റഷ്യയിലേക്ക് കണ്ണുംനട്ട് ലോകം; ലോകകപ്പിലെ ഉദ്ഘാടനമത്സരം രാത്രി മോസ്കോയിൽ

FIFA World Cup 2018 Football News Sports

റഷ്യൻ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് ഇനി ഏതാനും മിനിറ്റുകൾ മാത്രം ബാക്കി. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ റഷ്യയും സൌദി അറേബ്യയും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം. മത്സരത്തിൽ മുൻതൂക്കം ആതിഥേയർക്കു തന്നെയാണ്. എ ഗ്രൂപ്പിലാണ് ഇരു ടീമുകളും ഉൾപ്പെടുന്നത്.

മത്സരത്തിനു മുമ്പ് നടക്കുന്ന ഉദ്ഘാടന സെഷൻ വൻ ആഘോഷമാക്കാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. വിസ്മയിപ്പിക്കുന്ന കാഴ്ച്ചകൾ കാണാനായി ഫുട്ബോൾ ആരാധകരും കാത്തിരിപ്പിലാണ്. റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ലുസ്നികി സ്റ്റേഡിയത്തിലാണ് ഉദ്ഘാടനസെഷനും മത്സരവും നടക്കുക.

ഉദ്ഘാടന സെഷനിൽ ഫുട്ബോളിലെ ഇതിഹാസ താരങ്ങളും രാഷ്ട്രീയ-സാസ്കാരിക രംഗത്തെ ആഗോളപ്രശസ്തരും പങ്കാളികളാകും. വർണ്ണാഭമായ വിരുന്നായിരിക്കും സ്റ്റേഡിയത്തിൽ ഒരുക്കുക എന്ന് നേരത്തെ സംഘാടകർ വ്യക്തിമാക്കിയിരുന്നു.

അതേസമയം റഷ്യ-സൌദി അറേബ്യ പോരാട്ടത്തിൽ മുൻതൂക്കം കൽപിക്കപ്പെടുന്നത് ആതിഥേയർക്കു തന്നെയാണ്. അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റുകളിൽ കരുത്തരായ നിരവധി ടീമുകളോട് ധീരമായി ഏറ്റുമുട്ടിയ ചരിത്രം റഷ്യൻ ടീമിനുണ്ട്. അതേസമയം പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂർണമെന്റുകളിൽ വളരെ അപൂർവ്വമായാണ് ഏഷ്യൻ കരുത്തരായ സൌദി അറേബ്യ പങ്കാളികളായത്.

ഈ ലോകകപ്പിൽ ആതിഥേയർ പ്രതീക്ഷയോടെ അവതരിപ്പിക്കുന്ന കളിക്കാരൻ അറ്റാക്കിങ് മിഡ്ഫീൽഡറായ അലക്സാണ്ടർ ഗോലോവിൻ ആണ്. മറ്റൊരു താരം സ്ട്രൈക്കറായ ആന്റൺ മിറാൻചങ്ക് ആണ്. റഷ്യയുടെ ഈ രണ്ട് താരങ്ങൾക്ക് സൌദി അറേബ്യയുടെ പ്രതിരോധം തകർക്കാനാകുമെന്നാണ് റഷ്യൻ ക്യാമ്പ് പ്രതീക്ഷിക്കുന്നത്.

അതേസമയം പുണ്യമാസമായ റംസാനിൽ വ്രതമെടുത്ത് കളിക്കളത്തിലിറങ്ങുന്ന സൌദി താരങ്ങളും വിജയപ്രതീക്ഷയിലാണ്. ഫിഫ ലോകറാങ്കിങ്ങിൽ റഷ്യയേക്കാൾ മൂന്നു സ്ഥാനം മുന്നിലാണ് സൌദി അറേബ്യ. റഷ്യ 70-ാം സ്ഥാനത്തും സൌിദ അറേബ്യ 67-ാം സ്ഥാനത്തുമാണ്. മൂന്നു തവണ ഏഷ്യ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ സൌദി ഏഷ്യയിലെ മികച്ച ടീമുകളിലൊന്നാണ്. കൂടാതെ 1994 മുതലുള്ള നാല് ലോകകപ്പുകളിൽ യോഗ്യത നേടാനും സൌദി അറേബ്യ ടീമിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *