ആരാണീ ഇയാൻ ചാപ്പൽ? ഓസീസ് ഇതിഹാസത്തിനെതിരെ പരിഹാസവുമായി ക്രിസ് ഗെയിൽ

Cricket IPL 2018 News Sports

ഓസീസ് ഇതിഹാസ ക്രിക്കറ്റർ ഇയാൻ ചാപ്പലിനെതിരെ പരിഹാസവുമായി വെസ്റ്റിൻഡീസ് സ്റ്റാർ ബാറ്റ്സ്മാൻ ക്രിസ് ഗെയിൽ. മുംബൈ മിററിലെ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനുത്തരമായാണ് “ആരാണീ ഇയാൻ ചാപ്പൽ?” എന്ന പരിഹാസപൂർവ്വമുള്ള മറുപടി താരം നൽകിയത്. രണ്ടു വർഷം മുമ്പു നടന്നൊരു സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിനുത്തരമായാണ് കിങ്സ് ഇലവൻ പഞ്ചാബിന്റെ താരംകൂടിയായ ക്രിസ് ഗെയിൽ ഇത്തരമൊരു മറുപടി നൽകിയത്.

ഓസ്ട്രേലിയയിൽ 2016 ൽ നടന്ന ബിഗ് ബാഷ് ലീഗിനിടെ ക്രിസ് ഗെയിൽ ഒരു വനിതാ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നൊരു റിപ്പോർട്ടുണ്ടായിരുന്നു. ഓസീസ് ക്രിക്കറ്റിലെ സീനിയർ താരമായ ഇയാൻ ചാപ്പൽ അന്ന് ഈ ഗെയിലിനെതിരെ രൂക്ഷ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ക്രിസ് ഗെയിലിനെ ബിഗ്ബാഷിൽ നിന്ന് മാത്രമല്ല ലോകത്തെ ഒരു ടൂർണമെന്റിലും പങ്കെടുപ്പിക്കരുതെന്ന കടുത്ത ആവശ്യമാണ് ചാപ്പൽ അന്ന് മുന്നോട്ടുവച്ചത്. ക്രിക്കറ്റ് ഓസ്ട്രേലിയയോട് അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ഈ സംഭവത്തിൽ ക്ഷമാപണവുമായി ഗെയിൽ രംഗത്തെത്തിയിരുന്നു.

ഓസ്ട്രേലിയയിലെ ബിഗ്ബാഷ് ലീഗിൽ ബാറ്റു ചെയ്യുന്ന ക്രിസ് ഗെയിൽ

വെസ്റ്റിൻഡീസ് ദേശീയ ടീമിൽനിന്നും ബോർഡ് അധികൃതരുമായുള്ള വരുമാനത്തർക്കത്തിൽ പുറത്തായ താരം വിവിധ രാജ്യങ്ങളിൽ നടക്കുന്ന ടൂർണമെന്റുകളിൽ കളിച്ചുകൊണ്ടാണ് ക്രിക്കറ്റ് കരിയർ തുടർന്നത്. ഫെബ്രുവരിയിൽ നടന്ന ഈ വർഷത്തെ ഐ.പി.എല്ലിന്റെ താരലേലത്തിൽ അവസാനം വരെ ക്രിസ് ഗെയിലിനായി ഒരു ടീമും മുന്നോട്ടുവന്നില്ല. എന്നാൽ ടൂർണമെന്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ടീം മെന്ററായ വീരേന്ദർ സെവാഗിന്റെ നിർദേശപ്രകാരം പ്രീതി സിന്റയുടെ കിങ്സ് ഇലവൻ പഞ്ചാബ് താരത്തെ സ്വന്തമാക്കുന്നത്.

ഐ.പി.എല്ലിൽ തന്റെ പ്രതാപകാലം മാഞ്ഞുപോയിട്ടില്ലെന്ന് തെളിയിക്കാനും ഗെയിലിനായി. യൂണിവേഴ്സൽ ബോസെന്ന തന്റെ ആരാധകരുടെ വിളിപ്പേരിനെ അന്വർത്ഥമാക്കുംവിധം ഗെയിൽ ബൌളർമാരെ അമ്മാനമാടി. പഞ്ചാബിനായി ഒരു തകർപ്പൻ സെഞ്ച്വറിയടക്കം 11 മത്സരങ്ങളിൽ 368 റൺസെടുത്തിരുന്നു ഇക്കുറി ഈ താരം. പഞ്ചാബിന്റെ രണ്ടാമത്തെ റൺവേട്ടക്കാരനും ഗെയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *