ആദ്യ ഏകദിനം ഇംഗ്ലണ്ട് നേടി; ഓസീസിനെ തകർത്തത് 3 വിക്കറ്റിന്

Cricket News Sports

ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് തോൽവി. ഓവലിൽ നടന്ന മത്സരത്തിൽ 36 പന്ത് ബാക്കി നിൽക്കെ മൂന്നു വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. സീനിയർ താരങ്ങളും മുൻനിര ബൌളർമാരും ടീമിൽ നിന്ന് പുറത്തായതിന്റെ കുറവ് നികത്താനിറങ്ങിയ ഓസീസിന് കനത്ത തിരിച്ചടിയാണ് ഇംഗ്ലണ്ട് നൽകിയത്. മോർഗൻ-റൂട്ട് കൂട്ടുകെട്ടാണ് ഓസീസിന്റെ പരാജയമുറപ്പിച്ചത്.

ഒരു ഘട്ടത്തിൽ 3 വിക്കറ്റിന് 38 എന്ന നിലയിൽ ആതിഥേയർ തകർന്നെങ്കിലും ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗനും ജോ റൂട്ടും ചേർന്ന് 115 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി രക്ഷകരായി. 74 പന്ത് നേരിട്ട മോർഗൻ 11 ബൌണ്ടറികൾ പായിച്ചു. 71 പന്തിൽ നാല് ബൌണ്ടറികളുടെ സഹായത്തോടെയാണ് റൂട്ട് അർദ്ധസെഞ്ച്വറി പ്രകടനം നടത്തിയത്. ഇരുവരും പുറത്തായത് ടീമിനെ തളർത്തിയെങ്കിലും വാലറ്റത്തെ ചെറുത്തുനിൽപ്പ് ഫലം കണ്ടു. ഓപ്പണർ ബൈർസ്റ്റോവ് 28 റൺസെടുത്തു.

ഇംഗ്ലണ്ടിനു വേണ്ടി പുറത്താകാതെ 35 റൺസ് നേടിയ ഡേവിഡ് വില്ലി സിക്സറടിച്ചാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്
(കടപ്പാട്: icc)

10 റൺസ് നേടുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. 153 ൽ മോർഗനും 163 ൽ ബട്ലറും പുറത്തായി. അതുവരെ പൊരുതിനിന്ന റൂട്ടും (50) അതേ സ്കോറിൽ പവലിയനിലെത്തിയതോടെ ഇംഗ്ലണ്ട് തോൽവി മണത്തു. മോർഗനെയും (69) ബട്ലറെയും (9) പുറത്താക്കി ആൻഡ്ര്യൂ ടൈയാണ് അപകടം വിതച്ചത്. എന്നാൽ വാലറ്റക്കാരായ മൊയീൻ അലി (17), ഡേവിഡ് വില്ലി (35*) എന്നിവർ ആതിഥേയരെ വിജയത്തിലേക്ക് നയിച്ചു. ഓസീസിനു വേണ്ടി ആൻഡ്ര്യൂ ടൈ, ബില്ലി സ്റ്റാൻലേക്ക്, മൈക്കൽ നെസർ എന്നിവർ രണ്ടു വിക്കറ്റു വീതം നേടി.

ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 47 ഓവറിൽ 214 റൺസിന് ഓളൌട്ടാകുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ലിയാം പ്ലങ്കറ്റ്-മൊയീൻ അലി-ആദിൽ റാഷിദ് ത്രയമാണ് ഓസീസിനെ ചുരുട്ടിക്കെട്ടിയത്. പ്ലങ്കറ്റും മൊയീൻ അലിയും മൂന്നു വിക്കറ്റും വീതവും റാഷിദ് രണ്ട് വിക്കറ്റും നേടി. ഓസീസ് ബാറ്റിംഗ് നിരയിൽ ഗ്ലെൻ മാക്സ്വെല്ലിനും (62) ആഷ്ടൺ അഗറിനും (40) മാത്രമാണ് തിളങ്ങാനായത്. ഇരുവരും ചേർന്ന് 84 റൺസ് കൂട്ടുകെട്ടുയർത്തി. മാക്സ്വെൽ 64 പന്തിൽ നിന്ന് രണ്ട് സിക്സറുകളും നാല് ഫോറുകളും സഹിതമാണ് 62 റൺസെടുത്തത്. ആഷ്ടൺ നാല് ബൌണ്ടറികൾ പായിച്ചു. ആരോൺ ഫിഞ്ച് 19 ഉം ക്യാപ്റ്റൻ ടിം പെയ്ൻ 12 ഉം റൺസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *