കോഹ്ലി ഏകദിനത്തിലും നാലാം നമ്പറിൽ തന്നെ തുടരണമെന്ന് ദാദ

Cricket News Sports

ഇന്ത്യൻ ക്യാപ്റ്റൻ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും നാലാം നമ്പറിൽ തന്നെ തുടരണമെന്ന് മുൻ ക്യാപ്റ്റൻ സൌരവ് ഗാംഗുലി. നാളെയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ ആറു താരങ്ങളെയാണ് ഇന്ത്യ ഏകദിനത്തിൽ നാലാം നമ്പറിൽ പരീക്ഷിച്ചത്. എന്നാൽ ആർക്കും സ്ഥിരതയാർന്ന പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റിട്വന്റി പരമ്പര 2-1 ന് സ്വന്തമാക്കിയിരുന്നു. മൂന്നു മത്സരങ്ങളിലും കോഹ്ലി നാലാം നമ്പറിലാണ് ഇറങ്ങിയത്. മൂന്നാം നമ്പറിൽ ലോകേഷ് രാഹുലാണ് ബാറ്റു ചെയ്തത്. രാഹുലും കോഹ്ലിയും മികച്ച പ്രകടനമാണ് പരമ്പരയിൽ കാഴ്ച്ചവച്ചതും. അതുകൊണ്ട് നിർണായകമായ നാലാം നമ്പറിൽ ക്യാപ്റ്റൻ കോഹ്ലി തന്നെ ഇറങ്ങുന്നതാണ് നല്ലതെന്നാണ് ഗാംഗുലിയുടെ അഭിപ്രായം.

2017 ജൂലൈ-ആഗസ്റ്റ് മാസങ്ങളിലായി നടന്ന ശ്രീലങ്കൻ പര്യടനം മുതൽ ഇന്ത്യ ഏകദിനങ്ങളിൽ ആറു താരങ്ങളെയാണ് ഇതുവരെ പരീക്ഷിച്ചത്. ലോകേഷ് രാഹുൽ, കേദാർ ജാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അജിങ്ക്യ രഹാനെ എന്നിവരെയാണ് ഇന്ത്യ നാലാം നമ്പറിൽ പരീക്ഷിച്ചത്. ഇതിൽ ദിനേഷ് കാർത്തികിന് ഒരു പരിധിവരെ മികച്ച പ്രകടനം പുറത്തെടുക്കാനായി. എന്നാൽ ഒരു വിക്കറ്റ് കീപ്പറെന്ന നിലയിൽ ധോണി ടീമിലുള്ളത് കാർത്തികിന് കൂടുതൽ അവസരങ്ങൾ നഷ്ടപ്പെടുത്തി.

ക്യാപ്റ്റനെന്ന നിലയിൽ ബാറ്റിംഗിൽ കൂടുതൽ ഉത്തരവാദിത്തം കുറയ്ക്കാനും അവസരോചിതമായി ബാറ്റ് ചെയ്യാനും കോഹ്ലിക്ക് ഈ നീക്കത്തിലൂടെ സാധിക്കുമെന്നാണ് ദാദ കരുതുന്നത്. തന്റെ ആത്മകഥയായ ‘എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്’ എന്ന പുസ്തകം ലണ്ടനിൽ പ്രകാശനം ചെയ്യവേ ആണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *