ഇത് റണ്ണൊഴുകും പരമ്പരയെന്ന് രോഹിത് ശർമ

Cricket News Sports

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ന് വൈകീട്ട് ട്രെന്റ് ബ്രിഡ്ജിൽ ആരംഭിക്കും. ആദ്യ മത്സരത്തിനു മുന്നോടിയായി പരമ്പരയുടെ സ്വഭാവം പ്രവചിച്ചിരിക്കുകയാണ് ഇന്ത്യൻ വെടിക്കെട്ട് ഓപ്പണർ രോഹിത് ശർമ. വൻതോതിൽ റണ്ണൊഴുകുന്ന പരമ്പരയായിരിക്കും ഇതെന്നാണ് രോഹിതിന്റെ പ്രവചനം. രോഹിത് ശർമ ഇത് പറയാൻ കാരണവുമുണ്ട്.

ഇംഗ്ലണ്ടിന്റെ അവസാന ഏകദിന പരമ്പര ഓസ്ട്രേലിയയോടായിരുന്നു. ആ പരമ്പരയിലുടനീളം മികച്ച ടോട്ടലുകൾ പടുത്തുയർത്താൻ ടീമുകൾക്കായിരുന്നു. ഇംഗ്ലണ്ടിലെ ഗ്രൌണ്ടുകളിലെ പിച്ചിന്റെ സ്വഭാവം നിലവിൽ ബാറ്റ്സ്മാന്മാർക്ക് അനുകൂലമാണ്. ഓസ്ട്രേലിയക്കെതിരെ ട്രെന്റ് ബ്രിഡ്ജിൽ കഴിഞ്ഞ മാസം നടന്ന ഏകദിന മത്സരത്തിൽ 481 റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഇത് പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ്.

“പോയ വർഷം ഇന്ത്യക്ക് അകത്തും പുറത്തും മികച്ച ക്രിക്കറ്റ് കാഴ്ച്ചവക്കാൻ ടീം ഇന്ത്യക്കായിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയും മറ്റൊരു മികച്ച വെല്ലുവിളിയായാണ് ഞാൻ കാണുന്നത്. കൂടാതെ അടുത്ത വർഷം നടക്കുന്ന ലോകകപ്പിനു മുന്നോടിയായി ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്”- രോഹിത് ശർമ മാധ്യമങ്ങളോട് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റിട്വന്റി മത്സരത്തിൽ കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യ സെഞ്ച്വറി നേടിയ രോഹിതിന്റെ മികവിൽ ആറു വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *