രോഹിത് ശർമയ്ക്ക് തകർപ്പൻ സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 8 വിക്കറ്റിന്റെ ആധികാരിക ജയം

Cricket News Sports

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 8 വിക്കറ്റിന്റെ അനായാസ ജയം. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയുടെ (137*) തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യക്ക് ആധികാരിക ജയം സമ്മാനിച്ചത്. രോഹിതും ക്യാപ്റ്റൻ കോഹ്ലിയും (75) രണ്ടാം വിക്കറ്റിൽ 167 റൺസിന്റെ വൻ കൂട്ടുകെട്ടുണ്ടാക്കിയതാണ് കരുത്തായത്. നേരത്തെ കുൽദീപ് യാദവിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ 268 ൽ ഒതുക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം ഇന്ത്യ 59 പന്തുകൾ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു.

വെറും 82 പന്തിലാണ് രോഹിത് ശർമ തന്റെ 18-ാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കിയത്. ഇന്നിങ്സ് അവസാനിക്കുമ്പോൾ രോഹിത് ശർമ 114 പന്തിൽ 137 റൺസെടുത്തു പുറത്താകാതെ നിന്നു. 4 സിക്സറുകളും 15 ഫോറുകളുമാണ് രോഹിതിന്റെ അപരാജിത ഇന്നിങ്സിൽ ഉണ്ടായിരുന്നത്. ഇംഗ്ലണ്ട് ബൌളർമാർക്കെതിരെ ഒട്ടും സമ്മർദ്ദങ്ങളില്ലാതെയാണ് ഹിറ്റ്മാൻ ബാറ്റേന്തിയത്. കഴിഞ്ഞ ടി-ട്വന്റി മത്സരത്തിലും രോഹിത് സെഞ്ച്വറി നേടിയിരുന്നു. മറ്റൊരു ഓപ്പണറായ ശിഖർ ധവാൻ 27 പന്തിൽ 40 റൺസെടുത്ത് പുറത്തായി. ധവാൻ എട്ട് ഫോറുകൾ പായിച്ചു. ഓപ്പണിംഗിൽ രോഹിതിനൊപ്പം 59 റൺസ് കൂട്ടിച്ചേർത്താണ് താരം പുറത്തായത്. ലോകേഷ് രാഹുൽ 9 റൺസെടുത്ത് രോഹിതിനൊപ്പം പുറത്താകാതെ നിന്നു.

ആറു വിക്കറ്റുകളെടുത്ത കുൽദീപ് യാദവാണ് ഇംഗ്ലണ്ടിന്റെ കുതിപ്പിന് തടയിട്ടത്
(കടപ്പാട്: icc)

മൂന്നാമനായിറങ്ങിയ കോഹ്ലി ക്യാപ്റ്റന്റെ ഉത്തരവാദിത്തമുള്ള ഇന്നിങ്സാണ് കളിച്ചത്. ഒരുവശത്ത് വിക്കറ്റുകൾ വീഴാതെ കാക്കുമ്പോഴും ഫോമിലുള്ള രോഹിതിന് സ്ട്രൈക്ക് നൽകാനും റൺവേഗം താഴാതിരിക്കാനും കോഹ്ലി ശ്രദ്ധിച്ചു. 82 പന്തിൽ 75 റൺസെടുത്ത കോഹ്ലി ഏഴ് ബൌണ്ടറികൾ പായിച്ചു. ഇന്ത്യയുടെ വിജയമുറപ്പിച്ച ശേഷം 33-ാം ഓവറിലാണ് കോഹ്ലി പുറത്തായത്. ആദിൽ റാഷിദിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ലർ സ്റ്റമ്പ് ചെയ്യുകയായിരുന്നു.

രോഹിത്-കോഹ്ലി സഖ്യമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്
(കടപ്പാട്: icc)

നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഒരു പന്ത് ബാക്കിനിൽക്കെ 268 റൺസിന് ഓളൌട്ടാവുകയായിരുന്നു. പത്തോവറിൽ വെറും 25 റൺസ് വഴങ്ങി 6 വിക്കറ്റുകളെടുത്ത കുൽദീപ് യാദവിന്റെ മാരക സ്പെല്ലാണ് ഭദ്രമായ നിലയിലായിരുന്ന ഇംഗ്ലണ്ടിനെ തകർത്തത്. ഒരു ഇന്ത്യൻ ബൌളറുടെ ഏറ്റവും മികച്ച നാലാമത്തെ ആറു വിക്കറ്റ് പ്രകടനമാണ് കുൽദീപ് കാഴ്ച്ച വച്ചത്. ഇംഗ്ലണ്ടിന്റെ ആദ്യ ആറ് മുൻനിര വിക്കറ്റുകളിൽ അഞ്ചും സ്വന്തമാക്കിയ കുൽദീപ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരെ ശരിക്കും വെള്ളം കുടിപ്പിച്ചു.

അർദ്ധസെഞ്ച്വറി നേടിയ ബെൻ സ്റ്റോക്സിന്റെ ക്ഷമാപൂർവ്വമുള്ള ഇന്നിങ്സാണ് ഇംഗ്ലണ്ടിന് മാന്യമായ സ്കോർ സമ്മാനിച്ചത്
(കടപ്പാട്: icc)

ഇംഗ്ലണ്ട് ഓപ്പണർമാരായ ജേസൺ റോയിയും (38) ബൈർസ്റ്റോവും (38) 73 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് തീർത്തപ്പോൾ മറ്റൊരു കൂറ്റൻ സ്കോറിലേക്കാണ് ഇംഗ്ലണ്ട് കുതിക്കുന്നത് എന്ന് തോന്നിച്ചു. എന്നാൽ കുൽദീപ് യാദവ് ബൌൾ ചെയ്യാനെത്തിയതോടെ കളിയുടെ ഗതിമാറി. തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ജേസൺ റോയിയെ ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ച കുൽദീപ് തന്റെ രണ്ടാം ഓവറിൽ ആദ്യം ജോ റൂട്ടിനെയും ഉടനെ തന്നെ ബൈർസ്റ്റോവിനെയും പുറത്താക്കി. ഇതോടെ പതറിയ ഇംഗ്ലണ്ടിനെ രക്ഷിക്കാൻ ഇയാൻ മോർഗനും (19) സാധിച്ചില്ല.

നാലു വിക്കറ്റുകൾ നഷ്ടമായതോടെ ക്രീസിലൊരുമിച്ച ബെൻ സ്റ്റോക്സും ജോസ് ബട്ലറും ശ്രദ്ധയോടെ ബാറ്റു വീശി. ബട്ലർ 51 പന്തിൽ 53 റൺസെടുത്ത് പുറത്തായപ്പോൾ, ബെൻ സ്റ്റോക്സ് 103 പന്തിൽ വെറും രണ്ട് ബൌണ്ടറികളുടെ പിന്തുണയോടെ 50 റൺസെടുത്ത് പുറത്തായി. പക്ഷേ അപ്പോഴേക്കും കൽദീപ് യാദവിന്റെ അടുത്ത സ്പെല്ല് ആരംഭിച്ചിരുന്നു. ഇരുവരെയും പുറത്താക്കി ഇന്ത്യൻ സ്പിന്നർ അഞ്ചു വിക്കറ്റ് തികച്ചു. ഡേവിഡ് വില്ലിയെ കൂടി ലോകേഷ് രാഹുലിന്റെ കൈകളിലെത്തിച്ച് കുൽദീപ് ആറു വിക്കറ്റെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി. വാലറ്റത്ത് മൊയീൻ അലിയും (24) ആദിൽ റാഷിദും (22) ഭേദപ്പെട്ട പ്രകടനം നടത്തിയതുകൊണ്ടാണ് ഇംഗ്ലണ്ട് സ്കോർ 260 കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *