കഴിഞ്ഞ കാൽനൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീം; ഇന്ത്യയിൽ നിന്ന് സച്ചിനും സെവാഗും

Cricket News Sports

കഴിഞ്ഞ കാൽനൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഇ.എസ്.പി.എൻ. ഇന്ത്യയിൽ നിന്നും സച്ചിനും സെവാഗിനും ടീമിലിടം കിട്ടി. ടീമിൽ അഞ്ച് ഓസീസ് താരങ്ങളും ശ്രീലങ്ക, പാകിസ്ഥാൻ, വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നും ഒരു വീതം താരങ്ങളും സ്ഥാനം നേടി. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ നാലാം നമ്പർ ബാറ്റ്സ്മാനായാണ് ടീമിലുള്ളത്. സച്ചിന്റെ ടെസ്റ്റിലെ സ്ഥിരം സ്ഥാനവും നാലാമതായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിലും വെടിക്കെട്ട് തീർത്ത മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് ഓസീസിന്റെ മാത്യു ഹെയ്ഡനൊപ്പം ഓപ്പണിംഗ് ബാറ്റ്സ്മാനായാണ് ടീമിലിടം നേടിയത്. മൂന്നാമനായി മുൻ ഓസീസ് ക്യാപ്റ്റൻ കൂടിയായിരുന്ന റിക്കി പോണ്ടിംഗും അഞ്ചാമതായി വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയും സ്ഥാനം നേടി. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ഓൾറൌണ്ടർ ജാക്വസ് കാലിസ് ആറാം നമ്പർ ബാറ്റ്സ്മാനാണ്. ഏഴാം നമ്പർ ബാറ്റ്സ്മാൻ ഓസ്ട്രേലിയയുടെ വെടിക്കെട്ട് താരമായിരുന്ന വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ ആദം ഗിൽക്രിസ്റ്റാണ്.

നാല് സ്പെഷ്യലിസ്റ്റ് ബൌളർമാരാണ് ടീമിലുള്ളത്. രണ്ട് പേസർമാരും രണ്ട് സ്പിന്നർമാരും. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്വിങ്ങ് ബൌളറായ മുൻ പാക് താരം വസീം അക്രം ആണ് ഒരു ബൌളർ. മറ്റൊരു ബൌളർ ഓസീസ് ഇതിഹാസ ഫാസ്റ്റ് ബൌളർ ഗ്ലെൻ മക്ഗ്രാത്താണ്. തങ്ങളുടെ പ്രതാപകാലത്ത് പരസ്പരം വിക്കറ്റ് വേട്ടയിൽ കടുത്ത മത്സരം നടത്തയിരുന്ന ഓസീസ് താരം ഷെയിൻ വോണും ലങ്കൻ താരം മുത്തയ്യ മുരളീധരനുമാണ് ടീമിലെ സ്പിന്നർമാർ.

Leave a Reply

Your email address will not be published. Required fields are marked *