പകരക്കാരനെത്തി; ഫെർണാണ്ടോ ഹിയേരോ സ്പെയിനിന്റെ പരിശീലകനാകും

FIFA World Cup 2018 Football News Sports

ലോകകപ്പ് തൊട്ടടുത്ത് നിൽക്കെ സ്പെയിൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായിരുന്ന ജുലൻ ലോപെറ്റെഗ്യുവിനെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്ത സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പുതിയ കോച്ചിനെ നിയമിച്ചു. മുൻ സ്പാനിഷ് താരം കൂടിയായ ഫെർണാണ്ടോ ഹിയേരോയെയാണ് സ്പെയിനിന്റെ പുതിയ പരിശീലകനായ ചുമതലപ്പെടുത്തിയത്.

നിലവിൽ സ്പെയിൻ നാഷണൽ ഫുട്ബോൾ ടീമിന്റെ സ്പോർട്ടിംഗ് ഡയറക്ടറായി ചുമതല വഹിക്കുന്ന വ്യക്തികൂടിയായിരുന്നു ഫെർണാണ്ടോ ഹിയേരോ. സ്പെയിനിനു വേണ്ടി നാല് ലോകകപ്പുകളിൽ കളിച്ച പരിയസമ്പത്തുണ്ട് ഹിയേരോക്ക്. റയലിനായി 1989 മുതൽ 2003 വരെ കളിച്ച താരമാണ് ഹിയേരോ. ഒരു പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന സ്പാനിഷ് ലീഗ് കരിയറിൽ 668 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. 2016-17 സീസണിൽ സ്പാനിഷ് ക്ലബ്ബായ റയൽ ഒവിയേഡോവിനെ പരിശീലിപ്പിച്ച ചരിത്രവുമുണ്ട് ഹിയേരോക്ക്.

സ്പെയിനിനു വേണ്ടി നാല് ലോകകപ്പുകളിലും രണ്ട് യൂറോകപ്പുകളിലും പങ്കാളിയാകാൻ ഹിയേരോക്ക് കഴിഞ്ഞിട്ടുണ്ട്

കഴിഞ്ഞ ദിവസം ലോപെറ്റെഗ്യുവിനെ സിനദിൻ സിദാൻ ഒഴിച്ചിട്ട റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചതായി റയൽ അധികൃതർ വെളിപ്പെടുത്തിയിരുന്നു. ലോകകപ്പിനു ശേഷം ലോപെറ്റെഗ്യു റയലിനൊപ്പം ചേരുമെന്നും സ്ഥിരീകരിച്ച റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ നീക്കം സ്പാനിഷ് ഫുട്ബോൾ അസോസിയേഷനെ പ്രകോപിപ്പിച്ചു. അങ്ങനെ 2016 മുതൽ സ്പെയിൻ നാഷണൽ ടീമിന്റെ പരിശീലകനായിരുന്ന ലോപെറ്റെഗ്യുവിനെ മാറ്റാൻ അസോസിയേഷൻ നിർബന്ധിതമായി.

രണ്ടു ദിവസത്തിനകം ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് തയ്യാറെടുക്കുന്ന തിരക്കിലായിരുന്നു സ്പാനിഷ് ടീം. അപ്രതീക്ഷിതമായ വിവാദങ്ങൾ ടീമിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ പുതിയ കോച്ചിന്റെ വരവോടെ പ്രശ്നങ്ങൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *