ഫിഫ ലോകകപ്പിന്റെ ഉദ്ഘാടനമത്സരത്തിൽ തന്നെ ഗോൾമഴ പെയ്യിച്ച് റഷ്യ; സൌദിയെ 5-0 ന് കെട്ടുകെട്ടിച്ചു

FIFA World Cup 2018 Football News Sports

21-ാമത് ഫിഫ ലോകകപ്പ ഫുട്ബോളിൽ ആതിഥേയരായ റഷ്യക്ക് വിജയത്തുടക്കം. ഗോൾമഴ കണ്ട മത്സരത്തിൽ എതിരാളികളായ സൌദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് റഷ്യ തറപറ്റിച്ചത്. ലോകകപ്പിന്റെ ആരംഭം എന്നെന്നും മനസ്സിൽ തങ്ങിനിൽക്കുന്നൊരു ആഘോഷ മുഹൂർത്തമാക്കി മാറ്റി പഴയ സോവിയറ്റ് പട. മിഡ്ഫൽഡർ ചെറിഷേവിന്റെ ഇരട്ടഗോൾ നേട്ടമാണ് റഷ്യയുടെ കരുത്തായത്.

ഏഷ്യയിലെ ശക്തരായ ടീം എന്ന ഖ്യാതിയുമായി റഷ്യക്കെതിരെ ഉദ്ഘാടന മത്സരത്തിനിറങ്ങിയ സൌദിയെ നിഷ്പ്രഭമാക്കുന്ന ആക്രമണമായിരുന്നു റഷ്യയുടേത്. കളിയുടെ 12-ാം മിനിറ്റിൽ തന്നെ ഗാസിൻസ്കിയുടെ ഗോളിലൂടെ മുന്നിലെത്തിയ റഷ്യ ആദ്യപകുതിക്കു മുമ്പ് 43-ാം മിനിറ്റിലും സൌദിയുടെ വല കുലുക്കി. ചെറിഷേവിന്റെ ആദ്യ ഗോളായിരുന്നു ഇത്.

റഷ്യക്കായി ഇരട്ടഗോൾ നേടിയ ചെറിഷേവ്
(കടപ്പാട്: fifa)

ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റഷ്യ മുന്നിട്ടു നിന്നു. 71-ാം മിനിറ്റിൽ സ്യൂബയുടെ വകയായിരുന്നു മൂന്നാം ഗോൾ. ഇതോടെ സൌദിയുടെ ഉദ്ഘാടനമത്സരത്തിലെ വിജയപ്രതീക്ഷകൾ അവസാനിച്ചു. രണ്ടാം പകുതിയുടെ അവസാനം റഫറി നാലു മിനിറ്റ് ഇഞ്ച്വറി സമയം അനുവദിച്ചപ്പോൾ റഷ്യ അത് ശരിക്കും മുതലാക്കുന്ന കാഴ്ച്ചയാണ് കണ്ടത്. 91-ാം മിനിറ്റിൽ ചെറിഷേവ് കളിയിലെ തന്റെ രണ്ടാം ഗോൾ സ്വന്തമാക്കി. കൂടാതെ കളിയവസാനിക്കുന്നതിന്റെ തൊട്ടുമുമ്പ് റഷ്യയുടെ മറ്റൊരു മിഡ്ഫീൽഡറായ അലക്സാണ്ടർ ഗോലോവിനും ഗോളടിച്ചതോടെ സൌദിയുടെ പതനം പൂർത്തിയായി. 94-ാം മിനിറ്റിലാണ് അഞ്ചാമത്തെയും അവസാനത്തെയും ഗോൾ പിറന്നത്.

റഷ്യൻ ലോകകപ്പിന് തങ്ങളെ തിരഞ്ഞെടുത്ത ഫിഫയോടും ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരോടുമുള്ള സ്വാഗതമരുളലായി ആതിഥേയരുടെ ഗോൾവിരുന്ന്. ഉദ്ഘാടന പരിപാടികൾ കാണാനും ഉദ്ഘാടനമത്സരം കാണാനുമായി തിങ്ങിനിറഞ്ഞ ഗാലറിയിലെ കാണികൾക്ക് അക്ഷരാർത്ഥത്തിൽ വർണാഭമായൊരു വിരുന്നൊരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റഷ്യൻ ടീം.

എ ഗ്രൂപ്പിൽ അടുത്ത മത്സരം ഇന്ന് വൈകീട്ട് ഏഷ്യൻ കരുത്തരായ ഈജിപ്തും ലാറ്റിനമേരിക്കൻ ശക്തികളായ ഉറുഗ്വേയും തമ്മിലാണ്. സൂപ്പർതാരം മുഹമ്മദ് സലാഹ് കളിക്കുമെന്നാണ് ഈജിപ്ത് ടീമിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ. പരിക്ക് മാറിയെങ്കിലും പൂർണമായി വിശ്രമിച്ച ശേഷമേ താരം കളത്തിലിറങ്ങൂ എന്നാണ് ആദ്യം കിട്ടിയിരുന്ന റിപ്പോർട്ട്. അതേസമയം ബാഴ്സലോണയുടെ സ്റ്റാർ സ്ട്രൈക്കർ ലൂയിസ് സുവാരസുമായി കളത്തിലിറങ്ങുന്ന ഉറുഗ്വേ ഈജിപ്തിനെ തറപറ്റിക്കാമെന്ന കണക്കു കൂട്ടലിലാണ്.

ചെറിഷേവിന്റെ ഗോൾ കാണാം

Leave a Reply

Your email address will not be published. Required fields are marked *