ്ണമായും കളിമുടക്കിയ ലോർഡ്സ് ടെസ്റ്റിന്റെ ആദ്യ ദിനത്തിനു ശേഷം കളിയാരംഭിച്ച രണ്ടാം ദിനത്തിൽ ഇംഗ്ലീഷ് പേസർ ജിമ്മി ആൻഡേഴ്സന്റെ സംഹാരതാണ്ഡവം. 20 റൺസ് മാത്രം വഴങ്ങി അഞ്ച് ഇന്ത്യൻ വിക്കറ്റുകൾ പിഴുത ആൻഡേഴ്സൺ വിക്കറ്റ് വേട്ടക്ക് നേതൃത്വം നൽകിയപ്പോൾ ഇന്ത്യൻ സ്കോർ കേവലം 107 ൽ അവസാനിച്ചു. ആകെ 35.2 ഓവർ മാത്രമാണ് രണ്ടാം ദിനം കളി നടന്നത്. സിംഹഭാഗവും മഴമൂലം നഷ്ടമായി. ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

കളിയാരംഭിച്ച് ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ തന്നെ ഇന്ത്യൻ ഓപ്പണർ മുരളി വിജയിയെ ഇന്ത്യക്ക് നഷ്ടമായി. ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് തെറിക്കുകയായിരുന്നു. ഒമ്പത് റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും ആൻഡേഴ്സൺ അടുത്ത പ്രഹരവും ഏൽപ്പിച്ചു. ഓഫ് സൈഡിനു പുറത്തേക്ക് പോയ പന്തിൽ ബാറ്റുവച്ച ലോകേഷ് രാഹുലിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിക്കുയായിരുന്നു. പിന്നാലെ രണ്ടാം ടെസ്റ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര റണ്ണൌട്ടായത് ഇന്ത്യക്ക് കനത്ത നഷ്ടമായി. ഇതോടെ സ്കോർ മൂന്നിന് 15 എന്ന നിലയിലായി.

അഞ്ചു വിക്കറ്റെടുത്ത ആൻഡേഴ്സൺ കാണികളെ അഭിവാദ്യം ചെയ്യുന്നു
(കടപ്പാട്: icc)

ആദ്യ ടെസ്റ്റിലേതു പോലെ മറ്റൊരു തകർപ്പൻ പ്രകടനം കാഴ്ച്ചവക്കുമെന്ന് പ്രതീക്ഷിച്ച ക്യാപ്റ്റൻ കോഹ്ലിയും വീണതോടെ ഇന്ത്യയുടെ പതനം കൺമുന്നിൽ കണ്ടു. ക്രിസ് വോക്സാണ് കോഹ്ലിയെ പുറത്താക്കിയത്. മുൻനിരയെ ആൻഡേഴ്സൺ തകർത്തതോടെ മറ്റു ബൌളർമാർക്ക് കാര്യങ്ങൾ എളുപ്പമായി. ക്രിസ് വോക്സ് രണ്ടും സ്റ്റുവർട്ട് ബ്രോഡ്, സാം കുറൻ എന്നിവർ ഓരോ വിക്കറ്റുകളും നേടി.

ഇന്ത്യൻ നിരയിൽ 29 റൺസെടുത്ത അശ്വിനും 23 റൺസെടുത്ത കോഹ്ലിയുമാണ് ടോപ് സ്കോറർമാർ. ഒരു ബാറ്റ്സ്മാനും ഇംഗ്ലീഷ് പേസാക്രമണത്തെ ചെറിയ രീതിയിലെങ്കിലും ചെറുത്തുനിൽക്കാനായില്ല. പിച്ച് ബൌളർമാർക്ക് അനുകൂലമായിരുന്നെങ്കിലും പലരും അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. ലോർഡ്സിലെ ഇന്ത്യയുടെ മൂന്നാം വിജയം നേടാമെന്ന കോഹ്ലിയുടെയും കൂട്ടരുടെയും സ്വപ്നങ്ങൾ ഇതോടെ അസ്ഥാനത്തായി. മഴ കളി തടസ്സപ്പെടുത്താതിരിക്കുകയും ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്സിൽ ചെറിയ സ്കോറിന് പുറത്താക്കുകയും ചെയ്തെങ്കിൽ മാത്രമേ ഇന്ത്യക്ക് ഇനി പ്രതീക്ഷയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *