തൊപ്പി തെറിച്ച് സ്പെയിൻ കോച്ച്; അമ്പരന്ന് ഫുട്ബോൾ ആരാധകർ

FIFA World Cup 2018 Football News Sports

റഷ്യൻ ലോകകപ്പിന് ഒരു ദിനം മാത്രം ശേഷിക്കെ അവിശ്വസനീയ നടപടിയുമായി സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ. സ്പെയിൻ കോച്ച് ജുലൻ ലോപെറ്റെഗ്യുവിനെ പുറത്താക്കിയാണ് അസോസിയേഷൻ ഞെട്ടൽ സൃഷ്ടിച്ചത്. കോച്ചിന്റെ പുറത്താകൽ ഫുട്ബോൾ ആരാധകർക്കിടയിൽ അമ്പരപ്പുളവാക്കി. ലോകകപ്പ് നേടാൻ സാധ്യത കൽപിക്കുന്ന ടീമാണ് സ്പെയിൻ.

ലോകകപ്പിലെ പോർച്ചുഗലുമായുള്ള ഗ്രൂപ്പ് റൌണ്ട് മത്സരം ആരംഭിക്കുന്നതിന് വെറും രണ്ടു ദിവസം മുമ്പാണ് കോച്ചിന്റെ പുറത്താകൽ. പെട്ടെന്നുള്ള നടപടി ടീമിന്റെ പ്രകടനത്തെ ഏതു തരത്തിൽ ബാധിക്കുമെന്ന് കണ്ടറിയണം. 2016 ജൂലൈ മുതൽ സ്പെയിൻ ടീമിനെ പരിശീലിപ്പിക്കുന്ന ജുലൻ മികച്ച നിലവാരം പുലർത്തിയിരുന്നു.

സ്പെയിൻ കോച്ചായിരുന്ന ജുലൻ ലോപെറ്റെഗ്യുവിനെ റയൽ മാഡ്രിഡിന്റെ കോച്ചായി തിരഞ്ഞെടുത്ത വിവരം ക്ലബ്ബ് അധികൃതർ അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ ഈ കടുത്ത നടപടി എടുത്തതെന്നാണ് സൂചന. ദേശീയ ടീം പങ്കെടുക്കുന്ന സുപ്രധാന ടൂർണമെന്റിന്റെ ഇടയിൽ തന്നെ ഒരു ക്ലബ്ബുമായി കരാറിലെത്തിയത് അധികൃതർക്ക് ഒട്ടും മതിപ്പുളവാക്കിയിരുന്നില്ല.

അതേസമയം മുൻ കോച്ച് സിനദിൻ സിദാന്റെ രാജിക്കു ശേഷം തങ്ങൾക്ക് യോജിച്ച ഒരു പരിശീലകനെ കണ്ടെത്തിയ ആശ്വാസത്തിലാണ് റയൽ അധികൃതർ. കഴിഞ്ഞ ആഴ്ച്ചയാണ് ചാമ്പ്യൻസ് ലീഗ് കിരീടം ചൂടി നിൽക്കുന്ന സമയത്ത് സിദാൻ റയൽ പരിശീലക സ്ഥാനത്തു നിന്നും പിന്മാറുന്നു എന്ന പ്രഖ്യാപനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *