തടസ്സം ധോണി തന്നെയെന്ന് ദിനേഷ് കാർത്തിക്ക്

Cricket News Sports

അഫ്ഗാനിസ്ഥാനെതിരെ നാളെ നടക്കുന്ന ടെസ്റ്റിലൂടെ തിരിച്ചുവരവിനൊരുങ്ങുന്ന ദിനേഷ് കാർത്തിക്ക് മനസ്സു തുറക്കുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി തന്നെയായിരുന്നു തനിക്ക് ടീമിലിടം നേടാനാകാതെ പോയതിന് കാരണമെന്നാണ് കാർത്തിക്ക് പറയുന്നത്. ഏട്ടു വർഷത്തെ നീണ്ട ഇടവേളക്കു ശേഷമാണ് താരം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരുന്നത്.

“സാധാരണ ക്രിക്കറ്റിൽ എനിക്ക് സ്ഥാനം നഷ്ടമായിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലും മറ്റു ലീഗുകളിലും ഞാൻ സജീവമാണ്. എന്നാൽ മഹേന്ദ്രസിങ് ധോണിയെപ്പോലൊരു മഹാനായ താരത്തിനു മുന്നിൽ എനിക്ക് മറ്റു വഴികളുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അന്നത്തെ സാന്നിദ്ധ്യം ടീമിന് വലിയ കരുത്തായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനെയാണ് അദ്ദേഹത്തിലൂടെ നമുക്ക് കിട്ടിയത്”- കാർത്തിക് പറഞ്ഞു.

2010 ൽ ബംഗ്ലാദേശിനെതിരെയാണ് കാർത്തിക്ക് അവസാനമായി ഇന്ത്യക്കു വേണ്ടി ടെസ്റ്റ് മത്സരം കളിച്ചത്. അതിനു ശേഷം നടന്ന 87 ടെസ്റ്റുകളിൽ താരത്തിന് പുറത്തിരിക്കേണ്ടിവന്നു. ക്യാപ്റ്റനായിരുന്ന ധോണി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായും ടീമിന്റെ അവിഭാജ്യഘടകമായി മാറിയിരുന്നു. ഈ ഘട്ടത്തിൽ കാർത്തിക്ക് ഒരു അധികപ്പറ്റായിരുന്നു. തുടർന്ന് ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എൽ പോലുള്ള ടൂർണമെന്റുകളിലും ഒട്ടേറെ തവണ മികച്ച പ്രകടനം കാഴ്ച്ചവച്ചിട്ടും സീനിയർ ടെസ്റ്റ് ടീമിൽ കയറിപ്പറ്റാനായില്ല.

ധോണി ടെസ്റ്റിൽ നിന്ന് വിരമിച്ചതോടെ കഴിവ് തെളിയിച്ചുവന്ന യുവതാരം വൃദ്ധിമാൻ സാഹയ്ക്കാണ് സെലക്ടർമാർ അവസരം നൽകിയത്. കാർത്തിക്കിന്റെ സാദ്ധ്യത അന്നു തന്നെ പലരും സെലക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ അവർ സാഹയിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. ആ വിശ്വാസം സാഹയും ഇക്കാലം വരെ കാത്തു. ഇപ്പോൾ സാഹയ്ക്കേറ്റ പരിക്കാണ് കാർത്തിക്കിനെ വീണ്ടും ഇന്ത്യയുടെ സീനിയർ ടെസ്റ്റ് ടീമിൽ എത്തിച്ചത്.

ഇന്ത്യക്കു വേണ്ടി ഏകദിന-ട്വന്റിട്വന്റി ക്രിക്കറ്റ് ഫോർമാറ്റുകളിൽ മികച്ച പ്രകടനങ്ങൾ നടത്താൻ ഈ നീണ്ട കാലഘട്ടത്തിനിടയിൽ ദിനേഷ് കാർത്തിക്കിന് സാധിച്ചിരുന്നു. ഈ വർഷം തുടക്കത്തിൽ ശ്രീലങ്കയിൽ നടന്ന നിദാഹാസ് ത്രിരാഷ്ട്ര ട്വന്റിട്വന്റി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലി അവസാന ഓവറിലെ അവസാന പന്തിൽ വിജയിക്കാൻ വേണ്ട ആറു റൺസ് തകർപ്പനൊരു സിക്സറിലൂടെ നേടിയ കാർത്തിക്ക് വീണ്ടും ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായി. തുടർന്ന് ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി തിളങ്ങിയ താരത്തിന് ബാറ്റിംഗിലും നന്നായി സ്കോർ ചെയ്യാൻ കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *