പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് യു.എ.ഇയിൽ വിലക്ക്

Cricket News Sports

യു.എ.ഇയിൽ നടക്കുന്ന ട്വന്റിട്വന്റി ലീഗിൽ കളിക്കുന്നതിന് പാകിസ്ഥാൻ താരങ്ങൾക്ക് വിലക്ക്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) തന്നെയാണ് വിലക്കേർപ്പെടുത്തിയത്. എന്നാൽ ബോർഡുമായി കരാറിലുള്ള പാകിസ്ഥാനിൽ നിന്നുള്ള താരങ്ങൾക്കു മാത്രമാണ് വിലക്കെന്നാണ് പാക് ബോർഡിന്റെ വിശദീകരണം.

അതേസമയം പി.സി.ബിയുടെ നേതൃത്വത്തിൽ നടക്കുന്ന പാകിസ്ഥാൻ ക്രിക്കറ്റ് ലീഗിന്റെ (പി.എസ്.എൽ) പകിട്ട് കുറയുമോ എന്ന ആശങ്കയാണ് യു.എ.ഇയിൽ നടക്കുന്ന ലീഗിൽ നിന്ന് പാക് താരങ്ങളോട് പിന്മാറാൻ പറയുന്നതിന്റെ പിന്നിലെന്നാണ് മനസ്സിലാകുന്നത്. ഐ.പി.എൽ മാതൃകയിൽ ആരംഭിച്ച പി.എസ്.എൽ കഴിഞ്ഞ് മൂന്നു തവണയും വിജയകരമായി പൂർത്തിയാക്കാൻ പാക് ബോർഡിനു കഴിഞ്ഞിരുന്നു.

പാകിസ്ഥാന്റെ ഹോം മത്സരങ്ങളെല്ലാം 2008 മുതൽ യു.എ.ഇയിലാണ് നടന്നുവന്നിരുന്നത്. ഈ വർഷം മുതൽ മാത്രമാണ് വിൻഡീസ്, ശ്രീലങ്ക തുടങ്ങിയ ടീമുകൾ പാകിസ്ഥാനിലേക്ക് പര്യടനത്തിനായി എത്തിയത്. പാക് മണ്ണിലേക്ക് വരാൻ ഇനിയും തയ്യാറാകാത്ത രാഷ്ട്രങ്ങളുമായി യു.എ.ഇയിൽ തന്നെയായിരിക്കും പാകിസ്ഥാന്റെ മത്സരങ്ങൾ നടക്കുക.

യു.എ.ഇ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ അടുത്ത സീസൺ ആരംഭിക്കുന്ന സമയത്തു തന്നെയാണ് പാകിസ്ഥാന്റെ ന്യൂസിലാന്റിനെതിരായ പരമ്പര. തങ്ങളുടെ ഹോം മത്സരങ്ങൾ നടക്കുന്ന സമയത്തു തന്നെ അവിടെ മറ്റു മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ പി.സി.ബിക്ക് വലിയ താൽപര്യമില്ല. അതേസമയം യു.എ.ഇയിൽ വിചാരിച്ച പോലെ മത്സരം നടത്താൻ കഴിഞ്ഞില്ലെങ്കിൽ മലേഷ്യയിലേക്ക് തങ്ങളുടെ ഹോം മത്സരങ്ങൾ മാറ്റാൻ പി.സി.ബി അധികൃതർക്ക് പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *