യുവതാരങ്ങൾ തിളങ്ങിയ ഐ.പി.എൽ; ഐ.പി.എൽ 2018 ലെ മികച്ച യുവതാരങ്ങൾ

Cricket IPL 2018 News Sports

ഐ.പി.എല്ലിൽ ഇക്കുറിയും നിരവധി യുവതാരങ്ങളാണ് മികച്ച പ്രകടനങ്ങളുമായി കളംവാണത്. പരിചയമ്പന്നരായ പല താരങ്ങളും പ്രതീക്ഷക്കൊത്തുയരാതെ വന്നപ്പോൾ യുവതാരങ്ങൾ ഉത്തരവാദിത്തമേറ്റെടുത്ത് മികച്ച പ്രകടനങ്ങളാണ് ഈ ഐ.പി.എല്ലിലെ യുവതാരങ്ങൾ കാഴച്ചവച്ചത്. നിർണായക ഘട്ടങ്ങളിൽ സമ്മർദങ്ങളെ അതിജീവിച്ച് വിജയം വരെയും പോരാടുന്ന താരങ്ങളും ഇതിലുണ്ടായിരുന്നു. പതിനൊന്നാം സീസണായ ഐ.പി.എൽ 2018 ലെ ചില മികച്ച യുവതാരങ്ങളുടെ അവലകോനമാണിവിടെ.

റാഷിദ് ഖാൻ

ഐ.പി.എൽ 2018 ലെ ഏറ്റവും മികച്ച യുവതാരം ആരെന്ന ചോദ്യത്തിന് ആദ്യ ഉത്തരം തീർച്ചയായും 19 കാരനായ ഈ അഫ്ഗാനിസ്ഥാൻ യുവാവിന്റേതാണ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഫൈനൽ വരെയുള്ള കുതിപ്പിൽ റാഷിദ് ഖാന്റെ പങ്കിനെ കുറിച്ച് ആർക്കും തർക്കമുണ്ടാകില്ല. വിക്കറ്റെടുക്കാനും മധ്യ ഓവറുകളിൽ എതിർ ടീമിന്റെ റണ്ണൊഴുക്ക് ഗണ്യമായി കുറക്കാനും റാഷിദ് കാണിക്കുന്ന മിടുക്ക് അഭിനന്ദനാർഹമാണ്. ബൌളിംഗിനു പുറമെ ഫീൽഡിംഗിലും ബാറ്റിങ്ങിലും തനിക്ക് അത്ഭുതങ്ങൾ കാണിക്കാനാകുമെന്ന് താരം പല മത്സരങ്ങളിലും തെളിയിച്ചു.

മികച്ച വ്യക്തിഗത പ്രകടനങ്ങൾ നടത്തുമ്പോഴും ഒരു തികഞ്ഞ ടീം മാനാണ് ഈ അഫ്ഗാൻ യുവാവ്. സീസണിന്റെ ആരംഭത്തിൽ സൺറൈസേഴ്സിന്റെ പ്രധാന ബൌളർ ഭുവനേശ്വർ കുമാർ പരിക്കേറ്റ് കളിക്കാതെ വന്നപ്പോൾ ആ വിടവ് നികതത്തുന്ന വിധത്തിലായിരുന്നു റാഷിദ് ഖാന്റെ പ്രകടനം. 17 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകളെടുത്ത താരം വിക്കറ്റു വേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തും എത്തി. ഓവറിൽ 6.74 എന്ന കണക്കിലാണ് താരം റൺ വിട്ടുകൊടുത്തത്. ആദ്യം ബാറ്റു ചെയ്ത് കുറഞ്ഞ സ്കോർ സ്വന്തമാക്കുമ്പോഴും സൺറൈസേഴ്സിന് വിജയപ്രതീക്ഷ നൽകിയത് റാഷിദ് ഖാൻ നയിക്കുന്ന ബൌളിംഗ് നിരയുടെ അച്ചടക്കുവും ആക്രമണമികവുമായിരുന്നു.

പൃഥ്വിഷാ

രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിനു കീഴിൽ അണ്ടർ-19 ഇന്ത്യൻ ടീം ഇത്തവണത്തെ ഏകദിന ലോകകപ്പ് ഉയർത്തിയത് വലിയ വാർത്തയായിരുന്നു. ഫൈനൽ വരെ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച്ചവച്ചും ഫീൽഡിൽ തന്ത്രങ്ങൾ മെനഞ്ഞും ഒരു ബാറ്റ്സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഒരുപോലെ തിളങ്ങിയ താരമായിരുന്നു പൃഥ്വിഷാ. അണ്ടർ-19 ലോകകപ്പിലെ മികച്ച പ്രകടനം താരത്തെ ഇത്തവണത്തെ ഐ.പി.എൽ താരലേലത്തിൽ ഡൽഹി ടീമിലെത്തിച്ചു. ലീഗിലെ അവസാന സ്ഥാനക്കാരായി പുറത്താകുമ്പോഴും സ്വന്തം പേരിൽ മികച്ച റെക്കോർഡുണ്ടാക്കാൻ സാധിച്ചതാണ് പൃഥ്വിഷായുടെ നേട്ടം.

ഡൽഹി ഡെയർ ഡെവിൾസ് നിരന്തരം പരാജയങ്ങളേറ്റുവാങ്ങി പ്രതീക്ഷകളവസാനിച്ച സമയത്താണ് താരത്തെ കളിപ്പിക്കാൻ ടീം മാനേജ്മെന്റും കോച്ച് റിക്കി പോണ്ടിംഗും തീരുമാനിക്കുന്നത്. കിട്ടിയ അവസരം നന്നായി ഉപയോഗിച്ച താരം തന്റെ രണ്ടാം മത്സരത്തിൽ തന്നെ അർദ്ധസെഞ്ച്വറി നേടി റെക്കോർഡിട്ടു. ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും റിഷഭ് പന്തിനുമൊപ്പം പൃഥ്വിഷാക്കും മികച്ച ഇന്നിങ്സുകൾ കളിക്കാനായതോടെ ഡൽഹിക്ക് കുറഞ്ഞ മത്സരങ്ങളിലെങ്കിലും വിജയിക്കാനായി. 9 മത്സരങ്ങളിൽ 245 റൺസാണ് താരം ഈ സീസണിൽ സ്വന്തമാക്കിയത്. 153. 12 ആണ് സ്ട്രൈക്ക് റേറ്റ്. വരും സീസണുകളിലും മികച്ച പ്രകടനം നടത്തിയാൽ ഇന്ത്യൻ ടീമിലേക്കുള്ള വിളിയും ഉടനെയുണ്ടാകും.

ശിവം മാവി

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പേസർമാർ വളർന്നു വരുന്നതിന്റെ ലക്ഷണമാണ് ശിവം മാവിയെന്ന ബൌളറുടെ ഈ സീസണിലെ പ്രകടനം. 9 മത്സരങ്ങൾ കളിച്ച താരത്തിന് 5 നിർണായക വിക്കറ്റുകൾ മാത്രമാണ് നേടാനായത്. എങ്കിലും ആരേയും അമ്പരപ്പിക്കുന്ന പേസും ലെങ്തുമാണ് ഈ കൌമാര താരത്തെ സവിശേഷമാക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ ശിവം മാവി കിങ്സ് ഇലവൻ പഞ്ചാബിനെതിരെ നടത്തിയ ബൌളിംഗ് പ്രകടനം ഇന്നും ആരും മറക്കാനിടയില്ല. ഉഗ്രൻ ഫോമിലുള്ള യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയിലിനെ വെള്ളം കുടിപ്പിച്ച ആ സ്പെൽ താരത്തിന്റെ പ്രതിഭ തെളിയിക്കുന്നതായിരുന്നു.

ഡൽഹിക്കെതിരായ മത്സരത്തിൽ ശ്രേയസ് അയ്യർ ഒരോവറിൽ 28 റൺസിന് ശിക്ഷിച്ചിട്ടും അതേ മത്സരത്തിലെ ഒരു നിർണായകമായ ഓവർ മാവിക്ക് നൽകാൻ ക്യാപ്റ്റൻ കാർത്തിക് തയ്യാറായി. മാവിയുടെ പന്തിന് അത്ഭുതങ്ങൾ കാണിക്കാനറിയാമെന്ന് ക്യാപ്റ്റന് തികഞ്ഞ വിശ്വാസമുണ്ടായിരുന്നു. അണ്ടർ-19 കിരിടനേട്ടത്തിൽ മാവിയും നിർണായക പങ്കുവഹിച്ചിരുന്നു.

ശുബ്മാൻ ഗിൽ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇത്തവണ ഒന്നിലധികം അണ്ടർ-19 താരങ്ങളെയാണ് തങ്ങളുടെ ക്യാമ്പിലെത്തിച്ചത്. ആ ശ്രമം പാഴായില്ലെന്നതിന് ഉത്തമ ഉദാഹരണമാണ് ശുബ്മാൻ ഗിൽ എന്ന വലംകയ്യൻ സ്റ്റൈലിഷ് ബാറ്റ്സ്മാന്റെ ഈ സീസണിലെ പ്രകടനം. ആദ്യ ഘട്ടങ്ങളിൽ ഓപ്പണറായാണ് താരത്തെ പരിഗണിച്ചിരുന്നത്. ശരാശരി പ്രകടനം മാത്രമാണ് ഈ ഘട്ടത്തിൽ താരത്തിന് നടത്താനായത്. പിന്നീട് ടീമിലെ അഴിച്ചുപണിയുടെ ഭാഗമായി താരത്തെ ബാറ്റിംഗ് ഓർഡറിൽ താഴേക്കിറക്കാനുള്ള തീരുമാനമാണ് താരത്തിന് ഗുണമായത്.

കരുത്തരായ ചെന്നൈ സൂപ്പർകിങ്സിനെതിരെ ഹോം ഗ്രൌണ്ടായ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ നാലാമനായിറങ്ങിയ ഗിൽ എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്. ദിനേഷ് കാർത്തിക്കുമായി ചേർന്നുണ്ടാക്കിയ കൂട്ടുകെട്ട് വിജയം വരെ തുടർന്നു. ചെന്നൈ ക്യാപ്റ്റൻ ധോണി ബൌളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും തോൽക്കുമെന്ന് തോന്നിച്ച കളി അനായാസമാണ് കൊൽക്കത്ത ജയിച്ചുകയറിയത്. ഈ മത്സരത്തിൽ ഗിൽ അപരാജിത അർദ്ധസെഞ്ച്വറിയും നേടി. മനോഹരമായ ഷോട്ടുകളെക്കൊണ്ട് സമ്പന്നമായിരുന്നു ആ ഇന്നിങ്സ്. ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 33.83 ശരാശരിയിൽ 203 റൺസാണ് താരം നേടിയത്. പുറത്താകാതെ നേടിയ 57 റൺസാണ് ഉയർന്ന സ്കോർ.

ഇഷൻ കിഷൻ

ഈ സീസണിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഇന്ത്യൻ കൌമാരതാരം തീർച്ചയായും ഇഷൻ കിഷനാണ്. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് താരമായിരുന്ന ഇഷനെ ഇത്തവണ 6.2 കോടി രൂപക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. തനിക്കു വേണ്ടി വൻതുക മുടക്കാൻ തയ്യാറായ മുംബൈ ഇന്ത്യൻസിനോട് അത്രത്തോളം ഉത്തരവാദിത്തവും ഈ 19 കാരനുണ്ടായിരുന്നു. കണക്കു കൂട്ടലുകൾ തെറ്റിയില്ല. തന്റെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ താരം തന്റെ പ്രതിഭ മുഴുവൻ പുറത്തെടുത്തു കളിച്ചു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 21 പന്തിൽ 62 റൺസ് നേടി മാച്ച് വിന്നിംഗ് ഇന്നിങ്സ് കാഴ്ച്ചവച്ച ഇഷൻ കിഷൻ തന്റെ ശേഷിയെന്തെന്ന് തെളിയിച്ചു. ഓപ്പണറായും മൂന്നാമനായും നാലാമനായും ഒക്കെ ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ പരീക്ഷിക്കാൻ മുംബൈക്കായി. മിക്ക മത്സരങ്ങളിലും തരക്കേടില്ലാതെ സ്കോർ ചെയ്യാനും സാധിച്ചു. 14 മത്സരങ്ങളിൽ 275 റൺസാണ് താരത്തിന്റെ സമ്പാദ്യം.

വാഷിങ്ടൺ സുന്ദർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അശ്വിന്റെ സ്ഥാനം ഏറ്റെടുത്ത് മികച്ച പ്രകടനം കാഴ്ച്ചവക്കുന്ന താരമാണ് നിലവിൽ വാഷിങ്ടൺ സുന്ദർ. ഐ.പി.എല്ലിനു തൊട്ടുമുമ്പ് ശ്രീലങ്കയിൽ നടന്ന നിദാഹാസ് ട്രോഫിയിൽ മാൻ ഓഫ് ദ സീരിസായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു തമിഴ്നാട്ടുകാരനായ ഈ കൌമാരതാരം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിലാണ് ഈ സീസണിൽ താരം കളത്തിലിറങ്ങിയത്. ബംഗളുരു നായകൻ കോഹ്ലിയുടെ വിശ്വസ്ത ബൌളറാകാൻ താരത്തിനു കഴിഞ്ഞെങ്കിലും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. ശരാശരി പ്രകടനം മാത്രം കാഴ്ച്ചവച്ച ബംഗളൂരുവിൽ അവസാന മത്സരങ്ങളിൽ താരം പുറത്തിരിക്കേണ്ടിയും വന്നു. ഇംഗ്ലണ്ട് ഓൾറൌണ്ടർ മൊയീൻ അലിയാണ് താരത്തിന്റെ പകരം ടീമിൽ സ്ഥാനമുറപ്പിച്ചത്. 7 മത്സരങ്ങളിൽ 4 വിക്കറ്റുകൾ മാത്രമാണ് താരത്തിന് നേടാനായതെങ്കിലും നിർണായക മത്സരങ്ങളിൽ തന്റെ ബാറ്റുകൊണ്ട് ടീമിന് സംഭാവന നൽകാൻ താരത്തിനായി.

സന്ദീപ് ലാമിച്ചാൻ

ഐ.പി.എല്ലിൽ കളിക്കുന്ന ആദ്യ നേപ്പാൾ ക്രിക്കറ്റ് താരമാണ് 17 കാരനായ സന്ദീപ് ലാമിച്ചാൻ. ഡൽഹി ഡെയർ ഡെവിൾസ് താരമായ സന്ദീപിന് പക്ഷേ ടീം നോക്കൌട്ട് റൌണ്ടിൽ പുറത്തായെന്ന് ഉറപ്പിക്കും വരെ കാത്തിരിക്കേണ്ടി വന്നു. അവസാന മൂന്നു മത്സരങ്ങളിൽ മാത്രമാണ് താരത്തെ മാനേജ്മെന്റ് ടീമിലുൾപ്പെടുത്തിയത്. ഡൽഹിക്ക് ഈ സീസണിൽ ആകെ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. അതിൽ രണ്ട് മത്സരങ്ങളിലെ വിജയത്തിൽ ഈ നേപ്പാൾ താരത്തിനും പങ്കുണ്ട്. മുംബൈ ഇന്ത്യൻസിനെതിരെ 36 റൺസ് വഴങ്ങി 3 വിക്കറ്റുകളെടുത്ത ഈ വലംകയ്യൻ ലെഗ് സ്പിന്നർ ടീമിന് വിജയം സമ്മാനിച്ചു. മൂന്ന മത്സരങ്ങളിൽ 5 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. 6.83 ആണ് ഇക്കോണമി.

മുജീബുർ റഹ്മാൻ

അഫ്ഗാനിസ്ഥാൻ സ്വദേശിയായ ഈ വലംകയ്യൻ ഓഫ് ബ്രേക്ക് ബൌളറുടെ മിടുക്കിൽ പല കളികളിലും കിങ്സ് ഇലവൻ പഞ്ചാബിന് കരകയറാനായി. കിങ്സ് ഇലവൻ ഓപ്പണർമാരായ ലോകേഷ് രാഹുലും ക്രിസ് ഗെയിലും ചേർന്ന് മികച്ച ടീം ടോട്ടൽ പടുത്തുയർത്തുന്നതോടെ മുജീബുർ റഹ്മാനും പേസർ ആൻഡ്ര്യൂ ടൈക്കും കാര്യങ്ങളൊക്കെ എളുപ്പമാകും. തുടക്കക്കാരെ ടൈ എറിഞ്ഞുടക്കുന്നതോടെ മധ്യ ഓവറുകളിലെ നിയന്ത്രണം മുജീബുർ റഹ്മാൻ ഏറ്റെടുക്കും. കിങ്സ് ഇലവന് വേണ്ടി മധ്യ ഓവറുകളിൽ റണ്ണൊഴുക്ക് തടയാനും വിക്കറ്റുകളെടുക്കാനും ഈ യുവതാരത്തിന് സാധിച്ചിട്ടുണ്ട്.

കൊൽക്കത്തക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് പിന്മാറും വരെ മുജീബുർ റഹ്മാനായിരുന്നു വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപിന്റെ അവകാശി. 11 മത്സരങ്ങളിൽ കിങ്സ് ഇലവനു വേണ്ടി പന്തെറിഞ്ഞ 17 കാരനായ താരം 14 വിക്കറ്റുകൾ സ്വന്തമാക്കി. 27 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളെടുത്തതാണ് മികച്ച ബൌളിംഗ് പ്രകടനം.

ഈ താരങ്ങളെ കൂടാതെ മറ്റു പല യുവതാരങ്ങളും ഈ സീസണിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുണ്ട്. ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോറും (128*) റൺവേട്ടയിൽ മുൻനിരയിലുമുണ്ടായിരുന്ന ഡൽഹിയുടെ റിഷഭ് പന്ത് അതിൽ പ്രധാനിയാണ്. മലയാളിതാരം സഞ്ജുസാംസൺ ആദ്യ മത്സരങ്ങളിൽ രാജസ്ഥാനു വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവച്ചെങ്കിലും പിന്തുണക്കാൻ ആളില്ലാതായതോടെ താരവും മങ്ങി. തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ 92 റൺസ് നേടാണ് സഞ്ജുവിന് കഴിഞ്ഞിരുന്നു. കൊൽക്കത്തക്കെതിരായ അവസാന മത്സരത്തിലും രാജസ്ഥാന്റെ ടോപ് സ്കോറർ സഞ്ജുവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *