വാട്സൺ അജയ്യൻ! പതറാത്ത പോരാട്ടവീര്യത്തിൽ പിറന്നത് ഈ സീസണിലെ രണ്ടാമത്തെ വെടിക്കെട്ട് സെഞ്ച്വറി

Cricket IPL 2018 News Sports

പ്രതിഭാധനരായ ഒരുപിടി താരങ്ങൾ അണിനിരക്കുന്ന ചെന്നൈ സൂപ്പർകിങ്സിലെ അവിഭാജ്യഘടകമാണ് ഓസ്ട്രേലിയൻ ക്രിക്കറ്റർ ഷെയ്ൻ വാട്സൺ. ബാറ്റുകൊണ്ടും ബോളുകൊണ്ടും ടീമിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന താരമാണ് വാട്സൺ. ഫൈനലിൽ സൺറൈസേഴ്സിനെതിരെ ഈ സീസണിലെ തന്റെ രണ്ടാമത്തെ സെഞ്ച്വറിയാണ് വാട്സൺ നേടിയത്. ഐ.പി.എല്ലിന്റെ ഈ സീസണിൽ ഇതുവരെ 15 മത്സരങ്ങളിൽ 555 റൺസും ആറ് വിക്കറ്റുകളും നേടിയിട്ടുണ്ട് ഈ ഓസ്ട്രേലിയൻ താരം.

ഫൈനലിലെ താരത്തിന്റെ പ്രകടനത്തെ വാനോളം പുകഴത്തിക്കൊണ്ട് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. തുടക്കത്തിൽ റണ്ണെടുക്കാൻ നന്നേ വിഷമിച്ച താരത്തിന്റെ പ്രകടനം കണ്ടപ്പോൾ വലിയ സംഭാവന നൽകാതെ പെട്ടെന്ന് പുറത്താകുമെന്നാണ് ആദ്യം കരുതിയത്. ഭുവനേശ്വർ കുമാർ അക്ഷരാർത്ഥത്തിൽ വാട്സണിനെ ചുറ്റിവരിഞ്ഞു. ആദ്യ പത്ത് പന്തിൽ ഒരു റൺ നേടാൻ പോലും താരത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് പതിയെ താളം കണ്ടെത്തിയ താരം പിന്നീട് അടിച്ചുതകർക്കുന്ന കാഴ്ച്ചയാണ് വാംഖഡെ സ്റ്റേഡിയം കണ്ടത്.

ഐ.പി.എല്ലിന്റെ ഇതുവരെയുള്ള സീസണുകളിൽ ആകെ 117 മത്സരങ്ങളിൽ കളിച്ച താരം നാല് സെഞ്ച്വറിനേട്ടം ഉൾപ്പെടെ 3177 റൺസാണ് വാട്സന്റെ സമ്പാദ്യം. 92 വിക്കറ്റുകളും നേടിയിട്ടുണ്ട്. മൂന്ന് സീസണുകളിൽ 400 ന് മുകളിൽ സ്കോർ ചെയ്യാൻ താരത്തിനായിട്ടുണ്ട്. 2008 ലും (472), 2013 ലും (543), 2018 ലും (555) ആണ് ഇത്. 2016 ൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റുകളെടുത്തതാണ് മികച്ച ബൌളിംഗ് പ്രകടനം.

ചെന്നൈ ക്യാപ്റ്റൻ ധോണിക്കു കീഴിൽ ഏറെ സ്വാതന്ത്ര്യത്തോടെയാണ് വാട്സണും മറ്റ് ടീമംഗങ്ങളും കളിക്കുന്നത്. ക്യാപ്റ്റന്റെ പിന്തുണ തന്നെയാണ് തന്റെ പ്രോത്സാഹനമെന്നാണ് വാട്സണും താരങ്ങളും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *