ചരിത്രം തീർത്ത് ക്രൊയേഷ്യ; ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിൽ കടന്നു; ഇംഗ്ലണ്ടിന് പിന്മടക്കം

FIFA World Cup 2018 Football News Sports

21-ാമത് ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന്റെ എതിരാളികൾ ക്രൊയേഷ്യ. രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് തോൽപിച്ച് ചരിത്രത്തിലാദ്യമായി ക്രൊയേഷ്യ ഫൈനലിലെത്തി. 1-1 ന് സമനില പാലിച്ച ശേഷം അധികസമയത്തേക്ക് നീണ്ട കളിയിൽ 109-ാം മിനിറ്റിൽ ക്രൊയേഷ്യൻ സൂപ്പർതാരം മരിയോ മാൻഡ്സുകിച്ച് നേടിയ ഗോളിലാണ് ക്രൊയേഷ്യ വിജയമുറപ്പിച്ചത്. 1998 ന് ശേഷം ആദ്യമായാണ് ക്രൊയേഷ്യ ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്നത്. ആ തിരിച്ചുവരവ് ഫൈനലിലേക്കുള്ള ചവിട്ടുപടിയായി ഉയർത്തിയിരിക്കുകയാണ് ക്രൊയേഷ്യൻ താരങ്ങൾ.

കളിയാരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ ഗോൾ നേടി ഹാരി കെയിന്റെ ഇംഗ്ലണ്ട് കളിയിൽ ആധിപത്യം നേടി. ട്രിപ്പിയറിന്റെ ഫ്രീകിക്കിൽ മനോഹരമായൊരു ഗോളിലൂടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ ക്രൊയേഷ്യ തിരിച്ചടിച്ചതോടെ കളി അധികസമയത്തേക്ക് നീളുകയായിരുന്നു. 68-ാം മിനിറ്റിൽ ഉയർന്നു വന്നൊരു ലോങ് പാസ്സ് ക്രൊയേഷ്യൻ സ്ട്രൈക്കർ ഐവാൻ പെരിസിക് ചാടിവീണ് പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു.

ക്രൊയേഷ്യക്കായി ആദ്യ ഗോൾ നേടിയ പെരിസികിന്റെ ആഹ്ലാദം
(കടപ്പാട്: fifa.com)

കളിയുടെ അഞ്ചാം മിനിറ്റു മുതൽ മുന്നിട്ടുനിന്ന ഇംഗ്ലണ്ടിന് പെരിസികിന്റെ ഗോൾ അപ്രതീക്ഷിത ഷോക്കായി മാറി. തൊട്ടടുത്ത നിമിഷത്തിലും പെരിസികിന്റെയും കൂട്ടരുടെയും അപകടകരമായൊരു ഗോൾശ്രമത്തെ ഇംഗ്ലണ്ടിന് നേരിടേണ്ടിവന്നു. പെരിസികിന്റെ ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പറെ കടന്ന് പോസ്റ്റിൽ തട്ടി പുറത്താകുകയായിരുന്നു.

കളി അധികസമയത്തേക്ക് നീണ്ടപ്പോഴും ക്രൊയേഷ്യ തങ്ങൾ അപകടകാരികൾ തന്നെയാണെന്ന് കൂടുതൽ വ്യക്തമാക്കിക്കൊണ്ടിരുന്നു. ഇംഗ്ലണ്ട് ഗോളിക്ക് വിശ്രമിക്കാൻ ഇട നൽകാതെ ക്രൊയേഷ്യൻ താരങ്ങൾ ആക്രമണം അഴിച്ചുവിട്ടു. അധികസമയത്തെ രണ്ടാം പകുതിയിൽ മരിയോ മാൻഡ്സുകിച്ച് നേടിയ തകർപ്പൻ ഗോളാണ് ഇംഗ്ലണ്ടിന്റെ ഹൃദയം തകർത്തത്. 109-ാം മിനിറ്റിൽ പെരിസിക് ഹെഡ് ചെയ്ത് നൽകിയ പാസ് ഇംഗ്ലീഷ് ഗോളിയെ മറികടന്ന് മാൻഡ്സുകിച്ച് ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ക്രൊയേഷ്യ 2-1 ന് ലീഡു ചെയ്തു.

മരിയോ മാൻഡ്സുകിച്ചിന്റെ 109-ാം മിനിറ്റിലെ തകർപ്പൻ ഗോളാണ് ഇംഗ്ലണ്ടിന്റെ പതനം പൂർത്തിയാക്കിയത്
(കടപ്പാട്: fifa.com)

മാൻഡ്സുകിച്ചിന്റെ ലീഡ് ഗോളോടെ ഇംഗ്ലണ്ടിന് കളി കൈവിട്ടു. അപ്പോഴേക്കും ആത്മവിശ്വാസം വീണ്ടെടുത്ത ക്രൊയേഷ്യൻ താരങ്ങൾ തുടർന്നുള്ള അവസാന നിമിഷങ്ങളിൽ പ്രതിരോധവും ആക്രമണവും ഒരുപോലെ ശക്തമാക്കി. ഹാരി കെയിനും കൂട്ടരും വെള്ളം കുടിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. അധികസമയത്തെ രണ്ടാം പകുതിയും അവസാനിച്ചതോടെ ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിൽ കടന്നതിന്റെ ആഘോഷമാരംഭിച്ചു.

ഇതിനു മുമ്പ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടന്നത് 1990 ലായിരുന്നു. ക്രൊയേഷ്യയാകട്ടെ ഫ്രാൻസ് കിരീടം നേടിയ 1998 ലെ ലോകകപ്പിലാണ് സെമി ഫൈനൽ കണ്ടത്. ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ ക്രൊയേഷ്യ ഫൈനലിൽ ഏറ്റുമുട്ടുക ഫ്രാൻസിനെയായിരിക്കും. ജൂലൈ 15 ഞായറാഴ്ച്ച രാത്രിയാണ് മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *