ന്യൂസിലാന്റ് കൌമാരതാര താരത്തിന് ഇരട്ടസെഞ്ച്വറി; പിറന്നത് ഒരുപിടി റെക്കോർഡുകൾ; റൺമല കയറി കിവീസ്

Cricket News Sports

അയർലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇരട്ടസെഞ്ച്വറിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി ന്യൂസിലാന്റ് വനിതാ താരം എ.സി കെർ. ഓപ്പണറായി ഇറങ്ങിയ ഈ കൌമാരതാരം പുറത്താകാതെ 232 റൺസ് നേടിയതോടെ ഏകദിന ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഇരട്ടസെഞ്ച്വറിയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുമാണ് പിറന്നത്. താരത്തിന്റെ ഇന്നിങ്സ് മികവിൽ 3 വിക്കറ്റിന് 440 റൺസാണ് കിവീസ് നേടിയത്. മൂന്നാമതായിറങ്ങിയ കാസ്പെറെകും (113) സെഞ്ച്വറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ അയർലണ്ട് വെറും 135 ന് പുറത്തായതോടെ 305 റൺസിന്റെ കൂറ്റൻ വിജയമാണ് ന്യൂസിലാന്റിന്റെ വനിതാ ടീം നേടിയത്.

ഓപ്പണിംഗിൽ സാറ്റേർത്വൈറ്റിനൊപ്പം (61) 113 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ കെർ കാസ്പെറെകിനൊപ്പം 295 റൺസിന്റെ കൂറ്റൻ പാട്ണർഷിപ്പും തീർത്തു. 15-ാം ഓവറിൽ 113 ൽ ഒത്തുകൂടിയ കെർ-കാസ്പെറെക് സഖ്യം 47.2 ഓവറിൽ 408-ലാണ് പുറത്താകുന്നത്. വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ് ഈ സഖ്യം നേടിയത്. 2017 ൽ അയർലണ്ടിനെതിരെ തന്നെ ഇന്ത്യയുടെ ദീപ്തി ശർമ-പൂനം റാവത്തും നേടിയ 320 റൺസാണ് നിലവിലെ ഏറ്റവും ഉയർന്ന സ്കോർ.

അമേലി കെർ പന്തെറിയുന്നു

145 പന്തുകൾ നേരിട്ട കെർ രണ്ട് സിക്സറുകളുടെയും 31 ഫോറുകളുടെയും അകമ്പടിയോടെയാണ് 232 റൺസ് നേടിയത്. കാസ്പെറെക് 105 പന്തിലാണ് പത്ത് ബൌണ്ടറികൾ സഹിതം  113 റൺസ് നേടിയത്. ഓപ്പണറായ സാറ്റേർത്വൈറ്റ് 45 പന്തിൽ പത്ത് ഫോറുകളടക്കം 61 റൺസ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയർലണ്ട് വനിതകളെ 17 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ കെറിന്റെ തന്നെ ബൌളിംഗാണ് തകർത്തത്. കെറിന്റെ ലെഗ്സ്പിന്നിനു മുന്നിൽ കറങ്ങി വീണ അയർലണ്ട് നിരയിൽ ഓപ്പണർ റൈമണ്ട് ഹോയ്ക്ക് (42) മാത്രമാണ് പിടിച്ചുനിൽക്കാനായത്.

വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു റെക്കോർഡുകൂടി ന്യൂസിലാന്റ്-അയർലണ്ട് പരമ്പരയിൽ പിറന്നു. റൺസിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റവും ഉയർന്ന നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും വിജയങ്ങളാണ്  ന്യൂസിലാന്റ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ 346 റൺസിന്റെ ജയവും രണ്ടാം മത്സരത്തിൽ 306 റൺസിന്റെ ജയവും സ്വന്തമാക്കിയപ്പോൾ മൂന്നാം ഏകദിനത്തിൽ 305 റൺസിന്റെ ജയവും നേടി.

Leave a Reply

Your email address will not be published. Required fields are marked *