രാജകീയം ഈ തിരിച്ചുവരവ്; ധോണി അജയ്യൻ! ചാണക്യതന്ത്രങ്ങൾ വീണ്ടും ഫലിച്ചു

Cricket IPL 2018 News Sports

രണ്ട് വർഷത്തെ വിലക്കു കഴിഞ്ഞ ശേഷമാണ് ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണത്തെ ഐ.പി.എല്ലിനെത്തിയത്. എന്നാൽ അതിന്റെ യാതൊരു ഭാവവ്യത്യാസങ്ങളും ക്യാപ്റ്റനിലോ ടീമംഗങ്ങളിലോ ആരാധകർക്കിടയിലോ ഉണ്ടായിരുന്നില്ല. അശ്വിനടക്കം ടീമിലെ സുപ്രധാന താരങ്ങൾ മറ്റു ഐ.പി.എൽ ടീമുകളി ചേക്കേറിയെങ്കിലും പഴയ ഒത്തിണക്കത്തോടെ തന്നെ ആരാധകരെ ആവേശഭരിതരാക്കി ധോണിയും കൂട്ടരും മുന്നേറി. കുറെ കാലങ്ങൾക്കു ശേഷം പഴയ തലൈവ ധോണിയെ ഓർമിപ്പിക്കുന്ന വിധത്തിൽ ക്യാപ്റ്റന്റെ മാസ്മരിക ഇന്നിങ്സുകൾക്കും ഇത്തവണ ഐ.പി.എൽ സാക്ഷ്യം വഹിച്ചു.

ക്യാപ്റ്റൻ ധോണിയുടെ സാന്നിധ്യം കൊണ്ടുതന്നെയാണ് ചെന്നൈ സൂപ്പർകിങ്സ് ആകർഷിക്കപ്പെടുന്നത്. ടീമംഗങ്ങളെ മുഴുവൻ ഒറ്റക്കെട്ടായി അണിനിരത്താനും പ്രതിഭയ്ക്കനുസരിച്ച് തന്റെ തന്ത്രങ്ങൾ പ്രയോഗിക്കാനും ധോണിയോളം പോന്ന ഒരു ക്യാപ്റ്റനും ഇന്ന് ലോകത്തില്ല. നിർണായക നിമിഷങ്ങളിൽ താരങ്ങളെ വിശ്വാസത്തിലെടുത്ത് പൂർണ സ്വാതന്ത്ര്യം നൽകുന്ന ധോണിയുടെ സമീപനം ഒട്ടേറെ വിജയങ്ങളാണ് ടീമിന് സമ്മാനിച്ചത്. ഇത്തവണത്തെ ചെന്നൈയുടെ കിരീടനേട്ടത്തിലൂടെ.ക്യാപ്റ്റൻ ധോണിയുടെ തന്ത്രങ്ങൾ ഒരിക്കൽകൂടി വിജയം കണ്ടിരിക്കുകയാണ്.

തങ്ങളുടെ പ്രതാപകാലം അവസാനിച്ചിട്ടില്ലെന്ന് ഈ സീസണിലെ പ്രകടനംകൊണ്ട് തെളിയിക്കാൻ സൂപ്പർകിങ്സിനായി. ആദ്യ റൌണ്ട് മത്സരങ്ങളിൽ സൺറൈസേഴ്സിന് തൊട്ടുപിറകിലായി രണ്ടാമതായാണ് ചെന്നൈ പ്ലേ ഓഫിലേക്ക് പ്രവേശിച്ചത്. പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറിൽ സൺറൈസേഴ്സിനെ ചെന്നൈ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. അന്ന് ചെന്നൈ ബാറ്റ്സ്മാന്മാരെ സൺറൈസേഴ്സ് ബൌളർമാർ വെള്ളം കുടിപ്പിച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻകൂടിയായ ഓപ്പണർ ഡുപ്ലെസിസിന്റെ തകപ്പൻ ബാറ്റിംഗാണ് വിജയമുറപ്പിച്ചത്.

ആദ്യ ക്വാളിഫയറിൽ സൺറൈസേഴ്സിനെതിരെ ബാറ്റു ചെയ്യുന്ന ഡുപ്ലെസിസ്. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന്റെ അവസരോചിത ബാറ്റിംഗാണ് ചെന്നൈയെ രക്ഷപ്പെടുത്തിയത്

ഇത്തവണ തുടക്കത്തിലെ മൂന്ന് ഓവറുകളൊഴികെ പിന്നീടൊരിക്കൽപോലും ചെന്നൈ ബാറ്റ്സ്മാന്മാരെ അലോസരപ്പെടുത്താൻ സൺറൈസേഴ്സ് ബൌളർമാർക്കായില്ല. ഏകപക്ഷീയമായ വിജയം തന്നെയായിരുന്നു ഫൈനലിൽ ചെന്നൈയുടേത്. 32 റൺസെടുത്ത സുരേഷ് റൈനക്കൊപ്പം 117 റൺസാണ് രണ്ടാം വിക്കറ്റിൽ ഷെയ്ൻ വാട്സൺ പടുത്തുയർത്തിയത്. തുടക്കത്തിൽ പതറിയ വാട്സൺ പിന്നീട് ബൌളർമാർക്കു മേൽ ആധിപത്യം പുലർത്തി. 13-ാം ഓവറിൽ സന്ദീപ് ശർമയെ തുടർച്ചയായി മൂന്ന് സിക്സറുകളടിച്ച വാട്സൺ സൺറൈസേഴ്സിന്റെ വിജയപ്രതീക്ഷയെ തച്ചുതകർത്തു.

Leave a Reply

Your email address will not be published. Required fields are marked *