ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ; ആദ്യ ഏകദിനം വൈകീട്ട് ട്രെന്റ് ബ്രിഡ്ജിൽ

Cricket News Sports

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനം ഇന്ന് വൈകീട്ട് ട്രെന്റ് ബ്രിഡ്ജിൽ നടക്കും. ട്വന്റിട്വന്റി പരമ്പര 2-1 ന് സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്ത്യയുടെ ബാറ്റ്സ്മാന്മാരെല്ലാവരും മികച്ച ഫോമിലാണെന്നത് ഇംഗ്ലണ്ടിനേക്കാൾ ഇന്ത്യക്ക് മേൽക്കൈ നൽകുന്നു. അവസാന ട്വന്റിട്വന്റി മത്സരത്തിൽ 199 പിന്തുടർന്ന ഇന്ത്യ രോഹിത് ശർമയുടെ സെഞ്ച്വറിയുടെ മികവിൽ അനായാസവിജയം നേടുകയായിരുന്നു. ലോകേഷ് രാഹുൽ ആദ്യ മത്സരത്തിലും ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടിയിരുന്നു.

അതേസമയം ഇംഗ്ലണ്ടും മികച്ച ഫോമിൽ തന്നെയാണ് കളിച്ചുവന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ആധികാരികജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് അവർ. സമീപകാലത്തെ ഏറ്റവും മികച്ച ടീമാണ് ഇംഗ്ലണ്ടിന്റേത്. എന്നാൽ എതിരാളികൾ ഇന്ത്യയാകുമ്പോൾ ചെറിയ ഭയം ഇംഗ്ലീഷുകാർക്ക് തന്നെയാണ്. ജോസ് ബട്ലറും ജേസൺ റോയിയും തുടക്കം കുറിക്കുന്ന ബാറ്റിംഗ് നിരക്ക് കരുത്തായി ജോറൂട്ടും മോർഗനും ബൈർസ്റ്റോവും മൊയീൻ അലിയും എല്ലാം ഉണ്ട്.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ കഴിഞ്ഞ മാസം ഓസ്ട്രേലിയക്കെതിരെ നേടാനായതിന്റെ കരുത്തും ആത്മവിശ്വാസവും ഇംഗ്ലണ്ടിനുണ്ട്. അവസാനമായി ട്രെന്റ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ 481 റൺസാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ അടിച്ചുകൂട്ടിയത്. മത്സരത്തിൽ 242 റൺസിന്റെ വിജയം നേടുകയും ചെയ്തിരുന്നു.

എന്നാൽ ഭുവനേശ്വർ കുമാറും കുൽദീപ് യാദവും നയിക്കുന്ന ഇന്ത്യൻ ബൌളിംഗ് നിരയെ അതിജീവിക്കാൻ ഇംഗ്ലണ്ടിനാകുമോ എന്ന ചോദ്യമാണ് പ്രധാനം. ട്വന്റിട്വന്റിയിൽ പലപ്പോഴും ഇന്ത്യൻ സ്പിന്നർമാർക്കു മുമ്പിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ ഇരുട്ടിൽ തപ്പിയിരുന്നു. തങ്ങളുടെ രാജ്യത്തിന്റെ ഫുട്ബോൾ ടീം ലോകകപ്പ് സെമിഫൈനലിൽ ക്രൊയേഷ്യയോട് അപ്രതീക്ഷിതമായി തോറ്റതിന്റെ ഞെട്ടലിലാണ് ഇംഗ്ലീഷുകാർ. ക്രിക്കറ്റിലെങ്കിലും ജയിച്ചു തുടങ്ങാമെന്ന പ്രതീക്ഷയിലാണവർ.

Leave a Reply

Your email address will not be published. Required fields are marked *