ക്രൊയേഷ്യൻ ആഘോഷത്തിൽ പെട്ട് ക്യാമറാമാൻ!

FIFA World Cup 2018 Football News Sports

ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിൽ അപ്രതീക്ഷിതമായിരുന്നു. ആദ്യ 90 മിനിറ്റിൽ 1-1 ന് സമനിലയായതോടെ കളി അധികസമയത്തേക്ക് നീളുകയായിരുന്നു. അധികസമയത്തെ ആദ്യ പകുതിയിലും ഗോളൊന്നും വീഴാതെ കടന്നുപോയതോടെ പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് നീങ്ങുകയാണെന്ന് തോന്നി. എന്നാൽ അധികസമയത്തെ രണ്ടാം പകുതിയിൽ ക്രൊയേഷ്യൻ സൂപ്പർതാരം മരിയോ മാൻഡ്സുകിച്ച് കളിയുടെ ഗതി മാറ്റി.

വിജയഗോൾ നേടിയ ക്രൊയേഷ്യൻ താരങ്ങളുടെ ആഘോഷത്തിനിടയിൽ കുടുങ്ങിപ്പോയ ക്യാമറാമാൻ
(കടപ്പാട്: fifa.com)

109-ാം മിനിറ്റിൽ ക്രാമറിച്ച് പെനാൽറ്റി ബോകിസിലേക്ക് ഹെഡു ചെയ്തു നൽകിയ പാസ് ഇടംകാലുകൊണ്ട് ഗോൾ പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു മാൻഡ്സുകിച്ച്. ഇംഗ്ലണ്ട് ഗോൾകീപ്പർ പിക്ഫോർഡിനെ മറികടന്ന് പന്ത് വലയിലെത്തി. തീർത്തും അപ്രതീക്ഷിതമായ ഗോൾ ക്രൊയേഷ്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ വാനോളം ഉയർത്തുന്നതായിരുന്നു. അതും കളിയുടെ അഞ്ചാം മിനിറ്റു മുതൽ പിറകിൽ നിന്നിടത്തു നിന്നാണ് ക്രൊയേഷ്യ വിജയിച്ച് ഫൈനലിലേക്ക് മുന്നേറിയത്.

വിജയഗോൾ നേടിയ മാൻഡ്സുകിച്ചും സഹതാരങ്ങളും വികാരാധീനരായി പോസ്റ്റിനു പിറകിലെ കാണികളെ അഭിമുഖമായി നിന്ന് ആഹ്ലാദം പ്രകടിപ്പിച്ചു. ഇതിനിടക്ക് ആഘോഷം തീർത്ത ക്രൊയേഷ്യൻ താരങ്ങൾക്കിടയിൽ ഒരു ക്യാമറാമാൻ പെട്ടുപോയത് വൈകിയാണ് അവർ അറിഞ്ഞത്. താരങ്ങളുടെ ആവേശം അവസാനിച്ചതിനു ശേഷം മാത്രമാണ് താരങ്ങൾ ക്യാമറാമാൻ പെട്ടുപോയതാണെന്ന് തിരിച്ചറിഞ്ഞത്. പക്ഷേ തിരിച്ചറിഞ്ഞയുടൻ ക്രൊയേഷ്യൻ താരങ്ങൾ ക്യാമറമാനെ ചുംബനംകൊണ്ട് മൂടുന്ന കാഴ്ച്ചയാണ് കണ്ടത്. അതേസമയം വീണു കിടക്കുന്നതിനിടയിലും പുതിയ ആംഗിളുകളിൽ വീഡിയോ പകർത്തുന്ന തിരക്കിലായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *