വാട്സന്റെ തകർപ്പൻ സെഞ്ച്വറിയിൽ ഐ.പി.എൽ കിരീടമണിഞ്ഞ് ചെന്നൈ സൂപ്പർകിങ്സ്

Cricket IPL 2018 News Sports

ഐ.പി.എൽ 2018 ന്റെ ഫൈനലിൽ സൺറൈസേഴ്സിനെ വിക്കറ്റിന് തോൽപിച്ച ചെന്നൈ സൂപ്പർകിങ്സിന് കിരീടം. ചെന്നൈ ഓപ്പണർ ഷെയ്ൻ വാട്സന്റെ തകർപ്പൻ സെഞ്ച്വറിയാണ് ചെന്നൈയെ കിരീടനേട്ടത്തിലേക്കെത്തിച്ചത്. സൺറൈസേഴ്സ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം ചെന്നൈ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒൻപത് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.

ഏകപക്ഷീയമായിരുന്നു ചെന്നൈയുടെ മൂന്നാം ഐ.പി.എൽ കിരീടവിജയം. തുടക്കത്തിൽ സൺറൈസേഴ്സ് ബൌളർ ഭുവനേശ്വർ കുമാറിന് മുമ്പിൽ പതറിയ ഷെയ്ൻ വാട്സൺ പിന്നീട് കൂറ്റനടികളിലൂടെ അരങ്ങുവാഴുന്നതാണ് കണ്ടത്. ഭുവനേശ്വർ കുമാറിന്റെ ആദ്യ പത്ത് പന്തിൽ ഒരു റൺ പോലും വാട്സണ് നേടാൻ കഴിഞ്ഞിരുന്നില്ല. തങ്ങളുടെ രണ്ടാം ഐ.പി.എൽ കിരീടനേട്ടമെന്ന സൺറൈസേഴ്സിന്റെ സ്വപ്നത്തിന് വാട്സൺ തടയിടുകയായിരുന്നു. ചെന്നൈയുടെ ഈ സീസണിലെ ടോപ് സ്കോററായ അമ്പാട്ടി റായ്ഡുവാണ് വിജയറൺ നേടിയത്.

സെഞ്ച്വറി തികച്ച ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന ഷെയ്ൻ വാട്സൺ
(കടപ്പാട്: iplt20.cpm)

പതിയെ നിലയുറപ്പിച്ച് മോശം പന്തുകളെ തെരഞ്ഞെടുത്ത് ശിക്ഷിക്കുന്ന തന്ത്രമാണ് ഫൈനലിൽ വാട്സൺ സ്വീകരിച്ചത്. 57 പന്തുകൾ നേരിട്ട വാട്സൺ എട്ട് കൂറ്റൻ സിക്സറുകളും പതിനൊന്ന് ഫോറുകളും സഹിതമാണ് പുറത്താകാതെ 117 റൺസെടുത്തത്. ഓപ്പണർ ഡുപ്ലെസിസ് 10 റൺസെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റിൽ റൈനക്കൊപ്പം (32) 117 റൺസിന്റെ കൂട്ടുകെട്ടാണ് വാട്സൺ പടുത്തുയർത്തിയത്. ഈ കൂട്ടുകെട്ടാണ് ചെന്നൈയുടെ വിജയത്തിന് കരുത്തു പകർന്നത്. അമ്പാട്ടി റായ്ഡു പുറത്താകാതെ 17 റൺസെടുത്തു.

വിജയറൺ നേടുന്ന അമ്പാട്ടി റായ്ഡു. ഈ സീസണിൽ ചെന്നൈയുടെ ഒട്ടുമിക്ക വിജയങ്ങളിലും ഈ താരത്തിന്റെ മികച്ച പ്രകടനങ്ങളുണ്ട്
(കടപ്പാട്: iplt20.cpm)

ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സിനായി ക്യാപ്റ്റൻ കെയ്ൻ വില്യംസണും (47) യൂസുഫ് പത്താനും (45*) മികച്ച പ്രകടനം കാഴ്ച്ചവച്ചു. അവസാന ഓവറുകളിൽ ബ്രാത്ത് വൈറ്റും പത്താനും നടത്തിയ വെടിക്കെട്ടാണ് സൺറൈസേഴ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. എന്നാൽ ആദ്യ റൌണ്ട് മത്സരങ്ങളിലെ പോലെ മികച്ച ബൌളിംഗ്-ഫീൽഡിംഗ് പ്രകടനങ്ങൾ നടത്താൻ കെയ്ൻ വില്യംസണിന്റെ ടീമിനായില്ല.

വിജയശിൽപികൾ: വാട്സണും റൈനയും ബാറ്റിംഗിനിടെ
(കടപ്പാട്: iplt20.cpm)

ഐ.പി.എൽ ഫൈനൽ മത്സരം സമാപിച്ചതോടെ ഇനി ചാമ്പ്യൻസ് ലീഗ് ട്വന്റിട്വന്റിയിലാകും ഐ.പി.എല്ലിലെ ആദ്യ മൂന്നു ടീമുകൾ മത്സരിക്കുക. ഇവർക്കു പുറമെ മറ്റു രാജ്യങ്ങളിലെ ട്വന്റിട്വന്റി ലീഗ് ചാമ്പ്യൻമാരും കളിക്കാനുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *