ശിഖർ ധവാനും മുരളിവിജയ്ക്കും സെഞ്ച്വറി; അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ ഇന്ത്യ ഭദ്രമായ നിലയിൽ

Cricket News Sports

ഓപ്പണർമാരായ ശിഖർ ധവാനും (107) മുരളി വിജയും (105) സെഞ്ച്വറി നേടിയപ്പോൾ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് മേൽക്കൈ. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 347 റൺസെന്ന ശക്തമായ നിലയിലാണ്. മഴമൂലം കളി കുറച്ചു സമയം തടസ്സപ്പെട്ടതിനാൽ 78 ഓവർ മാത്രമേ എറിയാനായുള്ളൂ.

ആദ്യ ദിനത്തിൽ ലഞ്ചിനു മുമ്പു തന്നെ സെഞ്ച്വറി നേടി റെക്കോർഡിട്ട ശിഖർ ധവാൻ ഉച്ചഭക്ഷണത്തിനു ശേഷം ഉടനെ പുറത്തായി. 96 പന്തിൽ 107 റൺസെടുത്ത ധവാൻ മുരളിവിജയ്ക്കൊപ്പം 168 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടു തീർത്താണ് പുറത്തായത്. മൂന്നു സിക്സറുകളും 19 ഫോറുകളും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്സ്. അഫ്ഗാനിസ്ഥാന്റെ സ്റ്റാർ ബൌളർ റാഷിദ് ഖാനെ തലങ്ങും വിലങ്ങും പ്രഹരിക്കാൻ ഇന്ത്യൻ ഓപ്പണർമാർ മത്സരിച്ചു.

സെഞ്ച്വറി നേടിയ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ (കടപ്പാട്: icc)

പതിയെ സ്കോർ ചെയ്തു തുടങ്ങിയ മുരളി വിജയ് (105) മഴയ്ക്കു ശേഷം ആരംഭിച്ച മൂന്നാം സെഷന്റെ തുടക്കത്തിൽ തന്നെ സെഞ്ച്വറി നേടി. 143 പന്തിലാണ് മുരളി വിജയ് സെഞ്ച്വറി പൂർത്തിയാക്കിയത്. പത്ത് പന്തുകൾ കൂടി നേരിട്ട ശേഷം സ്കോർ 280 ൽ നിൽക്കേ വിജയ് പുറത്തായി. വഫാദറിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു.

വിക്കറ്റുനേട്ടം ആഘോഷിക്കുന്ന അഫ്ഗാനിസ്ഥാൻ താരങ്ങൾ
(കടപ്പാട്: icc)

ധവാനു ശേഷം മൂന്നാമനായി ക്രീസിലെത്തിയ ലോകേഷ് രാഹുലും (54) മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അഫ്ഗാനിസ്ഥാന്റെ യാമിൻ അഹ്മദ്സൈയുടെ പന്തിൽ രാഹുലിന്റെ സ്റ്റമ്പ് തെറിച്ചു. മുരളിവിജയ്ക്കൊപ്പം 112 റൺസിന്റെ സഖ്യമുണ്ടാക്കാൻ രാഹുലിനായി. അവസാന സെഷനിൽ അഫ്ഗാൻ ബൌളർമാർ മിടുക്കു കാണിച്ചപ്പോൾ ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. ലോകേഷ് രാഹുൽ, ചേതേശ്വർ പൂജാര (35,) അജിങ്ക്യ രഹാനെ (10), ദിനേഷ് കാർത്തിക് (4) എന്നിവരാണ് അവസാന സെഷനിൽ പുറത്തായത്. സ്റ്റമ്പെടുക്കുമ്പോൾ ഹാർദിക് പാണ്ഡ്യയും (10) അശ്വിനുമാണ് (7) ക്രീസിൽ.

Leave a Reply

Your email address will not be published. Required fields are marked *